India - 2025
മദർ തെരേസ സ്കോളർഷിപ്പിനെ കുറിച്ച് അറിയേണ്ടതെല്ലാം
ഡോ. ഡെയ്സൻ പാണേങ്ങാടൻ/ പ്രവാചകശബ്ദം 27-10-2021 - Wednesday
സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് സ്ഥാപനങ്ങളിൽ നഴ്സിംഗ് ഡിപ്ലോമ/ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കു നൽകുന്ന മദർതെരേസ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായാണ് , അപേക്ഷാ സമർപ്പണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 20 ആണ്. സർക്കാർ അംഗീകൃത സെൽഫ് ഫിനാൻസിങ് നേഴ്സിങ് കോളേജു കളിൽ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളിൽ മെറിറ്റ് സീറ്റിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്.
സ്റ്റേറ്റ് മെറിറ്റ് ക്വാട്ടയിലാണ് പ്രവേശനം നേടിയതെന്നു തെളിയിക്കുന്നതിന് അലോട്ട്മെന്റ് മെമ്മോയോ സ്ഥാപനമേധാവിയുടെ സർട്ടിഫിക്കറ്റോ ഹാജരാക്കേണ്ടതാണ്.അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് 15,000/- രൂപയാണ് സ്കോളർഷിപ്പ് ലഭിക്കും. ജനസംഖ്യനുപാതത്തിൽ നൽകുന്ന മദർതെരേസ സ്കോളർഷിപ്പിന്, ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കേ,അപേക്ഷിക്കാനാകൂ.
അപേക്ഷകർ,പ്ലസ് ടു പരീക്ഷയിൽ 45% മാർക്ക് നേടിയിരിക്കണം. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗങ്ങളിലെ 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുളള എ.പി.എൽ. വിഭാഗത്തെയും പരിഗണിക്കുന്നതാണ്. 50% സ്കോളർഷിപ്പ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. നിശ്ചിത ശതമാനം പെൺകുട്ടികൾ ഇല്ലാത്തപക്ഷം അർഹരായ ആൺകുട്ടികൾക്കും സ്കോളർഷിപ്പ് നൽകുന്നതാണ്. വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും.
നിലവിൽ കോഴ്സിൽ ഒന്നാം വർഷം ചേർന്നവർക്കും ഈ അക്കാദമിക രണ്ടാം വർഷം പഠിക്കുന്നവർക്കും സ്കോളർഷിപ്പിനായി അപേക്ഷിക്കാവുന്നതാണ്. എന്നാൽ ഒറ്റത്തവണ മാത്രമേ സ്കോളർഷിപ്പ് ലഭിക്കുകയുള്ളൂ. കഴിഞ്ഞ വർഷം സ്കോളർഷിപ്പിന് അപേക്ഷിച്ച് ലഭിച്ചവർ ഈ വർഷം അപേക്ഷിക്കേണ്ടതില്ല.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
APPLY ONLINE
(ലേഖകനായ ഡോ.ഡെയ്സൻ പാണേങ്ങാടൻ സീറോ മലബാർ കുടുംബ കൂട്ടായ്മ സെക്രട്ടറിയും തൃശ്ശൂർ സെന്റ്. തോമസ് കോളേജിലെ അസിസ്റ്റന്‍റ് പ്രഫസറുമാണ് )