News - 2025
പെസഹാവ്യാഴം മുതൽ ഉയിർപ്പുഞായർ വരെയുള്ള ഓരോ ദിവസത്തെയും പറ്റി ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകൾ
സ്വന്തം ലേഖകന്‍ 13-04-2017 - Thursday
ഓരോ ക്രൈസ്തവന്റെയും വിശ്വാസ ജീവിതത്തിലെ സുപ്രധാന ദിനങ്ങളായ, പെസഹാ വ്യാഴം മുതൽ ഉയിർപ്പു ഞായർ വരെയുള്ള ഓരോ ദിവസങ്ങളുടെയും പ്രാധാന്യം വ്യക്തമാക്കികൊണ്ട് ഫ്രാൻസിസ് മാർപാപ്പ.
പെസഹാ വ്യാഴത്തിലെ അവസാന മണിക്കൂറുകളിൽ തുടങ്ങി, ഈസ്റ്റർ ഞായറാഴ്ച്ചയിലെ വൈകുന്നേരം വരെയുള്ള മൂന്നു ദിനങ്ങളെയാണ് 'Triduum' എന്നതുകൊണ് ഉദ്ദേശിക്കുന്നത്. അതിൽ പെസഹാ വ്യാഴം, ദുഃഖവെള്ളി, ദുഃഖശനി എന്നിവയിലൂടെ നാം ഈസ്റ്റർ ഞായറിൽ എത്തിച്ചേരുന്നു.
"ദൈവത്തിന്റെ കരുണയും സ്നേഹവും അനന്തമാണ്. അങ്ങനെ അവിടുന്ന് നമുക്കു വേണ്ടി സ്വയം സമർപ്പിച്ചു. ഉയിർപ്പിന്റെ തിരുന്നാൾ വലിയൊരു സ്നേഹത്തിന്റെ കഥയാണ്. ആ സ്നേഹത്തിന് അതിരുകളില്ല, നിബന്ധനകളില്ല." അദ്ദേഹം പറഞ്ഞു.
പെസഹാ വ്യാഴം: പെസഹാ വ്യാഴത്തിൽ നടന്ന സംഭവങ്ങൾ പിതാവ് വിവരിച്ചു. "അന്ന് യേശു തന്റെ ശിഷ്യരുടെ പാദങ്ങൾ കഴുകുന്നു. അവസാന അത്താഴത്തിൽ വിശുദ്ധ കുർബ്ബാന സ്ഥാപിക്കുന്നു. തന്റെ അനുയായികൾ എന്താണ് ലോകത്ത് ചെയ്യേണ്ടത് എന്ന് യേശു അന്ന് ശിഷ്യന്മാർക്ക് കാണിച്ചു കൊടുക്കുന്നു.
ദിവ്യബലി ലോകത്തിനുള്ള സേവനമാണ്. ശരീരത്തിലും അത്മാവിലും വിശക്കുന്നവരെ ഊട്ടുക. അതായിരിക്കണം നമ്മുടെ ദൗത്യം.
ദുഃഖവെള്ളി: പിന്നീട് നാം ദുഃഖവെള്ളിയിലേക്ക് പ്രവേശിക്കുന്നു. "അത് സ്നേഹത്തിന്റെ നിമിഷമാണ്. മനുഷ്യനോടുള്ള സ്നേഹത്തെപ്രതി ദൈവം തന്റെ പുത്രനെ കുരിശു മരണത്തിന് ഏൽപ്പിച്ചു കൊടുത്ത ദിവസം! ദൈവം തന്നെ സ്വയം മരണത്തിനേൽപ്പിച്ചു കൊടുക്കുന്ന സ്നേഹം നമുക്ക് ജീവിതത്തിൽ പ്രാവർത്തികമാക്കാം".
ദുഃഖശനി: "അതിനു ശേഷമുള്ള ശനിയാഴ്ച്ച ദൈവത്തിന്റെ നിശ്ശബ്ദതയുടെ ദിവസമാണ്. സാധ്യമായ വിധത്തിൽ ആ ദിവസം നമുക്ക് നിശബ്ദമായി ആചരിക്കാം. നിശബ്ദമായ പ്രാർത്ഥനയോടെ നമുക്ക് ദൈവപുത്രന്റെ ഉയിർത്തെഴുന്നേൽപ്പിനായി കാത്തിരിക്കാം.
കല്ലറയിലടക്കപ്പെടുന്ന യേശു മനുഷ്യകുലത്തിന്റെ പൊതുവായ അന്ത്യത്തിൽ പങ്കുചേരുകയാണ്.
ഉയിർപ്പു ഞായർ: ഈസ്റ്റർ ദിനത്തിൽ, മനുഷ്യവർഗ്ഗത്തിന് പ്രത്യാശയേകി കൊണ്ട് ദൈവപുത്രൻ ഉയിർത്തെഴുന്നേൽക്കുന്നു. ആ പ്രത്യാശയാണ് നമ്മുടെ ജീവിതത്തിന് അർത്ഥം നൽകുന്നത്." ബുധനാഴ്ചയിലെ പൊതു പ്രഭാഷണത്തിൽ മാർപാപ്പ പറഞ്ഞു.
(Originally published on 24th March, 2016)