News
ഫാ. ടോമിന്റെ മോചനം ആവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ അകത്തും പുറത്തും പ്രതിഷേധം
സ്വന്തം ലേഖകന്‍ 07-02-2017 - Tuesday
ന്യൂഡൽഹി: യെമനിൽ ഭീകരർ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനം വൈകുന്നതിനെതിരെ പാർലമെന്റിന്റെ പുറത്തു ശക്തമായ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. കേരളത്തില്‍ നിന്നുള്ള എംപിമാരുടെ സാന്നിധ്യത്തിൽ ജന്തർ മന്തറിൽ ഇന്നലെ നടന്ന വൻ പ്രതിഷേധ ധർണയില്‍ നൂറുകണക്കിനു വിശ്വാസികള്‍ പങ്കെടുത്തു. ഫാ. ടോമിന്റെ കാര്യത്തില്‍ രാജ്യത്തിനാകെ ആശങ്കയുണ്ടെന്നും എത്രയും വേഗം മോചനം സാധ്യമാക്കാൻ കേന്ദ്രസർക്കാർ ഊര്‍ജിത നടപടി സ്വീകരിക്കണമെന്നും ഫരീദാബാദ് രൂപത ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര ആവശ്യപ്പെട്ടു.
"ലോകമെമ്പാടും ഏറ്റവുമധികം പീഡിക്കപ്പെടുന്ന ജനത ക്രൈസ്തവരാണ്. അറബ് മേഖലയിൽ മാത്രം ദിവസേന 11 പേർ വീതം കൊല്ലപ്പെടുന്നതായുള്ള കണക്കുകൾ നടുക്കുന്നതാണ്. രക്തസാക്ഷിത്വം കൊണ്ടു ക്രൈസ്തവസഭ തളരില്ല. ആഭ്യന്തരയുദ്ധത്തിലും ഭീകരാക്രമണങ്ങളിലും കൊടിയ ദുരിതം അനുഭവിക്കുന്നവരെ ശുശ്രൂഷിക്കാനാണു ഫാ. ടോമും രക്തസാക്ഷിത്വം വരിച്ച കന്യാസ്ത്രീകളും യെമനിൽ പ്രവർത്തിച്ചത്. വൈദികന്റെ മോചനം ഉറപ്പാക്കാൻ രാജ്യം ഒറ്റക്കെട്ടായി പ്രവർത്തിക്കണം". മാർ ഭരണികുളങ്ങര പറഞ്ഞു.
ഫാ. ടോമിന്റെ മോചനം ഉറപ്പാക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെടണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. കത്തോലിക്ക കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് വി.വി. അഗസ്റ്റിൻ അധ്യക്ഷത വഹിച്ച ധർണയിൽ ജനറൽ സെക്രട്ടറി അഡ്വ. ബിജു പറയന്നിലം വിഷയാവതരണം നടത്തി. എംപിമാരായ ജോസ് കെ. മാണി, പ്രഫ. കെ.വി. തോമസ്, പി. കരുണാകരൻ, കെ.സി വേണുഗോപാൽ, ആന്റോ ആന്റണി, ജോയി ഏബ്രഹാം, ജോയിസ് ജോർജ്, എൻ.കെ. പ്രേമചന്ദ്രൻ, എ. സമ്പത്ത്, എം.ഐ.ഷാനവാസ്, എം.കെ. രാഘവൻ എന്നിവർ പ്രസംഗിച്ചു.
അതേ സമയം ടോം ഉഴുന്നാലിലിനെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ജോയ്സ് ജോര്‍ജ് എംപി ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി. തട്ടിക്കൊണ്ടുപോയി മാസങ്ങളേറെയായിട്ടും വൈദികനെ മോചിപ്പിക്കുന്നതിന് ക്രിയാത്മകമായ യാതൊരു ഇടപെടലുകളും സര്‍ക്കാര്‍ നടത്തുന്നില്ലെന്ന് എം.പി പ്രമേയത്തില്‍ ആരോപിച്ചു. എന്നാല്‍, സ്പീക്കര്‍ അവതരണാനുമതി നിഷേധിക്കുകയായിരിന്നു.