News - 2025
പഞ്ചാബിലെ ക്രിസ്ത്യാനികളെ രാഷ്ട്രീയവൃത്തങ്ങള്‍ അവഗണിക്കുന്നുവെന്ന് ക്രൈസ്തവ നേതാക്കള്‍
സ്വന്തം ലേഖകന്‍ 03-02-2017 - Friday
ചണ്ഡിഗഡ്: പഞ്ചാബിലെ ക്രൈസ്തവര്‍ക്ക് രാഷ്ട്രീയവൃത്തങ്ങള്‍ ആവശ്യമായ പരിഗണന നല്‍കുന്നില്ലായെന്ന പരാതിയുമായി ക്രൈസ്തവ നേതാക്കള്‍ രംഗത്ത്. സിക്ക് മതവിശ്വാസികള്‍ കൂടുതലുള്ള സംസ്ഥാനത്തു, ക്രൈസ്തവരുടെ വോട്ടുകള്‍ നിര്‍ണ്ണായകമാകുമെന്നും നേതാക്കള്‍ ചൂണ്ടികാണിക്കുന്നു. ന്യൂനപക്ഷങ്ങളായ തങ്ങളെ കൂടി പരിഗണിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങളുമായി മാത്രമേ സഹകരിക്കൂയെന്നും ക്രൈസ്തവര്‍ പറയുന്നു. 117 നിയമസഭാ സീറ്റുകള്‍ ഉള്ള പഞ്ചാബില്‍ നാളെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ബിജെപി-അകാലിദള്‍ സംഖ്യവും, കോണ്‍ഗ്രസും, ആം ആദ്മി പാര്‍ട്ടിയും തമ്മിലുള്ള ശക്തമായ ത്രികോണ മത്സരമാണ് പഞ്ചാബില്‍ നടക്കുന്നത്. ഹൈന്ദവ വിശ്വാസികളോട് കൂടുതല്‍ അടുപ്പം പുലര്‍ത്തുന്ന ബിജെപി-അകാലിദള്‍ സംഖ്യത്തിന്റെ കൈയിലാണ് സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ ഭരണം. സംസ്ഥാനത്തെ ക്രൈസ്തവ ജനസംഖ്യയുടെ ശരിയായ കണക്കുകളല്ല ഔദ്യോഗികമായി പ്രചരിക്കുന്നതെന്ന് ജലന്തര്‍ രൂപതയുടെ വക്താവ് ഫാദര്‍ പീറ്റര്‍ കാവുംപുറം ചൂണ്ടികാണിക്കുന്നു.
"സംസ്ഥാനത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും പഞ്ചാബിലെ ക്രൈസ്തവരെ ശരിയായി പരിഗണിക്കുന്നില്ല. രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക രംഗങ്ങളില്‍ സംസ്ഥാനത്തെ ക്രൈസ്തവ വിശ്വാസികള്‍ ഒരുപോലെ പിന്നിലാണ്. ഈ അവസ്ഥയ്ക്ക് മാറ്റം വരണമെന്ന് ക്രൈസ്തവര്‍ ഏറെ നാളായി ആഗ്രഹിക്കുകയും, പ്രസ്തുത ആവശ്യവുമായി രാഷ്ട്രീയ നേതൃത്വങ്ങളെ സമീപിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ക്രൈസ്തവരുടെ പ്രശ്‌നങ്ങളെ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യുന്നില്ല". ഫാദര്‍ പീറ്റര്‍ കാവുംപുറം പറഞ്ഞു.
പഞ്ചാബ് ക്രിസ്ത്യന്‍ യുണൈറ്റഡ് ഫോറം എന്ന സംഘടന അടുത്തിടെ നടത്തിയ പഠനത്തില്‍ സംസ്ഥാനത്തെ ക്രൈസ്തവ ജനസംഖ്യയുടെ യഥാര്‍ത്ഥ കണക്കുകള്‍ പുറത്തുവന്നിരുന്നു. 2011-ലെ കേന്ദ്ര സര്‍ക്കാര്‍ സെന്‍സസ് പ്രകാരം സംസ്ഥാനത്ത് 2,70,000 ക്രൈസ്തവര്‍ മാത്രമാണ് ഉള്ളത്. ആകെ ജനസംഖ്യയുടെ ഒരു ശതമാനം മാത്രമാണിത്. എന്നാല്‍ പഞ്ചാബില്‍ നാലു മില്യണ്‍ ക്രൈസ്തവര്‍ ഉണ്ടെന്നാണ് ഫോറം നടത്തിയ പഠനത്തില്‍ തെളിഞ്ഞത്. പഞ്ചാബിലെ മൊത്തം ജനസംഖ്യയുടെ 15 ശതമാനത്തോളം വരും ഇത്.
"സംസ്ഥാനത്തെ ക്രൈസ്തവ വിശ്വാസികളില്‍ നല്ലൊരു പങ്കും ഇതിന് മുമ്പ് ദളിത് വിഭാഗത്തില്‍ ഉള്‍പ്പെട്ടിരുന്നവരാണ്. ദളിത് വിഭാഗത്തില്‍ നിന്നും ക്രൈസ്തവരായി മാറിയ ഇവര്‍ക്ക്, സര്‍ക്കാര്‍ ദളിതര്‍ക്ക് നല്‍കുന്ന ഒരു ആനുകുല്യവും ലഭിക്കുന്നില്ല. ഈ സ്ഥിതികാരണം പലരും തങ്ങളുടെ സര്‍ക്കാര്‍ രേഖകളില്‍ മതം മാറിയ വിവരം മറച്ചുവയ്ക്കാറാണ് പതിവ്. അവര്‍ ഹിന്ദു ദളിതരായി തന്നെ തുടരും. ഇതു മൂലമാണ് സംസ്ഥാനത്ത് ക്രൈസ്തവരുടെ എണ്ണം ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് ഉള്ളതെന്ന് സര്‍ക്കാര്‍ രേഖകള്‍ പറയുന്നത്. ക്രൈസ്തവരായി മാറിയ ദളിതര്‍ക്കും, സംവരണം ഉള്‍പ്പെടെയുള്ള ആനുകുല്യങ്ങള്‍ നല്‍കണമെന്ന ആവശ്യം പലപ്പോഴും ഉയര്‍ന്നു വന്നിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ വിഷയത്തില്‍ ഒരു തീരുമാനവും സ്വീകരിച്ചിട്ടില്ല". ഫാദര്‍ പീറ്റര്‍ കാവുംപുറം ചൂണ്ടികാണിച്ചു.
പഞ്ചാബ് ക്രിസ്ത്യന്‍ യുണൈറ്റഡ് ഫോറത്തിന്റെ പ്രസിഡന്റായ ജോര്‍ജ് സോണിയും ക്രൈസ്തവരെ പരിഗണിക്കാത്ത രാഷ്ട്രീയ നേതൃത്വത്തിന്റെ നടപടിയിലുള്ള പ്രതിഷേധം രേഖപ്പെടുത്തി. ദളിത് വിഭാഗത്തില്‍ നിന്നും ക്രൈസ്തവരായി മാറുന്നവര്‍ക്ക്, അനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് 1994-ല്‍ സര്‍ക്കാര്‍ പ്രത്യേക നിയമം കൊണ്ടുവരാമെന്ന് വാഗ്ദാനം ചെയ്തിരുന്നതായി ജോര്‍ജ് സോണി പറഞ്ഞു. എന്നാല്‍ ഇതുവരെ നടപടികള്‍ ഒന്നും തന്നെ സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.