India - 2025
വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് കര്‍ദ്ദിനാള്‍ ആലഞ്ചേരി
20-10-2020 - Tuesday
കൊച്ചി: സംസ്ഥാനത്തെ എയ്ഡഡ് വിദ്യാഭ്യാസരംഗത്ത് നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നു കെസിബിസി പ്രസിഡന്റും സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ്പും ഇന്റർ ചർച്ച് കൗൺസിൽ ഓഫ് കേരള ചെയർമാനുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആവശ്യപ്പെട്ടു.
നിയമന അംഗീകാരം ലഭിക്കാത്ത അധ്യാപകരുടെ പ്രശ്നങ്ങളും ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശങ്ങളുടെ നിഷേധവും നിരവധി തവണ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും ചര്‍ച്ച നടത്തിയിട്ടുള്ളതുമാണ്. സംസ്ഥാനത്തെ ആറു ജില്ലാ കേന്ദ്രങ്ങളില്‍ അധ്യാപകരുടെ അനിശ്ചിതകാല ഉപവാസ സമരം തുടരുകയാണ്. ഇന്നു സെക്രട്ടേറിയറ്റ് നടയില്‍ വിദ്യാഭ്യാസ കമ്മീഷന് ചെയര്മാന് ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ബിഷപ്പുമാരായ മാര്‍ തോമസ് തറയില്‍, ഡോ. പോള്‍ മുല്ലശേരി എന്നിവര്‍ ഉപവാസസമരം നടത്തും.
ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യം ഉദ്ഘാടനം ചെയ്യുന്ന ഉപവാസ സമരത്തിന്റെ പശ്ചാത്തലത്തില്‍ പ്രശ്നപരിഹാരത്തിന് മുഖ്യമന്ത്രിതന്നെ മുന്‍കൈയെടുക്കണം. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് മികച്ച സംഭാവനകള്‍ നല്കിയ എയ്ഡഡ് വിദ്യാഭ്യാസ മേഖലയെ അവഗണിച്ചു മുന്നോട്ടുപോകുന്ന സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയസമീപനങ്ങള്‍ പ്രതിഷേധാര്‍ഹമാണന്നും കര്‍ദിനാള്‍ അഭിപ്രായപ്പെട്ടു.