News - 2025
ഇറാഖി ക്രൈസ്തവരുടെ വീടും സ്വത്തും തിരിച്ചു നല്‍കുന്നതിനുള്ള പദ്ധതിയുമായി പ്രമുഖ ഷിയാ നേതാവ്
പ്രവാചക ശബ്ദം 09-01-2021 - Saturday
ബാഗ്ദാദ്: ഇറാഖില്‍ നിന്നും പലായനം ചെയ്ത ക്രൈസ്തവരെ ഇറാഖിലേക്ക് തിരിച്ചു കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ഇസ്ലാം മതസ്ഥര്‍ കൈവശപ്പെടുത്തിയ ക്രൈസ്തവരുടെ ഭവനങ്ങളും ഭൂമിയും തിരിച്ചു നല്‍കുന്നതിനുള്ള പദ്ധതിയുമായി പ്രമുഖ മുസ്ലീം പുരോഹിതന്‍ രംഗത്ത്. ഇതിന്റെ ഭാഗമായി ക്രൈസ്തവരില്‍ നിന്നും അനധികൃതമായി പിടിച്ചെടുത്ത വീടുകളും സ്വത്തുവകകളും സംബന്ധിച്ച പരാതികള്‍ ശേഖരിക്കുന്നതിനും പരിശോധിക്കുന്നതിനുമായി ഷിയാ നേതാവും, സദ്രിസ്റ്റ് പാര്‍ട്ടി തലവനുമായ മുഖ്താദ അല്‍ സദര്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. ക്രൈസ്തവ സഹോദരന്‍മാര്‍ക്ക് ലഭിക്കേണ്ട നീതി നേടിക്കൊടുക്കുകയും, ക്രിസ്ത്യാനികളുടെ സ്വത്തവകാശ ലംഘനങ്ങള്‍ തടയുകയുമാണ് കമ്മിറ്റിയുടെ പ്രധാന ദൗത്യം.
ഷിയാ വിഭാഗത്തില്‍പ്പെട്ട മുസ്ലീങ്ങള്‍ കൈവശപ്പെടുത്തിയ ക്രൈസ്തവരുടെ ഭൂമിയാണ് കമ്മറ്റിയുടെ പരിഗണനയിലുള്ളത്. തങ്ങളുടെ വീടിന്റേയും ഭൂമിയുടേയും ഉടമാസ്ഥാവകാശം സംബന്ധിച്ച പരാതികളും രേഖകളും ഹാജരാക്കേണ്ട കമ്മിറ്റി അംഗങ്ങളുടെ പേരുവിവരങ്ങള്‍ ഉള്‍പ്പെടുന്ന പ്രസ്താവന ഈ മാസം ആദ്യം പുറത്തുവിട്ടിരിന്നു. സമീപ കാലത്തായി രാജ്യം വിട്ട ക്രൈസ്തവരുടെ സ്വത്തുവിവരങ്ങളും കമ്മിറ്റിയുടെ പരിഗണനയിലുണ്ട്. അടുത്ത റമദാന്‍ അവസാനിക്കുന്ന മെയ് 11ന് മുന്‍പായി പരാതികള്‍ സമര്‍പ്പിക്കണമെന്നാണ് പ്രസ്താവനയില്‍ പറയുന്നത്.
ഇക്കഴിഞ്ഞ ജനുവരി 3ന് അല്‍ സദര്‍ അയച്ച പ്രതിനിധി സംഘം കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട രേഖകള്‍ ഇറാഖിലെ കല്‍ദായ സഭയുടെ പാത്രിയാര്‍ക്കീസ് ലൂയീസ് റാഫേല്‍ സാകോക്ക് കൈമാറിയെന്നു റിപ്പോര്‍ട്ടുണ്ട്. അല്‍ സദറിന്റെ ഉദ്യമത്തിന് പാത്രിയാര്‍ക്കീസ് നന്ദി അറിയിച്ചു. ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ഇറാഖില്‍ അധിനിവേശം നടത്തിയ ഇസ്ലാമിക് സ്റ്റേറ്റ് ജിഹാദികളുടെ ക്രൂരതകള്‍ താങ്ങുവാന്‍ കഴിയാതെ മൊസൂളില്‍ നിന്നും, നിനവേ മേഖലയില്‍ നിന്നും നിരവധി ക്രൈസ്തവരാണ് തങ്ങളുടെ വീടും സ്വത്തുവകകളും ഉപേക്ഷിച്ച് പലായനം ചെയ്തത്. പലായനം ചെയ്ത ക്രൈസ്തവരില്‍ കുറച്ചുപേരേയെങ്കിലും തിരികെ കൊണ്ടുവരുവാന്‍ അല്‍ സദറിന്റെ പദ്ധതിക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വരുന്ന മാര്‍ച്ചില്‍ ഫ്രാന്‍സിസ് പാപ്പ ഇറാഖ് സന്ദര്‍ശിക്കുവാനിരിക്കേയാണ് അല്‍ സദറിന്റെ ഈ നീക്കമെന്നതും ശ്രദ്ധേയമാണ്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക