News - 2025
മഹാമാരിയ്ക്കിടെ സുവിശേഷ പ്രഘോഷണം സജീവമാക്കുവാന്‍ ആഹ്വാനവുമായി യുഎസ് മെത്രാന്‍ സമിതി തലവന്‍
പ്രവാചക ശബ്ദം 19-11-2020 - Thursday
വാഷിംഗ്ടണ്‍ ഡി.സി: പകർച്ചവ്യാധിയും അതിനോടനുബന്ധിച്ചു നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും മൂലം വിശ്വാസവും പ്രത്യാശയും നഷ്ട്ടപ്പെട്ട ഇക്കാലയളവില്‍ സുവിശേഷം പ്രഘോഷിക്കുവാന്‍ ആഹ്വാനവുമായി അമേരിക്കന്‍ മെത്രാന്‍ സമിതി പ്രസിഡന്റും ലോസ് ഏഞ്ചൽസ് ആർച്ച് ബിഷപ്പുമായ ജോസ് എച്ച്. ഗോമസ്. ജനങ്ങളുടെ ഹൃദയത്തില്‍ ദൈവിക കരുതലിനെക്കുറിച്ചും ദൈവത്തിന്റെ നന്മയെക്കുറിച്ചും അടിസ്ഥാന ചോദ്യങ്ങളുണ്ടെന്നും ഉയിർപ്പിനെക്കുറിച്ചും, മരണത്തെ ജയിക്കുന്ന ജീവനെക്കുറിച്ചും ഉള്ള അറിവ്, ഈ പ്രതിസന്ധികളെ തരണം ചെയ്യാൻ ജനങ്ങളെ സഹായിക്കുമെന്നും നവംബർ 16നു നടന്ന അമേരിക്കന്‍ ബിഷപ്പുമാരുടെ പൊതുയോഗത്തിൽ,അദ്ദേഹം തന്റെ സഹ മെത്രാന്മാരോട് പറഞ്ഞു.
രോഗത്തിന്റെയും മരണത്തിന്റെയും ഭയം എല്ലാവരിലേക്കും പടർന്നു പിടിച്ചുകൊണ്ടിരിക്കുകയാണ്. സുവിശേഷത്തിന്റെ കാതല്‍ സന്ദേശമായ ക്രിസ്തുവിനോടുള്ള സ്നേഹം, വിശുദ്ധ കുരിശിന്റെ ശക്തി, പുനരുത്ഥാന വാഗ്ദാനം എന്നിവ ജനഹൃദയങ്ങളിൽ നിന്ന് മറയുന്നുണ്ട്. ഈ മഹാമാരി വരുത്തിവെച്ച സാമൂഹിക അശാന്തിക്കും, അനിശ്ചിതത്തിനും ഇടയിൽ വീരോചിതമായി ക്രൈസ്തവ വിശ്വാസത്തിന് സാക്ഷ്യം വഹിക്കണം. അതോടൊപ്പം തന്നെ ഫ്രാൻസിസ് മാർപാപ്പ നമ്മോട് ആവശ്യപ്പെടുന്നതുപോലെ നാം മിഷ്ണറിമാരെ രൂപപ്പെടുത്തുകയും ശാക്തീകരിക്കുകയും ചെയ്യേണ്ടതുമുണ്ട്. ഈ കാലഘട്ടത്തിന്റെ അനീതികളെ സുവിശേഷത്തിൽ ജീവിച്ചു കൊണ്ട് നേരിടണമെന്നും അടുത്തിടെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെട്ട നൈറ്റ്‌സ് ഓഫ് കൊളംബസിന്റെ സ്ഥാപകൻ ഫാ. മൈക്കൽ മക്ഗിവ്‌നിയുടെ ഉദാഹരണം ഉദ്ധരിച്ച് ആർച്ച് ബിഷപ്പ് ഗോമസ് പറഞ്ഞു.
ഈ വൈദികനെ സംബന്ധിച്ചിടത്തോളം സ്നേഹം അന്യമായിരുന്നില്ല. വിധവയുടെയും, അനാഥരുടെയും ജോലിയില്ലാത്ത പിതാവിന്റെയും, വധശിക്ഷ കാത്തു കഴിയുന്ന തടവുകാരന്റെയും മുഖങ്ങൾ അദ്ദേഹത്തിനറിയാമായിരുന്നു. ഈ വൈദികന്റെ മാതൃക പിന്തുടർന്ന് സഭ ഇപ്പോൾ കരയുന്നവരോട് കൂടെ കരയേണ്ടതുണ്ട്. നമുക്ക് ഒരു രക്ഷകനുണ്ട് എന്ന സന്തോഷവാർത്ത മറ്റുള്ളവരെ അറിയിക്കേണ്ടതുണ്ട്. നാം ജീവിക്കുന്നതിനു വേണ്ടി അവൻ മരിച്ചു. തിന്മയെയും മരണത്തെയും നാം ഭയപ്പെടാതിരിക്കേണ്ടതിനു അവൻ മരണത്തിന്റെ നിഴൽവീണ താഴ്‌വരയിലൂടെ കടന്നു പോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക