News

ഫാ. സ്റ്റാൻ സ്വാമിയുടെ അറസ്റ്റിനെതിരെയുള്ള പ്രതിഷേധങ്ങളിൽ പങ്കുചേര്‍ന്നു നാഗാലാന്‍റ് ജനതയും

പ്രവാചക ശബ്ദം 22-11-2020 - Sunday

കോഹിമ: മനുഷ്യാവകാശ പ്രവർത്തകനും ഈശോ സഭാവൈദികനുമായ ഫാ. സ്റ്റാൻ സ്വാമിയുടെ അറസ്റ്റിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളിൽ പങ്കുചേര്‍ന്നു നാഗാലാൻഡിലെ സമൂഹവും. തലസ്ഥാനനഗരിയിലെ ഹെഡ് പോസ്റ്റോഫീസിനു സമീപം വൈദികന്റെ മോചനം ആവശ്യപ്പെട്ട് വിശ്വാസികളും വൈദികരും നിശ്ശബ്ദ റാലി നടത്തി. ഗോത്രവർഗക്കാരുടെ അവകാശ ലംഘനങ്ങൾക്കെതിരെ കഴിഞ്ഞ നാല്പത് വർഷത്തിലേറെയായി ഫാ. സ്റ്റാൻ സ്വാമി പ്രവർത്തിച്ചുവരികയായിരുന്നുവെന്ന് റാലിയെ അഭിസംബോധന ചെയ്തു കൊണ്ട് ലെയോള ഹയർസെക്കൻഡറി സ്കൂൾ ജാക്കാമയുടെ പ്രിൻസിപ്പൽ ഫാ. വിക്ടർ ഡി മെല്ലോ സ്മരിച്ചു.

ഫാ. സ്വാമിക്കെതിരെ ഉണ്ടായ ഈ തെറ്റായ നടപടിയിൽ അദ്ദേഹത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി കാത്തലിക് അസോസിയേഷൻ ഓഫ് നാഗാലാൻഡ് (സി. എ. എൻ. ) പ്രസിഡന്‍റ് ജോണി റുവാങ്ങ് മി പറഞ്ഞു. ശബ്ദമില്ലാത്തവരുടെ ശബ്ദമായിരുന്ന അദ്ദേഹത്തിന് നീതി ലഭ്യമാക്കുവാൻ ശബ്ദമുയര്‍ത്തണമെന്ന് അദ്ദേഹം പൗരൻമാരോട് അഭ്യർത്ഥിച്ചു.കത്തോലിക്കാ സഭയുടെ സാമൂഹിക പ്രബോധനത്തിന് അനുസൃതമായി കാത്തലിക് അസോസിയേഷൻ ഓഫ് നാഗാലാൻഡ് ഫാ.സ്റ്റാൻ സ്വാമിയോടൊപ്പമാണെന്നും കാരണമില്ലാതെ തടവിലാക്കിയതിനെ ശക്തമായി അപലപിക്കുന്നതോടൊപ്പം എത്രയും വേഗം അദ്ദേഹത്തെ സ്വതന്ത്രനാക്കണമെന്ന് ആവശ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ജനസംഖ്യയുടെ വളരെ ചെറിയ ശതമാനം മാത്രം വരുന്ന ക്രൈസ്തവർ രാജ്യത്തിന്റെ സാമൂഹിക സാമ്പത്തിക ഉന്നമനത്തിന് നൽകിയ സംഭാവനകൾ വളരെ വലുതാണെന്ന് അംഗാമി കാത്തലിക് യൂണിയൻ (എ.സി.യു.) പ്രസിഡണ്ട് ലുസാറോവി പോൾ റിനോ പറഞ്ഞു. സതി, തൊഴിലാളികളെ കൊലപ്പെടുത്തൽ, ശിശു ബലി, പാവങ്ങളെയും ഗോത്രവർഗക്കാരെയും ചൂഷണം ചെയ്യുക തുടങ്ങിയ അനാചാരങ്ങൾക്കെതിരെ ക്രിസ്ത്യൻ മിഷ്ണറിമാർ നടത്തിയ പ്രവർത്തനങ്ങൾ അദ്ദേഹം എടുത്തു പറഞ്ഞു. മതത്തിന്റെ അതിർവരമ്പുകളില്ലാതെ ഗോത്രവർഗക്കാർക്കിടയിൽ സേവനം ചെയ്ത ക്രൈസ്തവ നേതാവിനെ മാവോയിസ്റ്റെന്ന് മുദ്ര കുത്തി അറസ്റ്റ് ചെയ്തത് ഞെട്ടിപ്പിക്കുന്നതാണ്. ഫാ. സ്റ്റാൻ സ്വാമിയുടെ മോചനത്തിനായി ഗവൺമെന്റിൽ സമ്മര്‍ദ്ധം ചെലുത്തണമെന്ന് നാഗാലാൻഡ് സർക്കാരിനോട് അദ്ദേഹം അഭ്യർത്ഥിച്ചു.

നിരപരാധിയായ മനുഷ്യാവകാശ പ്രവർത്തകനെ അനീതിപരമായി തടവിലാക്കിയത് ന്യൂനപക്ഷങ്ങളുടെ വായടപ്പിക്കുന്നതിനുള്ള ശ്രമമാണെന്നും അധികാരത്തിലിരിക്കുന്നവരുടെ അന്തസില്ലായ്മയുമാണ് ഇത് വ്യക്തമാക്കുന്നതെന്നും കോഹിമയിലെ ക്രിസ്തുരാജ ഇടവകയിലെ കാത്തലിക് യൂണിയൻ പ്രസിഡന്‍റ് കെനെയിം ഗു ആൽബർട് റുസ്താ പ്രസ്താവിച്ചു. എത്ര അടിച്ചമർത്താൻ ശ്രമിച്ചാലും ദൈവ കൃപയുള്ളിടത്തോളം തങ്ങളെ നിശ്ശബ്ദരാക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രിസ്തു ശത്രുക്കൾക്കു വേണ്ടി പ്രാർത്ഥിച്ചതു പോലെ ഫാ. സ്റ്റാൻ സ്വാമിക്കെതിരെ പ്രവർത്തിക്കുന്നവർക്ക് വേണ്ടിയും അദ്ദേഹത്തിന്റെ മോചനത്തിനു വേണ്ടിയും പ്രാർത്ഥിക്കുവാൻ അദ്ദേഹം റാലിയിൽ പങ്കെടുത്തവരോട് അഭ്യർത്ഥിച്ചു.

More Archives >>

Page 1 of 601