News - 2025

സിറിയന്‍ ക്രൈസ്തവരെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ വീണ്ടും എ‌സി‌എന്‍

പ്രവാചക ശബ്ദം 22-01-2021 - Friday

ഡമാസ്ക്കസ്: യുദ്ധവും, ആഭ്യന്തര കലഹങ്ങളും കൊണ്ട് ദുരിതപൂര്‍ണ്ണമായ സിറിയന്‍ ക്രൈസ്തവരുടെ ജീവിതം കോവിഡ് മഹാമാരി കൂടുതല്‍ ക്ലേശകരമാക്കി മാറ്റിയ സാഹചര്യത്തില്‍ സഹായഹസ്തവുമായി അന്താരാഷ്ട്ര പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌’ (എ.സി.എന്‍) വീണ്ടും രംഗത്ത്. സിറിയയിലെ ക്രിസ്ത്യാനികളെ വീണ്ടും സഹായിക്കുക എന്ന ലക്ഷ്യത്തോടെ “ഞങ്ങള്‍ അവരുടെ രക്ഷയുടെ നങ്കൂരം” എന്ന പുതിയ സന്നദ്ധ പ്രചാരണ പരിപാടിയ്ക്കാണ് എ.സി.എന്‍ ആരംഭം കുറിച്ചിരിക്കുന്നത്. നീണ്ട സായുധ സംഘര്‍ഷങ്ങളുടെ ഫലമായ നാണ്യപ്പെരുപ്പവും, തൊഴിലില്ലായ്മയും, പാര്‍പ്പിടമില്ലായ്മയും കൂടാതെ കോവിഡ് മഹാമാരിയും സിറിയന്‍ ക്രൈസ്തവരെ കൂടുതല്‍ ഞെരുക്കത്തിലാഴ്ത്തിയ അവസ്ഥ മനസിലാക്കിയാണ് സംഘടന സഹായഹസ്തവുമായി വീണ്ടും രംഗത്തിറങ്ങിയിരിക്കുന്നത്.

മാനുഷിക പരിഗണന ഒട്ടും ലഭിക്കാതെ ജീവിക്കുന്ന നിരവധി ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്ക് ശക്തിയും, ധൈര്യവും എ.സി.എന്നിന്റെ അഭ്യുദയകാംക്ഷികള്‍ നല്‍കിയിട്ടുണ്ടെന്ന് സിറിയയിലെ എ.സി.എന്‍ പദ്ധതികളില്‍ പങ്കാളിയായ സിസ്റ്റര്‍ ആനി ഡെര്‍മര്‍ജിയാന്‍ പറഞ്ഞു. സിറിയന്‍ ക്രൈസ്തവരെ സഹായിക്കുന്ന കാര്യത്തില്‍ എ.സി.എന്‍ നേരത്തെ മുതല്‍ സജീവമാണ്. ഈ വര്‍ഷം ആദ്യം ആലപ്പോയിലെ ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്കിടയില്‍ ഭക്ഷണ പൊതികളും, മെഡിക്കല്‍ കിറ്റുകളും വിതരണം ചെയ്തതിനു പുറമേ, നിരവധി രൂപതകളിലെ അജപാലന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനും, ഹോംസിലെ ക്രിസ്ത്യന്‍ കുടുംബങ്ങളുടെ വീട്ടു വാടക നല്‍കുന്നതിനും എ.സി.എന്‍ സഹായിച്ചിരുന്നു. ദൈവമാതാവിന് സമര്‍പ്പിക്കപ്പെട്ട ഒരു ആശ്രമത്തിന്റെ പുനരധിവാസത്തിനുള്ള സാമ്പത്തിക സഹായവും എ.സി.എന്‍ നല്‍കി.

കഴിഞ്ഞ വര്‍ഷം മാത്രം സിറിയയിലെ 8,700-ഓളം പാവപ്പെട്ട ക്രിസ്ത്യന്‍ കുടുംബങ്ങളിലാണ് എ.സി.എന്‍ വൈദ്യുതി എത്തിച്ചത്. 900 കുടുംബങ്ങളുടെ വീട്ടുവാടകയും, 3,050 പേര്‍ക്ക് നിത്യജീവിതത്തിനുള്ള സഹായവും, 9,200 പേര്‍ക്ക് ഭക്ഷണപൊതികളും, 6,500 വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പും എ.സി.എന്‍ വിതരണം ചെയ്തു. കിഴക്കന്‍ സിറിയയിലെ ലട്ടാക്കിയ, ടാര്‍ട്ടൌസ് എന്നീ പട്ടണങ്ങളില്‍ നടപ്പിലാക്കിയ ആരോഗ്യ പരിപാലന പദ്ധതികളെ സഹായിക്കുവാനും പൊന്തിഫിക്കല്‍ ചാരിറ്റി സംഘടന മുന്നിലുണ്ടായിരുന്നു.

ഏതാണ്ട് 108 ശസ്ത്രക്രിയകളും, 1,400 പേര്‍ക്കുള്ള മരുന്നുകള്‍ക്കും പുറമേ 5 വിദഗ്ദ ഡോക്ടര്‍മാരുടെ സേവനവും ഈ പദ്ധതിമൂലം ലഭ്യമാക്കി. ഹോംസിലെ പഠനവൈകല്യമുള്ള 90 കൗമാരക്കാരുടെ പഠനത്തിനും എ.സി.എന്‍ സഹായിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ആലപ്പോയിലെ അല്‍ ജ്ദേയ്ദേ ജില്ലയിലെ സെന്റ്‌ ഏലിയ കത്തീഡ്രലിന്റെ പുനര്‍നിര്‍മ്മാണത്തിനായി 4,00,000 യൂറോയാണ് എ.സി.എന്‍ മാറ്റിവെച്ചത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 618