News - 2025
മലേഷ്യന്‍ ചരിത്രത്തിലെ പ്രഥമ കര്‍ദ്ദിനാള്‍ സോട്ടെര്‍ ഫെര്‍ണാണ്ടെസ് ദിവംഗതനായി
പ്രവാചക ശബ്ദം 28-10-2020 - Wednesday
പെടാലിങ് ജായ: മലേഷ്യയുടെ ചരിത്രത്തിലെ ആദ്യത്തെ കത്തോലിക്കാ കര്‍ദ്ദിനാളും ക്വാലാലംപൂര്‍ മുന്‍ മെത്രാപ്പോലീത്തയുമായിരുന്ന കര്‍ദ്ദിനാള്‍ അന്തോണി സോട്ടെര്‍ ഫെര്‍ണാണ്ടെസ് അന്തരിച്ചു. ഇന്ന്‍ (ഒക്ടോബര്‍ 28) ഉച്ചയോടു കൂടിയാണ് ചേരാസിലെ ലിറ്റില്‍ സിസ്റ്റേഴ്സ് ഓഫ് ദി പുവര്‍ ഹോമില്‍വെച്ചു അദ്ദേഹം നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടത്. 88 വയസ്സായിരുന്നു. കഴിഞ്ഞ വര്‍ഷം കാന്‍സര്‍ ബാധ കണ്ടെത്തിയതിനെ ചേരാസിലെ ഭവനത്തില്‍ ഇമ്മ്യൂണോ തെറാപ്പിക്കും റേഡിയോ തെറാപ്പിക്കും വിധേയനായിരിക്കുകയായിരുന്നു കര്‍ദ്ദിനാള്‍ ഫെര്‍ണാണ്ടസ്.
1966-ല്‍ പെനാങ്ങില്‍വെച്ചാണ് പൗരോഹിത്യ പട്ടം സ്വീകരിക്കുന്നത്. 12 വര്‍ഷങ്ങള്‍ക്ക് ശേഷം 1978-ല്‍ അദ്ദേഹം പെനാങ്ങ് രൂപതയുടെ മെത്രാനായി അഭിഷിക്തനായി. 1983-ല്‍ ക്വാലാലംപൂര്‍ അതിരൂപതയുടെ മെത്രാപ്പോലീത്തയായി നിയമിക്കപ്പെട്ട അദ്ദേഹം നീണ്ട 20 വര്‍ഷത്തെ സേവനത്തിനു ശേഷം 2013-ലാണ് ക്വാലാലംപൂര്‍ മെത്രാപ്പോലീത്ത പദവിയില്‍ നിന്നും വിരമിച്ചത്. മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം 2016-ല്‍ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന ആദ്യത്തെ മലേഷ്യക്കാരന്‍ എന്ന പേരോടുകൂടി ഫ്രാന്‍സിസ് പാപ്പ അദ്ദേഹത്തെ കര്‍ദ്ദിനാള്‍ പദവിയിലേക്കുയര്‍ത്തുകയായിരിന്നു.
1987 മുതല്‍ 1990 വരേയും 2000 മുതല്‍ 2003 വരേയും കര്‍ദ്ദിനാള്‍ ഫെര്‍ണാണ്ടസ് മലേഷ്യ-സിംഗപ്പൂര്‍-ബ്രൂണായി കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രസിഡന്റായി സേവനം ചെയ്തിരുന്നു. ധീരതയോടും, ആത്മാര്‍ത്ഥതയോടും കൂടി മലേഷ്യന്‍ കത്തോലിക്കാ സഭയെ നയിച്ച അസാമാന്യ നേതാവ് എന്ന വിശേഷണമാണ് കര്‍ദ്ദിനാളിനെക്കുറിച്ച് അറിയുന്നവര്‍ നല്‍കുന്നത്. സംസ്കാര ചടങ്ങുകളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ പിന്നീട് പുറത്തുവിടുമെന്ന് അതിരൂപതയുടെ കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് റിലേഷന്‍സ് മീഡിയ ഓഫീസര്‍ പട്രീഷ്യ പെരേര അറിയിച്ചു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക