News - 2025
പാപ്പയുടെ സന്ദര്‍ശന വിജയത്തിനായി ഇറാഖി ക്രൈസ്തവ സമൂഹം പ്രാര്‍ത്ഥന ആരംഭിച്ചു
പ്രവാചക ശബ്ദം 22-01-2021 - Friday
ബാഗ്ദാദ്: ഫ്രാന്‍സിസ് പാപ്പയുടെ വരവിനായി കാത്തിരിക്കുന്ന ഇറാഖി ക്രൈസ്തവര്‍ പാപ്പയുടെ സന്ദര്‍ശന വിജയത്തിനായുള്ള പ്രാര്‍ത്ഥന ആരംഭിച്ചു. ഇറാഖിലെ കല്‍ദായ സഭയുടെ തലവനായ പാത്രിയാര്‍ക്കീസ് ലൂയീസ് റാഫേല്‍ സാകോ തയ്യാറാക്കിയ പ്രാര്‍ത്ഥനയാണ് ജനുവരി 17 മുതല്‍ വിശുദ്ധ കുര്‍ബാനക്ക് ശേഷം ദേവാലയങ്ങളിലും, വിശ്വാസീ കൂട്ടായ്മകളിലും ചൊല്ലുവാന്‍ ആരംഭിച്ചത്. ഇറാഖി പ്രസിഡന്റ് ബര്‍ഹാം സാലിയുടെ ക്ഷണപ്രകാരമാണ് ഫ്രാന്‍സിസ് പാപ്പയുടെ ഇറാഖ് സന്ദര്‍ശനം. ബാഗ്ദാദ്, ഉര്‍, ഇര്‍ബില്‍, മൊസൂള്‍ എന്നീ നഗരങ്ങള്‍ പാപ്പയുടെ സന്ദര്‍ശന പരിപാടിയിലുണ്ടെന്നു വത്തിക്കാന്‍ ഔദ്യോഗിക വക്താവ് മാറ്റിയോ ബ്രൂണി വ്യക്തമാക്കിയിരിന്നു.
തന്റെ മുന്‍ഗാമിയായിരുന്ന വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ സ്വപ്നമാണ് മാര്‍ച്ച് 5 മുതല്‍ 8 വരെയുള്ള ഇറാഖ് സന്ദര്‍ശനത്തിലൂടെ ഫ്രാന്‍സിസ് പാപ്പ സാക്ഷാത്ക്കരിക്കുവാന്‍ പോകുന്നതെന്നതും ശ്രദ്ധേയമാണ്. പൂര്‍വ്വ പിതാവായ അബ്രഹാമിന്റെ ജന്മദേശമായ ഉര്‍ സന്ദര്‍ശിക്കുവാന്‍ പാപ്പ ആഗ്രഹിച്ചിരിന്നെങ്കിലും നടന്നിരിന്നില്ല. കഴിഞ്ഞ വര്‍ഷത്തെ യാത്രപ്പട്ടികയില്‍ ഇറാഖും ഉള്‍പ്പെടുന്നതായി പാപ്പ കഴിഞ്ഞ വര്‍ഷം വ്യക്തമാക്കിയിരുന്നെങ്കിലും കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ വിദേശയാത്രകളും നീട്ടിവെക്കുവാന്‍ പാപ്പ നിര്‍ബന്ധിതനാവുകയായിരുന്നു. 2020 മെയ് 31-ന് നിശ്ചയിച്ചിരുന്ന മാള്‍ട്ടാ, ഗോസോ സന്ദര്‍ശനവും ഇതില്‍ ഉള്‍പ്പെടുന്നു. യുദ്ധവും കലാപങ്ങളും കൊണ്ട് പൊറുതിമുട്ടിയ ഇറാഖിലെ ജനത്തോടുള്ള ഫ്രാന്‍സിസ് പാപ്പയുടെ അജപാലക വാത്സല്യമാണ് നടക്കാന്‍ പോകുന്ന സന്ദര്‍ശനത്തിലൂടെ വിലയിരുത്തുന്നത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക