News - 2025

മ്യാൻമറിലെ പട്ടാള അട്ടിമറിക്കെതിരെ പ്രതിഷേധവുമായി വൈദികരും സന്യസ്തരും തെരുവിൽ

പ്രവാചക ശബ്ദം 10-02-2021 - Wednesday

യംഗൂണ്‍: മ്യാന്മാറിലെ പട്ടാള അട്ടിമറിക്കെതിരെയുള്ള പ്രതിഷേധ റാലികളില്‍ പങ്കുചേര്‍ന്നു വൈദികരും, സന്യസ്തരും, സെമിനാരി വിദ്യാർത്ഥികളും യംഗൂണിന്റെ തെരുവിൽ. പട്ടാളം കസ്റ്റഡിയിൽവെച്ചിരിക്കുന്ന നോബൽ പ്രൈസ് ജേതാവ് ഓങ് സാൻ സൂചിയെ മോചിപ്പിക്കണമെന്ന ആവശ്യവുമായി പതിനായിരക്കണക്കിനു ജനാധിപത്യ അനുകൂലികൾ വിവിധ നഗരങ്ങളിൽ നടത്തുന്ന പ്രതിഷേധ പ്രകടനങ്ങളിലാണ് വൈദികരും സന്യസ്തരും പങ്കുചേര്‍ന്നത്. അതേസമയം പോലീസ് സാധ്യമായ എല്ലാ രീതിയിലും പ്രതിഷേധപ്രകടനങ്ങൾ അടിച്ചമർത്താൻ ശ്രമം തുടരുകയാണ്. യാംഗൂണിൽ കഴിഞ്ഞ ദിവസം പൊലീസ് കാറിടിച്ച് രണ്ട് പ്രതിഷേധക്കാർ മരണമടഞ്ഞു.

കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ച് വൈദികരും, സന്യസ്തരും, സെമിനാരി വിദ്യാർത്ഥികളും എല്ലാ പ്രതിഷേധ സ്ഥലങ്ങളിലും സജീവസാന്നിധ്യമാണ്. ജനങ്ങൾ തെരഞ്ഞെടുപ്പിലൂടെ വിജയിപ്പിക്കുന്ന സർക്കാരിന് പട്ടാളം ഭരണം കൈമാറണമെന്ന് അവർ ആവശ്യപ്പെട്ടു. മണ്ഡലെ രൂപതയുടെ മെത്രാൻ മൂന്ന് വിരലുകൾ ഉയർത്തി സല്യൂട്ട് നൽകി സമരത്തിന് അനുഭാവം പ്രകടിപ്പിക്കുന്ന ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. അടുത്തിടെ രാജ്യത്തെ രാഷ്ട്രീയ സാഹചര്യം വിശകലനം ചെയ്തുകൊണ്ട് മ്യാൻമർ മെത്രാൻ സമിതി അധ്യക്ഷനായ കർദ്ദിനാൾ ചാൾസ് ബോ പ്രസ്താവന ഇറക്കിയിരിന്നു. ഫെബ്രുവരി ഒമ്പതാം തീയതി പ്രതിഷേധപ്രകടനങ്ങളിൽ പങ്കെടുക്കുന്ന വൈദികർക്കും, സന്യസ്തർക്കും വേണ്ടി ഏതാനും നിർദ്ദേശങ്ങളും മെത്രാൻസമിതി പുറത്തിറക്കി.

മതപരമായ കൊടിയോ, സഭയുടെ കൊടിയോ പ്രതിഷേധ പ്രകടനങ്ങളിൽ ഉപയോഗിക്കാൻ പാടില്ല എന്നതാണ് നിർദേശങ്ങളിൽ ഒന്ന്. സ്വാതന്ത്ര പൗരന്മാർ എന്ന നിലയിൽ എല്ലാവർക്കും ജനാധിപത്യത്തിനു വേണ്ടി ശബ്ദമുയർത്താൻ അവകാശമുണ്ടെന്നും എന്നാൽ മാർപാപ്പയുടേത് അടക്കമുള്ള ചിഹ്നങ്ങൾ പ്രതിഷേധ പ്രകടനങ്ങളിൽ ഉപയോഗിക്കാൻ പാടില്ലെന്നും മെത്രാൻ സമിതി വ്യക്തമാക്കി. എന്നാൽ വിശ്വാസികൾ നിർദ്ദേശങ്ങൾക്കെതിരെ പ്രതിഷേധിച്ചു. ഇത് മതവുമായോ, അതല്ലെങ്കിൽ പ്രാർത്ഥനയുമായോ ബന്ധപ്പെട്ട കാര്യമല്ലെന്നും ഏകാധിപത്യത്തിനെതിരെയുള്ള ചെറുത്തുനിൽപ്പ് ആണെന്നും ചില വിശ്വാസികള്‍ പറഞ്ഞു.

More Archives >>

Page 1 of 624