India - 2025
കര്‍ദ്ദിനാള്‍ മാര്‍ ആന്റണി പടിയറയുടെ ജന്മശതാബ്ദി ആഘോഷം നടന്നു
പ്രവാചക ശബ്ദം 12-02-2021 - Friday
ചങ്ങനാശേരി: ചങ്ങനാശേരി ആര്‍ച്ച്ബിഷപ്പും സീറോമലബാര്‍ സഭയുടെ പ്രഥമ മേജര്‍ ആര്‍ച്ച്ബിഷപ്പുമായിരുന്ന കര്‍ദ്ദിനാള്‍ മാര്‍ ആന്റണി പടിയറയുടെ ജന്മശതാബ്ദി ആഘോഷം നടന്നു. ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയെ തുടര്‍ന്നാണ് സമ്മേളനത്തിനു തുടക്കംകുറിച്ചത്. കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് കുര്‍ബാന മധ്യേ സന്ദേശം നല്‍കി. തുടര്‍ന്നു പാരിഷ് ഹാളില്‍ അനുസ്മരണ സമ്മേളനം നടന്നു.
കര്‍ദ്ദിനാള്‍ മാര്‍ ആന്റണി പടിയറയുടെ ജീവിത വിശുദ്ധിയും പ്രേഷിത ചൈതന്യവും അനുകരണീയ മാതൃകയാണെന്ന് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടന സന്ദേശത്തില്‍ പറഞ്ഞു.
അച്ചടക്കവും വിനയവും സൗമ്യതയും നിറഞ്ഞ പടിയറ പിതാവിന്റെ ജീവിതം മാതൃകാപരമാണെന്നും സഭയ്ക്കും സമൂഹത്തിനും മികച്ച സംഭാവനകളാണ് അദ്ദേഹം സമ്മാനിച്ചതെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. സഭാധികാരികളുടെ കല്പനകള്‍ അനുസരിച്ച് ദൈവേഷ്ടത്തിനു വിധേയനായി സഭയെ നയിച്ച അജപാലകനായിരുന്നു മാര്‍ ആന്റണി പടിയറ എന്നും അദ്ദേഹത്തിന്റെ ത്യാഗനിര്‍ഭരമായ ശുശ്രൂഷകള്‍ സീറോമലബാര്‍ സഭക്കും പ്രത്യേകിച്ച് ചങ്ങനാശേരി അതിരൂപതയുടെ വളര്‍ച്ചക്കും കാരണമായതായും മാര്‍ പെരുന്തോട്ടം അനുസ്മരിച്ചു.
മാര്‍ത്തോമ്മാ വിദ്യാനികേതന്‍ പ്രസിദ്ധീകരിച്ച പടിയറ പിതാവിന്റെ തെരഞ്ഞെടുത്ത ഇടയലേഖനങ്ങള്‍ എന്ന പുസ്തകം മാര്‍ ജോര്‍ജ് ആലഞ്ചേരി കോപ്പി മാര്‍ ജോസഫ് പെരുന്തോട്ടത്തിനു നല്‍കി പ്രകാശനം ചെയ്തു. വികാരി ജനറാള്‍ മോണ്‍.തോമസ് പാടിയത്ത് പുസ്തകം പരിചയപ്പെടുത്തി. സിസ്റ്റര്‍ ജെസി എസ്എസ്എംഐ എഴുതിയ ദൈവകൃപയുടെ തീര്‍ത്ഥാടനം കര്‍ദ്ദിനാള്‍ മാര്‍ ആന്റണി പടിയറ എന്ന പുസ്തകം മാര്‍ ജോസഫ് പെരുന്തോട്ടം കോപ്പി മാര്‍ തോമസ് തറയിലിനു നല്‍കി പ്രകാശനം ചെയ്തു.
പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍, തക്കല ബിഷപ്പ് മാര്‍ ജോര്‍ജ് രാജേന്ദ്രന്‍, ചങ്ങനാശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍, ഊട്ടി രൂപതാ വികാരി ജനറാള്‍ മോണ്‍. ക്രിസ്റ്റഫര്‍ ലോറന്‍സ്, ഡിജിപി ടോമിന്‍ ജെ.തച്ചന്‍കരി, മെത്രാപ്പോലീത്തന്‍പള്ളി വികാരി റവ.ഡോ.ജോസ് കൊച്ചുപറന്പില്‍, എഎസ്എംഐ സുപ്പീരിയര്‍ ജനറാള്‍ സിസ്റ്റര്‍ മേഴ്‌സി, സൗത്ത് ഇന്ത്യന്‍ ബാങ്ക് കോട്ടയം ജില്ലാ ജനറല്‍മാനേജര്‍ ഫ്രാന്‍സിസ് ജോസഫ് പടിയറ എന്നിവര്‍ പ്രസംഗിച്ചു.