News - 2025

ന്യൂനപക്ഷ സംരക്ഷണത്തിനായുള്ള സര്‍ക്കാരിന്റെ പുതിയ നടപടിയെ സ്വാഗതം ചെയ്ത് പാക്ക് ക്രൈസ്തവ സമൂഹം

പ്രവാചക ശബ്ദം 08-01-2021 - Friday

ലാഹോര്‍: പാക്കിസ്ഥാനിലെ മതന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനായി ‘ഇന്റര്‍ റിലീജിയസ് ഹാര്‍മണി’ വകുപ്പിന്റെ കീഴില്‍ പ്രത്യേക വിഭാഗം രൂപീകരിക്കുവാനുള്ള പാക്കിസ്ഥാനി ഉലമാ കൗണ്‍സില്‍ (പി.യു.സി) തലവനും, മതസൗഹാര്‍ദ്ദത്തിനുവേണ്ടിയുള്ള പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രത്യേക ഉപദേഷ്ടാവുമായ ഹാഫിസ് താഹിര്‍ മെഹ്മൂദ് അഷ്റാഫിയുടെ ശ്രമങ്ങള്‍ക്ക് അഭിനന്ദനവുമായി ഹൈദരാബാദ് മെത്രാനും നാഷ്ണല്‍ കാത്തലിക് കമ്മീഷന്‍ ഫോര്‍ ജസ്റ്റിസ് ആന്‍ഡ്‌ പീസ്‌ (സി.സി.ജെ.പി) ചെയര്‍മാനുമായ സാംസണ്‍ ഷുക്കാര്‍ഡിന്‍ രംഗത്ത്. “അപ്പീല്‍ ടു നോണ്‍ മുസ്ലിംസ് ഇന്‍ പാക്കിസ്ഥാന്‍” എന്ന പേരില്‍ സര്‍ക്കാര്‍ കാര്യാലയം തുടങ്ങിവെച്ച നടപടികള്‍ വിവിധ മതങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദ്ദത്തേയും സമാധാനത്തേയും ശക്തിപ്പെടുത്തുമെന്നും മതന്യൂനപക്ഷങ്ങള്‍ക്ക് ഭയം കൂടാതെ ജീവിക്കുവാന്‍ സഹായിക്കുമെന്നും ബിഷപ്പ് ഷുക്കാര്‍ഡിന്‍ പറഞ്ഞു.

നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളെക്കുറിച്ചും, വിവാഹങ്ങളെക്കുറിച്ചും, മതത്തിന്റെ പേരില്‍ ജനങ്ങളെ ഭീഷണിപ്പെടുത്തുന്നതിനെ കുറിച്ചും കാലാകാലങ്ങളായി കേള്‍ക്കുകയാണെന്നും, മതനിന്ദാ നിയമത്തിന്റെ ദുരുപയോഗം അടക്കമുള്ള വിഷയങ്ങളില്‍ പ്രശ്ന പരിഹാരത്തിനായി പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ നിര്‍ദ്ദേശാനുസരണം ഒരു പ്രത്യേക വിഭാഗം രൂപീകരിച്ചിട്ടുണ്ടെന്ന അഷ്റാഫിയുടെ പ്രഖ്യാപനത്തെ രാജ്യത്തെ പ്രമുഖ മതന്യൂനപക്ഷമായ ക്രൈസ്തവ സമൂഹം സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മതന്യൂനപക്ഷങ്ങളില്‍പ്പെടുന്ന പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം ചെയ്യുന്നതില്‍ നിന്നും വ്യാജ മതനിന്ദ ചുമത്തുന്നതില്‍ നിന്നും സംരക്ഷിക്കുന്ന കാര്യത്തിലും പാക്ക് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും അഷ്റാഫി വ്യക്തമാക്കി.

കഴിഞ്ഞ രണ്ടു മാസങ്ങളിലായി മുസ്ലീം മതപണ്ഡിതന്‍മാരുടെ സഹായത്തോടെ ഇത്തരത്തിലുള്ള 101 കേസുകളില്‍ ഇടപെടുവാനും പരിഹാരം കാണുവാനും, ലാഹോറിലെ ആറ് ക്രൈസ്തവരെ സംരക്ഷിക്കുവാനും തങ്ങളുടെ വകുപ്പിന് കഴിഞ്ഞിട്ടുണ്ടെന്ന്‍ അഷ്റാഫി പറഞ്ഞു. ‘കൗണ്‍സില്‍ ഫോര്‍ ഇന്റര്‍ റിലീജിയസ് ഹാര്‍മണി’യുടെ ഈ നീക്കം ശുഭകരവും, പുതുവര്‍ഷത്തില്‍ പ്രതീക്ഷക്ക് വക നല്‍കുന്നതാണെന്നായിരിന്നു ലാഹോറിലെ പീസ്‌ സെന്ററിന്റെ ഡയറക്ടറായ ഫാ. ജെയിംസ് ചാന്നാന്‍ ഒ.പിയുടെ പ്രതികരണം. ആഗോള തലത്തില്‍ ക്രൈസ്തവ പീഡനം രൂക്ഷമായ രാജ്യങ്ങളില്‍ അഞ്ചാം സ്ഥാനത്താണ് പാക്കിസ്ഥാന്‍.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 614