India - 2025
സഭയെന്നാൽ മാമ്മോദീസാ സ്വീകരിച്ച എല്ലാവരുടെയും സജീവമായ ഒത്തുചേരല്‍: കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി
പ്രവാചകശബ്ദം 02-11-2022 - Wednesday
കൊച്ചി: സഭയെന്നാൽ മാമ്മോദീസാ സ്വീകരിച്ച എല്ലാവരുടെയും സജീവമായ ഒത്തുചേരലാണെന്ന് കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. കെസിബിസിയുടെ ആഭിമുഖ്യത്തിൽ കേരളസഭാ നവീകരണാചരണത്തിന്റെ ഭാഗമാ യുള്ള വിമല ഹൃദയ പ്രതിഷ്ഠ പാലാരിവട്ടം പിഒസിയിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്ത സിനഡാത്മക സഭ യാഥാർഥ്യമാക്കപ്പെടുന്നതിന് ഒരുമിച്ചു നടക്കുന്ന പ്രക്രിയ ശക്തമാക്കപ്പെടണം. സഭയെന്നാൽ മാമ്മോദീസാ സ്വീകരിച്ച എല്ലാവരുടെയും സജീവമായ ഒത്തുചേരലാണ്. ഒരുതരത്തിലുമുള്ള വേർതിരിവുകൾ ഈ കൂട്ടായ്മയിൽ ഉണ്ടാകുന്നില്ലെന്നും കർദ്ദിനാൾ പറഞ്ഞു.
ആരും മുന്നിലുമല്ല പിന്നിലുമല്ല; ഒരുമിച്ചാണ് നടക്കുന്നത്. നമ്മെ നയിക്കുന്നതാകട്ടെ യേശുക്രിസ്തുവും. എമ്മാവൂസിലേക്കുപോയ ശിഷ്യന്മാരോടൊപ്പം നടന്ന് അവരെ ദൈവികരഹസ്യങ്ങളിലേക്ക് ആഴത്തിലിറങ്ങാൻ സഹായിച്ചതുപോലെ തന്നെയാണ് ഈ കാലഘട്ടത്തിൽ നമ്മോടൊപ്പം നടക്കുന്ന ഈശോയും നമ്മെ പ്രേരിപ്പിക്കുന്നത്. അതിനാൽ സർവതല സ്പർശിയായ മാനസാന്തരത്തിലൂടെ വ്യക്തികളുടെ ജീവിതത്തിൽ നവീകരണം സാധ്യമാകുന്നതുവഴി സഭയിലാകമാനം പുതുചൈതന്യം നിറയ്ക്കാൻ നമുക്കു കഴിയും.
പരിശുദ്ധ കന്യകാമറിയം ഈശോയെ ലോകത്തിനു നൽകുക മാത്രമല്ല, അവിടത്തോടൊപ്പം രക്ഷാകര യാത്രയിൽ പങ്കാളിയായിക്കൊണ്ട് ക്രിസ്തുവിന്റെ സഹനത്തെ തന്റേതുകൂടിയായി പരിണമിപ്പിക്കുകയാണ് ചെയ്തത്. അപ്രകാരം ക്രിസ്തുവിന്റെ സഹനത്തിൽ നമുക്കും പങ്കുകാരാകാം എന്ന് അമ്മ പഠിപ്പിച്ചു. മാതാവിന്റെ വിമലഹൃദയത്തിന് കേരളസഭയെ പ്രതിഷ്ഠിക്കുമ്പോൾ കേരളസഭയ്ക്ക് അമ്മയുടെ സംരക്ഷണം ലഭിക്കുന്നു എന്നു മാത്രമല്ല അമ്മയെപ്പോലെ ക്രിസ്തുരഹസ്യത്തിന്റെ ഭാഗഭാക്കുകളായി തീരുന്നതിനും നമുക്കു കഴിയും. ഈ നവീകരണകാലം നമ്മെ സംബന്ധിച്ചിടത്തോളം പരിശുദ്ധ കന്യകാമറിയത്തോടൊപ്പമുള്ള ക്രിസ്ത്വാനുകരണമായി ഭവിക്കട്ടെയെന്നും മാർ ആലഞ്ചേരി പറഞ്ഞു.