India - 2025
ആത്മീയ തിരുക്കര്‍മങ്ങളെ അവഹേളിക്കാനുള്ള ശ്രമങ്ങള്‍ അപലപനീയം: സീറോ മലബാര്‍ കുടുംബ കൂട്ടായ്മ സമിതി
07-08-2020 - Friday
കൊച്ചി: കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചു വിവിധ ഇടവകകളില്‍ നടത്തുന്ന ആത്മീയ തിരുക്കര്‍മങ്ങളെ ബോധപൂര്‍വം അവഹേളിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്നത് അപലപനീയമാണെന്ന് സീറോ മലബാര്‍ കുടുംബ കൂട്ടായ്മ സമിതി. തലശേരി അതിരൂപതയിലെ ചായ്യോത്ത് വിശുദ്ധ അല്‍ഫോന്‍സാ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കിടെ, ബലിയര്‍പ്പിച്ചിരുന്ന വൈദികനെ അള്‍ത്താരയില്‍നിന്നു വിളിച്ചിറക്കി കേസെടുത്തത് ന്യായീകരിക്കാനാവാത്തതാണ്. ഇതിനു പോലീസ് അധികാരികളെ നയിച്ച ചേതോവികാരം നമ്മുടെ മതേതര രാജ്യത്തിനുതന്നെ തീരാകളങ്കമാണ്.
കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചും നിയമവിധേയമായും നടത്തപ്പെടുന്ന വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിനെതിരേ അങ്ങിങ്ങായി ഉണ്ടാകുന്ന ഇത്തരം ദുഷ്പ്രവണതകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അധികാരികള്‍ ജാഗ്രത പുലര്‍ത്തണമെന്നും കേന്ദ്രസമിതി യോഗം പ്രതിഷേധ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.ചായ്യോത്ത് ഇടവകയ്ക്ക് പൂര്‍ണ പിന്തുണ യോഗം പ്രഖ്യാപിച്ചു. കുടുംബ കൂട്ടായ്മ ഡയറക്ടര്‍ റവ. ഡോ. ലോറന്‍സ് തൈക്കാട്ടില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഡോ. രാജു ആന്റണി, സെക്രട്ടറി ഡോ. ഡെയ്സന്‍ പാണേങ്ങാടന്‍ എന്നിവര്‍ പ്രസംഗിച്ചു.