News - 2025
കുരിശിലെ മഹാത്യാഗത്തിന്റെ ഓര്‍മ്മ പുതുക്കി ഇന്ന് ദുഃഖവെള്ളി
സ്വന്തം ലേഖകന്‍ 14-04-2017 - Friday
കൊച്ചി: മാനവവംശത്തിന്റെ പാപമോചനത്തിനായി കുരിശുമരണം വരിച്ച യേശുവിന്റെ മഹാ ത്യാഗത്തിന്റെ ഓര്‍മകള്‍ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും ദിനമായ ഇന്ന് ദേവാലയങ്ങളില്‍ പ്രത്യേക ശുശ്രൂഷ നടക്കും. പ്രമുഖ തീര്‍ഥാടനകേന്ദ്രമായ മലയാറ്റൂരിലേക്കു വിശ്വാസികളുടെ ഒഴുക്ക് തുടരുകയാണ്.
മലയാറ്റൂര്‍, വാഗമണ്‍ കുരിശുമല, കനകമല വയനാട് ചുരം തുടങ്ങിയ സ്ഥലങ്ങളില്‍ ആയിരകണക്കിന് വിശ്വാസികള്‍ പരിഹാര പ്രദക്ഷിണം നടത്തും. തിരുവനന്തപുരത്ത് ലത്തീൻ, സീറോ മലബാർ, സീറോ മലങ്കര സഭകളുടെ സംയുക്താഭിമുഖ്യത്തിൽ കുരിശിന്റെ വഴിനടക്കും. രാവിലെ 7ന് പാളയം സെന്റ് ജോസഫ്സ് കത്തീഡ്രൽ അങ്കണത്തിലാണ് കുരിശിന്റെ വഴിയുടെ തുടക്കം.
പരിഹാര പ്രദിക്ഷണം സെന്റ് ജോസഫ്സ് കത്തീഡ്രലിൽ സമാപിക്കും. മലങ്കര കത്തോലിക്കാസഭ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കബാവ പ്രാരംഭ സന്ദേശവും ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യം സമാപന സന്ദേശവും നൽകും.
കനകമല മാർതോമ കുരിശുമുടി തീർഥാടന കേന്ദ്രത്തിൽ ഇന്ന് വൈകീട്ട് നാലിന് വിശുദ്ധ കുരിശിന്റെ പ്രദക്ഷിണം നടക്കും. ഇരിങ്ങാലക്കുട രൂപതാ മെത്രാൻ മാർ പോളികണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് പ്രദക്ഷിണം ശ്ലീവപാതയിലൂടെ കുരിശുമുടിയിലെത്തിച്ചേരും. വൈകീട്ട് അഞ്ചിന് മാർ പോളി കണ്ണൂക്കാടൻ പീഡാനുഭവ സന്ദേശം നൽകും.
ഇന്നു രാവിലെ 10.30ന് അടിവാരത്തു നിന്നാരംഭിക്കുന്ന വയനാടൻ ചുരത്തിലെ കുരിശിന്റെ വഴിയിൽ കേരളത്തിനകത്തും പുറത്തും നിന്നുള്ള പതിനായിരങ്ങൾ പങ്കെടുക്കും. രാവിലെ 10.30ന് അടിവാരത്തെ ഗദ്സെമനിൽ നിന്നാണ് വയനാടൻ ചുരത്തിലെ കുരിശിന്റെവഴി ആരംഭിക്കുക. വ്യാഴാഴ്ച അർധരാത്രി മുതൽ വിശ്വാസികൾ ചുരത്തിൽ സ്വന്തമായി കുരിശിന്റെ വഴി ആരംഭിച്ചു.
ദുഃഖവെള്ളിയാഴ്ചയിലെ കര്‍മങ്ങള്‍ വത്തിക്കാന്‍ ബസിലിക്കയില്‍ വൈകിട്ട് 5 മണിക്കും നടക്കും. റോമിലെ കൊളോസ്സിയത്തില്‍ രാത്രി 9.15-നും കുരിശിന്റെ വഴിയും നടക്കും. മാര്‍പാപ്പയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന കുരിശിന്റെ വഴിക്കു ധ്യാനവിചിന്തനങ്ങള്‍ ഉള്‍പ്പെടുത്തിയ പുസ്തകം അടുത്തിടെയാണ് പുറത്തിറക്കിയത്.