India - 2025
ക്രൈസ്തവോചിതമായ മൃതസംസ്കാരം ഒരുക്കിയ ഇരിങ്ങാലക്കുട ഇടവകയ്ക്കു അഭിനന്ദന പ്രവാഹം
പ്രവാചക ശബ്ദം 27-07-2020 - Monday
ഇരിങ്ങാലക്കുട: കോവിഡ് ബാധിച്ചു മരിച്ച വ്യക്തിക്ക് ക്രൈസ്തവോചിതമായ മൃതസംസ്കാരം ഒരുക്കിയ ഇരിങ്ങാലക്കുട രൂപതയിലെ സെന്റ് തോമസ് കത്തീഡ്രൽ നേതൃത്വത്തിന് സോഷ്യല്‍ മീഡിയായില്‍ അഭിനന്ദന പ്രവാഹം. ആരോഗ്യവകുപ്പിന്റെ പ്രോട്ടോകോൾ അനുസരിച്ചാണ് വൈദികരുടെയും ഇടവക പ്രതിനിധികളുടെയും യുവജനങ്ങളുടെയും നേതൃത്വത്തില്‍ മൃതസംസ്കാര ശുശ്രൂഷകള്‍ നടത്തിയത്. ഇന്നലെ കോട്ടയത്തു കോവിഡിനെ തുടര്‍ന്നു മരിച്ചയാളുടെ മൃതസംസ്കാരത്തിന് എതിര്‍പ്പുമായി ചിലര്‍ രംഗത്ത് വന്നത് വലിയ ചര്‍ച്ചാവിഷയമായിരിന്നു. ഇതേ ദിവസം തന്നെ, ആരോഗ്യ വകുപ്പിന്റെ എല്ലാ നിര്‍ദ്ദേശങ്ങളും പാലിച്ചുകൊണ്ട് ഇടവക നേതൃത്വം മൃതസംസ്ക്കാരം ഒരുക്കിയെന്നത് ശ്രദ്ധേയമാണ്. മൃതസംസ്കാര ശുശ്രൂഷകളിലുള്ള എല്ലാവിധ പ്രാര്‍ത്ഥനകളും നടത്തിയതിന് ശേഷമാണ് മൃതദേഹം അടക്കം ചെയ്തത്.
ഇടവക വികാരി ഫാ. ആന്‍റു ആലപ്പാടന്‍, സഹവൈദികരായ ഫാ. റീസ് വടാശ്ശേരി, ഫാ. ആല്‍ബിന്‍ പുന്നേലിപ്പറമ്പില്‍, ഫാ. സ്റ്റേണ്‍ കൊടിയന്‍ എന്നിവരും ഇടവകയിലെ യുവജനങ്ങളായ സുനിൽ, ഷൈമോൻ, സെന്തിൽ, മിഥുൻ, സുഭീഷ്, ജസ്റ്റിൻ എന്നിവർക്കും ഇടവക അംഗങ്ങൾക്കും അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നുവെന്ന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു. ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുവാൻ സഹായിച്ച ഹൃദയ പാലിയേറ്റിവ് കെയർ ട്രസ്റ്റിലെ തോമസ് കണ്ണമ്പിള്ളിയച്ചനും സഹപ്രവർത്തകർക്കും നന്ദി അറിയിക്കുന്നതായും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. ഇടവക നേതൃത്വത്തിന് അഭിനന്ദനം അറിയിച്ച് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവെയ്ക്കുന്നുണ്ട്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക