India - 2025

പ്രവാസികളായ ആതുര ശുശ്രൂഷകരെ ആദരിക്കാൻ ചങ്ങനാശ്ശേരി അതിരൂപതാ പ്രവാസി അപ്പോസ്തലേറ്റ്

പ്രവാചകശബ്ദം 30-09-2021 - Thursday

കോട്ടയം: ചങ്ങനാശേരി അതിരൂപതയിൽ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനം ചെയ്യുന്ന നഴ്‌സുമാരുടെ ആഗോള സംഗമമായ കാരുണ്യസ്പർശം - 2021 ഒക്ടോബർ 2 ശനിയാഴ്ച് വൈകിട്ട് 4.30 ന് ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം ഉദ്‌ഘാടനം ചെയ്യും. അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ മുഖ്യപ്രഭാഷണം നടത്തും. പ്രവാസി അപ്പോസ്തലേറ്റ് ഡയറക്ടർ റവ.ഫാ. റ്റെജി പുതുവീട്ടിൽക്കളം , അസിസ്റ്റന്റ് ഡയറക്ടർ റവ. ഫാ. ജിജോ മാറാട്ടുകളം ചങ്ങനാശ്ശേരി ദേവമാതാ എഫ്‌സിസി പ്രൊവിൻഷ്യൽ റവ. ഡോ. ലിസ് മേരി, ലിറ്റി വർഗീസ്, ശ്രീമതി ബീന സോണി എന്നിവർ സമ്മേളനത്തിൽ ആശംസകൾ അർപ്പിച്ച് സംസാരിക്കും. കൂടാതെ വിവിധ രാജ്യങ്ങളിലെ പ്രതിനിധികളും മീറ്റിംഗിൽ പങ്കെടുക്കുന്നതായിരിക്കും.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആതുര ശുശ്രൂഷ ചെയ്യുന്ന സഹോദരങ്ങളെ ആദരിക്കുകയും, അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നതിനു വേണ്ടിയാണ് ഈ ഓൺലൈൻ മഹാ സംഗമം നടത്തുന്നതെന്ന് അതിരൂപതാ ഡയറക്ടർ റവ. ഫാ റ്റെജി പുതുവീട്ടിൽക്കളം, ഷെവലിയാർ സിബി വാണിയപ്പുരയ്ക്കൽ, ജോ കാവാലം എന്നിവർ അറിയിച്ചു. കാരുണ്യ സ്പർശം - 2021 ന്റെ വിജയത്തിനായി വിവിധ രാജ്യങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ച് വരുന്നു.

കാരുണ്യ സ്പർശത്തോട് അനുബന്ധിച്ച് നഴ്‌സിംഗ്‌ ജീവിതത്തിലെ മറക്കാനാവാത്ത ഹൃദയസ്പർശിയായ അനുഭവങ്ങൾ പങ്കുവയ്ക്കുന്ന മത്സരം നടത്തുന്നതായിരിക്കും. രചനകൾഎഴുതി അയയ്ക്കുകയോ വീഡിയോ സന്ദേശമായി അയയ്ക്കുകയോ ചെയ്യാവുന്നതാണ്. ഹൃദ്യമായ ആവിഷ്ക്കാരത്തിന് പ്രത്യേക സമ്മാനങ്ങൾ നൽകുന്നതായിരിക്കും. മത്സര പരിപാടികൾക്ക് രാജേഷ് കൂത്രപ്പള്ളി, സിസിലി ജോൺ എന്നിവർ നേതൃത്വം നൽകും.

More Archives >>

Page 1 of 417