Life In Christ - 2024

മാലിയില്‍ സ്വിറ്റ്സര്‍ലന്‍ഡ് സ്വദേശിനിയായ ക്രിസ്ത്യന്‍ മിഷ്ണറിയെ ഇസ്ലാമിക തീവ്രവാദികള്‍ കൊലപ്പെടുത്തി

പ്രവാചക ശബ്ദം 16-10-2020 - Friday

ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ മാലിയിലെ തിമ്പുക്ടുവില്‍ പ്രേഷിതവേലയില്‍ സജീവമായിരിന്ന സ്വിറ്റ്സര്‍ലന്‍ഡ് സ്വദേശിനിയായ ക്രിസ്ത്യന്‍ മിഷ്ണറിയെ മുസ്ലീം തീവ്രവാദികള്‍ കൊലപ്പെടുത്തി. അല്‍ക്വയ്ദയുമായി ബന്ധമുള്ള ജമാഅത്ത്-അല്‍ നാസര്‍ അല്‍-ഇസ്ലാം (ജെ.എന്‍.ഐ.എം) എന്ന തീവ്രവാദി സംഘടനയാണ് വടക്ക്-കിഴക്കന്‍ സ്വിറ്റ്സര്‍ലന്‍ഡിലെ ബാസെല്‍ സ്വദേശിനിയായ ബിയാട്രിസ് സ്റ്റോയ്ക്ക്ളിയെ ക്രൂരമായി കൊലപ്പെടുത്തിയത്. 2016 മുതല്‍ ബിയാട്രിസ് തീവ്രവാദികളുടെ പിടിയിലായിരിന്നു. കൊലപാതക വിവരം സ്വിറ്റ്സര്‍ലന്‍ഡ് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.

2012-ല്‍ ബിയാട്രിസിനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയിരുന്നുവെങ്കിലും ഇനി മാലിയിലേക്ക് തിരികെ വരരുത് എന്ന ഉപാധിയോടെ പിന്നീട് വിട്ടയച്ചിരിന്നു. എന്നാല്‍ 2016-ല്‍ വീണ്ടും പിടിയിലായി. 2016 ജനുവരി 8ന് പിക്ക്അപ്പ് വാനുകളില്‍ എത്തിയ ആയുധധാരികളായ തീവ്രവാദികള്‍ ബിയാട്രിസിനെ വീണ്ടും തട്ടിക്കൊണ്ടു പോവുകയായിരുന്നു. കറുത്ത തുണികൊണ്ട് മുഖം മറച്ച നിലയിലുള്ള ബിയാട്രിസിന്റെ വീഡിയോ പിറ്റേവര്‍ഷം പുറത്തുവിടുകയും ചെയ്തു. കഴിഞ്ഞ നാലു വര്‍ഷമായി ബിയാട്രിസിനെ മോചിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ മാലി സര്‍ക്കാരുമായി സഹകരിച്ച് നടത്തിവരികയായിരുന്നുവെന്നു ദുഃഖം പ്രകടിപ്പിച്ചുകൊണ്ടുള്ള പ്രസ്താവനയില്‍ സ്വിറ്റ്സര്‍ലന്‍ഡ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

സഹപൗര കൊല്ലപ്പെട്ട വിവരം ഖേദപൂര്‍വ്വം അറിയിക്കുകയാണെന്നും ക്രൂരമായ പ്രവര്‍ത്തിയെ അപലപിക്കുകയും മരണപ്പെട്ട വ്യക്തിയുടെ കുടുംബത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നുവെന്ന്‍ വിദേശകാര്യ മന്ത്രി ഇഗ്നാസിയോ കാസിസ് പറഞ്ഞു.നിലവിലെ സാഹചര്യം വ്യക്തമല്ലെങ്കിലും കൊലപാതകത്തെ കുറിച്ച് അന്വേഷിക്കുമെന്നും ബിയാട്രിസിന്റെ മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുവാന്‍ വേണ്ടത് ചെയ്യണമെന്ന് മാലി സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും സ്വിസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഹേഗിലെ ജയിലില്‍ കഴിയുന്ന തങ്ങളുടെ നേതാവിനെ വിട്ടയക്കണമെന്ന തീവ്രവാദികളുടെ ആവശ്യം സ്വിറ്റ്സര്‍ലന്‍ഡ് നിരാകരിച്ചതിനെ തുടര്‍ന്നായിരുന്നു ബിയാട്രിസിന്റെ കൊലപാതകം.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 50