News - 2025

മതപീഡനത്തിനായി സാങ്കേതിക വിദ്യയുടെ ദുരുപയോഗം: ചൈനയ്ക്കെതിരെ അമേരിക്ക

പ്രവാചക ശബ്ദം 22-11-2020 - Sunday

വാഷിംഗ്‌ടണ്‍ ഡി.സി: മതപീഡനത്തിനായി സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണവുമായി ചൈനയുടെ നടപടിയ്ക്കെതിരെ അമേരിക്ക രംഗത്ത്. ‘2020 മിനിസ്റ്റീരിയല്‍ ടു അഡ്വാന്‍സ് ഫ്രീഡം ഓഫ് റിലീജിയന്‍ ഓര്‍ ബിലീഫ്’ വിര്‍ച്വല്‍ കോണ്‍ഫറന്‍സുമായി ബന്ധപ്പെട്ട് നവംബര്‍ 17ന് നടത്തിയ പത്രസമ്മേളനത്തിലാണ് യുഎസ് ഇന്റര്‍നാഷ്ണല്‍ റിലീജിയസ് ഫ്രീഡം അംബാസിഡര്‍ സാം ബ്രൌണ്‍ബാക്ക് ചൈനയ്ക്കെതിരെ ശക്തമായ ആരോപണം ഉന്നയിച്ചത്. മതവിശ്വാസങ്ങളെ അടിച്ചമര്‍ത്തുന്നതിനായി ചൈന സാങ്കേതിക വിദ്യയുടെ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ച് അമേരിക്ക അന്വേഷിക്കുമെന്നും ബ്രൌണ്‍ബാക്ക് പറഞ്ഞു.

ന്യൂനപക്ഷങ്ങളായ ഉയിഗുര്‍ മുസ്ലീങ്ങള്‍ അടക്കമുള്ളവരുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിനും മുന്‍കൂട്ടി അറിയുന്നതിനും ചൈന ഒരു ‘വിര്‍ച്വല്‍ പോലീസ് സ്റ്റേറ്റ്’ തന്നെ നിര്‍മ്മിച്ചിരിക്കുകയാണെന്നു ബ്രൌണ്‍ബാക്ക് പറയുന്നു. ഇസ്ലാം ആധിപത്യ മേഖലയായ ഷിന്‍ജിയാങ്ങില്‍ നിര്‍മ്മിതി ബുദ്ധി, ഫേഷ്യല്‍ റെക്കഗ്നിഷന്‍ പോലെയുള്ള അത്യാധുനിക നിരീക്ഷണ സംവിധാനങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ബ്രൌണ്‍ബാക്ക് പറഞ്ഞു. ഏതാണ്ട് പത്തുലക്ഷത്തിലധികം മുസ്ലീംങ്ങള്‍ തടങ്കല്‍പ്പാളയങ്ങളില്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബുദ്ധമതക്കാര്‍, ഉയിഗുര്‍ മുസ്ലീങ്ങള്‍, ക്രൈസ്തവര്‍ അടക്കമുള്ള ഇതര മത വിശ്വാസികള്‍ തുടങ്ങിയവരെ അടിച്ചമര്‍ത്തുവാന്‍ ചൈന വിര്‍ച്വല്‍ പോലീസ് സ്റ്റേറ്റ് സ്ഥാപിക്കുന്നത് തടയുന്നത് വരും വര്‍ഷങ്ങളില്‍ അമേരിക്കയുടെ പ്രധാന മുന്‍ഗണനകളിലൊന്നായിരിക്കുമെന്നും ബ്രൌണ്‍ബാക്ക് പറഞ്ഞു.

ഭരണമാറ്റം അമേരിക്കയുടെ മതസ്വാതന്ത്യ നയത്തെ ബാധിക്കുമോ എന്ന ചോദ്യത്തിന് അന്താരാഷ്ട്ര മതസ്വാതന്ത്ര്യം എന്നത് നിഷ്പക്ഷമായ കാര്യമാണെന്നും അതിനാല്‍ ഇതില്‍ മാറ്റം വരില്ലെന്ന ശുഭാപ്തി വിശ്വാസമാണ് തനിക്കുള്ളതെന്നായിരുന്നു ബ്രൌണ്‍ബാക്കിന്റെ മറുപടി. ബ്രൌണ്‍ബാക്കിനു പുറമേ, അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തെ പിന്തുണച്ചുകൊണ്ട് വത്തിക്കാനിലെ അമേരിക്കന്‍ അംബാസഡര്‍ കാല്ലിസ്റ്റ ജിന്‍ഗ്രിച്ച് രംഗത്ത് വന്നിരുന്നു. മതസ്വാതന്ത്ര്യം എന്നത് വെറുമൊരു ധാര്‍മ്മിക ആവശ്യം മാത്രമല്ലെന്നും, രാഷ്ട്രത്തിന്റെ സുരക്ഷയെ തന്നെ ബാധിക്കുന്ന പ്രശ്നമാണെന്നുമായിരുന്നു ഇക്കഴിഞ്ഞ നവംബര്‍ 16ന് ജിന്‍ഗ്രിച്ച് പറഞ്ഞത്. ഇന്റര്‍നാഷ്ണല്‍ റിലീജിയസ് ഫ്രീഡം ഓര്‍ ബിലീഫ് അലയന്‍സില്‍ 32 രാഷ്ട്രങ്ങളാണുള്ളത്. നവംബര്‍ 16-17 തീയതികളിലായി പോളണ്ട് സംഘടിപ്പിച്ച വിര്‍ച്വല്‍ കോണ്‍ഫറന്‍സ് അലയന്‍സിന്റെ മൂന്നാമത്തെ വാര്‍ഷിക കോണ്‍ഫറന്‍സായിരുന്നു.

More Archives >>

Page 1 of 602