News - 2025

ശ്രീലങ്കയിലെ ക്രൈസ്തവ ആരാധനാലയം ബുദ്ധമത വിശ്വാസികള്‍ അടിച്ചു തകര്‍ത്തു: മരത്തിന് ചുവട്ടില്‍ പ്രാര്‍ത്ഥന തുടര്‍ന്നു ക്രൈസ്തവര്‍

സ്വന്തം ലേഖകന്‍ 16-01-2017 - Monday

കൊളംമ്പോ: ശ്രീലങ്കയിലെ ക്രൈസ്തവ ആരാധനാലയം ബുദ്ധമത സന്യാസിയുടെ നേതൃത്വത്തില്‍ അടിച്ചു തകര്‍ത്തു. വടക്കു കിഴക്കന്‍ ശ്രീലങ്കയിലെ പഹരാല്യ എന്ന ഗ്രാമത്തിലെ 'കിതു സേവന' (ക്രിസ്തുവിന്റെ വീട്) എന്ന ആരാധന കേന്ദ്രമാണ് ബുദ്ധമതവിശ്വാസികള്‍ നശിപ്പിച്ചത്. ഈ മാസം 5-ാം തീയതിയാണ് സംഭവം നടന്നത്. അതേ സമയം സംഭവം നടന്നിട്ട് പത്തു ദിവസങ്ങള്‍ പിന്നിടുമ്പോഴും പോലീസ് നിശ്ബ്ദത തുടരുകയാണെന്ന് ക്രൈസ്തവര്‍ പരാതിപ്പെടുന്നു.

പഹരാല്യ ഗ്രാമത്തിലെ 15 കുടുംബങ്ങളിലെ അംഗങ്ങളും ദൂരെ നിന്നും വരുന്ന 20 വിശ്വാസികളുമുള്ള ചെറിയ ഒരു ക്രൈസ്തവ കൂട്ടായ്മയാണ് കിതു സേവനയില്‍ പ്രാര്‍ത്ഥനാ കൂട്ടായ്മ നടത്തി കൊണ്ടിരിന്നത്. 15 വര്‍ഷത്തിന് മുമ്പാണ് ഇത്തരമൊരു കേന്ദ്രം ഇവിടെ ആരംഭിച്ചതെന്ന് വൈദികനായ രഞ്ജന്‍ പാലിത്ത പറഞ്ഞു. ചില ഭീഷണികള്‍ ബുദ്ധമതക്കാരുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നുവെന്നതല്ലാതെ അവര്‍ ആക്രമണം അഴിച്ചുവിടുമെന്ന് ആരും കരുതിയിരുന്നില്ലെന്നും വൈദികന്‍ പറയുന്നു.

ആരാധനാലയം അടിച്ചു തകര്‍ത്ത ബുദ്ധമത സന്യാസികള്‍ക്കും അക്രമികള്‍ക്കും എതിരെ 200 ദൃക്‌സാക്ഷികള്‍ പോലീസ് സ്‌റ്റേഷനില്‍ ചെന്ന് പരാതി നല്‍കിയിട്ടും പ്രയോജനമുണ്ടായിട്ടില്ല. 12 പേരെ പോലീസ് കസ്റ്റഡില്‍ എടുത്തെങ്കിലും ഇവരെ പിന്നീട് വെറുതെ വിട്ടു. ബുദ്ധമത വിശ്വാസം ഉപേക്ഷിച്ച് അനേകര്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നതാണ് ആക്രമണത്തിന് പിന്നിലെ പ്രേരക ശക്തിയെന്ന്‍ വിലയിരുത്തപ്പെടുന്നു.

അതേ സമയം പ്രാര്‍ത്ഥനാ ശുശ്രൂഷകളെ തടയാന്‍ ആര്‍ക്കും കഴിയില്ലായെന്നും മരത്തിന് ചുവട്ടില്‍ തങ്ങള്‍ പ്രാര്‍ത്ഥന തുടരുമെന്നും കിതു സേവനയിലെ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കുന്ന വസന്ത എന്ന കര്‍ഷകന്‍ 'ഏഷ്യാന്യൂസ്' എന്ന മാധ്യമത്തോട് പറഞ്ഞു.

"ഒരു തരത്തിലുള്ള ആക്രമണത്തിനും ഞങ്ങളുടെ വിശ്വാസത്തെ തടയുവാന്‍ കഴിയുകയില്ല. ഇവിടെയുള്ള മരത്തിന്റെ ചുവട്ടില്‍ ഞങ്ങള്‍ പ്രാര്‍ത്ഥന തുടരുന്നു. ഞങ്ങളെ ആക്രമിച്ചവരോട് പകരം ചോദിക്കുവാന്‍ ഞങ്ങള്‍ തുനിയില്ല. കാരണം പ്രതികാരം കര്‍ത്താവിനുള്ളതാണെന്ന് അവിടുത്തെ വചനം പഠിപ്പിക്കുന്നു. ആക്രമണത്തിന് നേതൃത്വം നല്‍കിയവരുടെ ശക്തമായ മാനസാന്തരത്തിനായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു". വസന്ത പറഞ്ഞു. നേരത്തെ പുതുവര്‍ഷ ദിനത്തിലും ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം ഉണ്ടായിരിന്നു.

More Archives >>

Page 1 of 128