India - 2025
ഫാ. സ്റ്റാൻ സ്വാമിയുടെ അറസ്റ്റിനെതിരെ പ്രതിപക്ഷം ഒന്നടങ്കം രംഗത്ത്
22-10-2020 - Thursday
ന്യൂഡൽഹി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഫാ. സ്റ്റാൻ സ്വാമിയെ എൻഐഎ അറസ്റ്റ് ചെയ്തതിനെതിരേ പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം രംഗത്ത്. ജാർഖണ്ഡിലെ ആദിവാസികളുടെ ഇടയിൽ പ്രവർത്തനം നടത്തുന്ന വൈദികനെ നിയമവിരുദ്ധമായാണ് അറസ്റ്റ് ചെയ്തതെന്ന് ആരോപിച്ച പ്രതിപക്ഷ നേതാക്കൾ, യുഎപിഎ അടക്കമുള്ള വകുപ്പുകൾ ചുമത്തിയത് അപലപനീയമാണെന്നും കുറ്റപ്പെടുത്തി. പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് (പിയുസിഎൽ) എന്ന സന്നദ്ധ സംഘടന ഓണ്ലൈനിലൂടെ സംഘടിപ്പിച്ച പത്രസമ്മേളനത്തിലാണ് പ്രതിപക്ഷ നേതാക്കൾ ഒന്നടങ്കം കേന്ദ്ര സർക്കാരിന്റെ നടപടിക്കെതിരേ രംഗത്തെത്തിയത്.
ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ, കോണ്ഗ്രസ് നേതാവ് ശശി തരൂർ, ഡിഎംകെ നേതാവ് എം. കനിമൊഴി, എൻസിപി നേതാവ് സുപ്രിയ സുലെ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു. പാർശ്വവത്കരിക്കപ്പെട്ട സമൂഹത്തിന്റെ വായ മൂടിക്കെട്ടാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് ആരോപിച്ച മുഖ്യമന്ത്രി ഹേമന്ത് സോറൻ, രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ജനാധിപത്യത്തിനുമെതിരേയുള്ള ആക്രമണമാണ് നടക്കുന്നതെന്നും അഭിപ്രായപ്പെട്ടു.
ഫാ. സ്റ്റാൻ സ്വാമിയെ പോലെയുള്ള ഒരാളെ കേസിൽ കുടുക്കിയതിലൂടെ കേന്ദ്രം എല്ലാ അതിർ വരന്പുകളും പിന്നിട്ട രീതിയാണ് കാണിക്കുന്നത്. ജാർഖണ്ഡിലെ ഗ്രാമങ്ങളിലും വനമേഖലകളിലും ആദിവാസികൾക്കും ദളിതുകൾക്കും ന്യൂനപക്ഷങ്ങൾക്കും വേണ്ടി വർഷങ്ങളായി പ്രവർത്തിക്കുന്ന ഒരാളാണ് ഫാ. സ്റ്റാൻ സ്വാമി. അദ്ദേഹം ഒരു രോഗിയാണെന്നതു പോലും കണക്കിലെടുത്തിട്ടില്ലെന്നും ഹേമന്ത് സോറൻ കുറ്റപ്പെടുത്തി.
മനുഷ്യന്റെ അവകാശങ്ങൾ പോലും ലംഘിക്കുന്ന കേന്ദ്രത്തിന്റെ നിലപാടിനെതിരേ സമൂഹം മൗനം വെടിഞ്ഞ് രംഗത്തെത്തണമെന്നു സീതാറാം യെച്ചൂരിയും കനിമൊഴിയും ആവശ്യപ്പെട്ടു.