News - 2025
വിശുദ്ധ നാട്ടിലെ ക്രൈസ്തവ ദേവാലയത്തിന് നേരെ വീണ്ടും ആക്രമണം: അപലപിച്ച് ജെറുസലേമിലെ പാത്രിയാര്‍ക്കീസ്
പ്രവാചക ശബ്ദം 08-02-2021 - Monday
ജെറുസലേം: കഴിഞ്ഞ വര്‍ഷാവസാനം ഗെത്സമന്‍ തോട്ടത്തിലെ ‘ചര്‍ച്ച് ഓഫ് ഓള്‍ നേഷന്‍സ്’ ദേവാലയം അക്രമിക്കപ്പെട്ട് അധികനാള്‍ കഴിയുന്നതിനു മുന്‍പ് ജെറുസലേമിന്റെ സമീപമുള്ള മുസ്രാരയിലെ റൊമാനിയന്‍ ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ ദേവാലയം ആക്രമിക്കപ്പെട്ടു. ആക്രമണം ഇസ്രായേലിലെ വര്‍ഗ്ഗീയവാദികളുടെ ക്രൈസ്തവ വിദ്വേഷത്തിന്റെ വ്യാപ്തിയെ പ്രതിഫലിപ്പിക്കുന്നതാണെന്ന്‍ ജെറുസലേമിലെ 141-മത് ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കീസ് തിയോഫിലോസ് മൂന്നാമന്‍ പറഞ്ഞു. ജെറുസലേം നഗരത്തിന്റെ മതപരമായ ഐക്യത്തെ അക്രമത്തിലൂടെ നശിപ്പിക്കുവാനുള്ള ഇസ്രായേലി തീവ്രവാദ സംഘടനകളുടെ ശ്രമങ്ങള്‍ അവസാനിപ്പിക്കുവാനുമുള്ള നടപടികള്‍ കൈകൊള്ളുവാന്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തുവാന്‍ അന്താരാഷ്ട്ര സമൂഹത്തോട് പാത്രിയാര്‍ക്കീസ് ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ ഫെബ്രുവരി രണ്ടിനാണ് റൊമാനിയന്‍ ഓര്‍ത്തഡോക്സ് ദേവാലയം ആക്രമിക്കപ്പെട്ടത്.
അക്രമികള്‍ പള്ളിയിലെ സിസിടിവി കാമറകള്‍ നശിപ്പിച്ച് മുന്‍വശത്തെ ഗേറ്റിന്റെ പൂട്ട് തകര്‍ത്തുകൊണ്ട് അകത്തു പ്രവേശിക്കുവാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ക്രൈസ്തവര്‍ അടക്കമുള്ള വിശ്വാസി സമൂഹങ്ങളെ ആക്രമിക്കുക, പുരോഹിതരെ ആക്രമിക്കുക, ദേവാലയങ്ങളുടേയും, മോസ്കുകളുടേയും ചുവരുകളിലും, വാതിലുകളിലും വിദ്വേഷപരമായ ചുവരെഴുത്തുകള്‍ നടത്തുക എന്നിവയൊക്കെയാണ് പതിവ് മാര്‍ഗ്ഗങ്ങളെങ്കിലും, കൈക്കൂലി, അഴിമതി തുടങ്ങിയ കുത്സിത പ്രവര്‍ത്തനങ്ങളിലൂടെ ജെറുസലേമിലെ ജാഫാ ഗേറ്റിലെ ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെ ഭൂമി പിടിച്ചടക്കുവാനുള്ള ശ്രമങ്ങളും ഇവര്‍ നടത്തുകയുണ്ടായെന്ന്‍ പാത്രിയാര്‍ക്കീസ് ചൂണ്ടിക്കാട്ടി. ആക്രമണങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഇസ്രായേലി അധികാരികള്‍ പരാജയപ്പെട്ടെന്നും, ഇത്തരം തീവ്രവാദ പ്രവര്‍ത്തനങ്ങളോടുള്ള അവരുടെ സഹിഷ്ണുതാപരമായ സമീപനം വിശുദ്ധ നാട്ടിലെ സംഘര്‍ഷങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുമെന്നും ജെറുസലേമിലെ ഏറ്റവും മുതിര്‍ന്ന ക്രിസ്ത്യന്‍ നേതാവ് കൂടിയായ പാത്രിയാര്‍ക്കീസ് മുന്നറിയിപ്പ് നല്‍കി.
ഇസ്രായേലിലെ തീവ്ര നിലപാടുള്ള യഹൂദര്‍ ക്രൈസ്തവരുടേത് അടക്കമുള്ള സമൂഹങ്ങളുടെ ആരാധനാലയങ്ങള്‍ക്ക് നേര്‍ക്ക് നടത്തുന്ന ആക്രമണങ്ങള്‍ തുടര്‍ച്ചയായി ശിക്ഷിക്കപ്പെടാതെ പോകുന്നത് മേഖലയെ മതപരമായ സംഘര്‍ഷത്തിലേക്ക് വലിച്ചിഴക്കുമെന്ന് പാലസ്തീനിലെ ചര്‍ച്ച് അഫയേഴ്സ് ഉന്നത കമ്മിറ്റി പ്രസിഡന്റ് ഡോ. റാംസി ഖൂരിയും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഇത്തരം ആക്രമണങ്ങളെ ഒരേസ്വരത്തില്‍ അപലപിച്ചുകൊണ്ട് അന്താരാഷ്ട്ര ക്രിസ്ത്യന്‍ സമൂഹം രംഗത്ത് വരണമെന്നു ജെറുസലേമിലെ ദേവാലയങ്ങളുടെ സംരക്ഷണ ചുമതല നിര്‍വഹിക്കുന്ന തിരുക്കല്ലറപ്പള്ളിയിലെ ഇന്റര്‍നാഷണല്‍ കമ്മിറ്റിയുടെ ചീഫ് എക്സിക്യുട്ടീവ് അനിറ്റ ഡെല്‍ഹാസ് പ്രതികരിച്ചു.