News - 2025

മൂന്നു പതിറ്റാണ്ട് നീണ്ട നിർമ്മാണത്തിന് വിരാമം: കൂദാശയ്ക്കായി തയ്യാറെടുത്ത് നൈജീരിയൻ കത്തീഡ്രൽ

പ്രവാചക ശബ്ദം 19-11-2020 - Thursday

എൻസുക്ക: മൂന്നു പതിറ്റാണ്ടോളം നീണ്ട നിർമാണപ്രവർത്തനങ്ങൾക്ക് ഒടുവിൽ, നൈജീരിയയിലെ എൻസുക്ക രൂപതയിൽ സ്ഥിതി ചെയ്യുന്ന സെന്റ് തെരേസ കത്തീഡ്രൽ ദേവാലയം കൂദാശയ്ക്കായി തയ്യാറെടുക്കുന്നു. ഇന്നു നവംബർ 19 വ്യാഴാഴ്ച നടക്കുന്ന ദേവാലയ സമർപ്പണ ചടങ്ങുകൾക്ക് രൂപതാ ബിഷപ്പ് ഗോഡ് ഫ്രീ ഓന നേതൃത്വം നൽകും. ഗവർണർമാരും, കത്തോലിക്കാ മെത്രാന്മാരും, വൈദികരും, വിശ്വാസികളുമുൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു തന്നെ ആളുകൾ ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടിയുള്ള നടപടിക്രമങ്ങൾ രൂപത നേതൃത്വം സ്വീകരിച്ചിട്ടുണ്ടെന്ന് എൻസുക്ക രൂപതയുടെ വികാരി ജനറൽ പദവി വഹിക്കുന്ന ഫാ. അമലുച്ചി എൻമാണി നവംബർ 17 ചൊവ്വാഴ്ച കത്തീഡ്രൽ ദേവാലയത്തിൽവെച്ച് നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.

1991ൽ രൂപതയുടെ പ്രഥമ മെത്രാനായിരുന്ന ഫ്രാൻസിസ് ഒകോബോയാണ് കത്തീഡ്രൽ ദേവാലയത്തിന്റെ നിർമാണപ്രവർത്തനങ്ങൾക്ക് തുടക്കമിട്ടതെന്ന് അദ്ദേഹം സ്മരിച്ചു. 5500 പേർക്ക് ഒരേ സമയം തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാൻ സാധിക്കുന്ന കത്തീഡ്രൽ ദേവാലയത്തിന്റെ നിർമാണപ്രവർത്തനങ്ങൾക്ക് സാമ്പത്തിക പ്രശ്നങ്ങൾ ആദ്യ കാലങ്ങളിൽ നേരിട്ടെങ്കിലും വിശ്വാസികളുടെ സഹകരണത്തോടെ പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ ബിഷപ്പ് ഫ്രാൻസിസ് ഒകോബോ മാർഗ്ഗം കണ്ടെത്തിയെന്നും ഫാ. അമലുച്ചി എൻമാണി കൂട്ടിച്ചേർത്തു. നിർമ്മാണ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താനായി എല്ലാവർഷവും ഒരു ഞായറാഴ്ച പ്രത്യേകമാംവിധം ബിഷപ്പ് നീക്കിവെച്ചു. കൂടാതെ ഈസ്റ്റർ നാളുകളിലും ധനസമാഹരണം നടന്നു.

രൂപതയുടെ ഇപ്പോഴത്തെ മെത്രാനായ ഗോഡ് ഫ്രീ ഓനയും മികച്ച രീതിയിൽ സാമ്പത്തിക ക്രമീകരണങ്ങൾ നടത്തി. ഇടയ സന്ദർശനങ്ങളിൽ നിന്ന് ലഭിച്ച പണം മുഴുവനായി അദ്ദേഹം കത്തീഡ്രൽ ദേവാലയത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്കായി നീക്കിവെച്ചു. മറ്റ് പല സാങ്കേതിക പ്രതിസന്ധികളെയും അതിജീവിച്ചാണ് ഇപ്പോൾ ദേവാലയത്തിന്റെ പണി മുഴുവൻ പൂർത്തിയാക്കാൻ സാധിച്ചതെന്ന് ഫാ. എൻമാണി പറഞ്ഞു. കത്തീഡ്രൽ ദേവാലയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടി സഹായിച്ച എല്ലാ വിശ്വാസികൾക്കും, സംഘടനകൾക്കും അദ്ദേഹം നന്ദി പറഞ്ഞു. 1932ൽ എനുഗു രൂപതയുടെ ഭാഗമായി ആരംഭിച്ച എൻസുക്ക എന്ന ഇടവക, 1990 നവംബർ മാസമാണ് രൂപതാ പദവിയിലേക്ക് ഉയർത്തപ്പെടുന്നത്. 2018ലെ കണക്കുകൾ പ്രകാരം രൂപതയിൽ 197 ഇടവകകളിലായി ഏകദേശം അഞ്ചര ലക്ഷത്തോളം വിശ്വാസികളുണ്ട്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 601