News
ഫാത്തിമയിലെ ഇടയബാലകര്‍ ഇനി വിശുദ്ധർ: പ്രഖ്യാപനത്തിന് സാക്ഷ്യം വഹിച്ച് ലക്ഷങ്ങൾ
സ്വന്തം ലേഖകന്‍ 14-05-2017 - Sunday
ഫാത്തിമ: പോർച്ചുഗലിലെ ഫാത്തിമയിൽ പരിശുദ്ധ കന്യാമറിയത്തിന്റെ ദർശനം ലഭിച്ച മൂന്ന് ഇടയക്കുട്ടികളിൽ രണ്ടു പേരെ ഫ്രാന്‍സിസ് പാപ്പ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തി. വിശ്വപ്രസിദ്ധ തീർഥാടനകേന്ദ്രമായ ഫാത്തിമയിലെ ബസിലിക്കയ്ക്കു പുറത്തു സജ്ജീകരിച്ച വേദിയിൽ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ നാലു ലക്ഷത്തിലേറെ വിശ്വാസികളെ സാക്ഷി നിര്‍ത്തിയാണ് ഫ്രാൻസിസ്കോ മാർത്തോയെയും ജസീന്ത മാർത്തോയെയും ഫ്രാൻസിസ് മാർപാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചത്.
കത്തോലിക്കാ സഭയിൽ രക്തസാക്ഷികളല്ലാത്ത വിശുദ്ധരിൽ ഏറ്റവും പ്രായം കുറഞ്ഞവരാണ് ഇരുവരും. ഫാത്തിമയിൽ മാതാവിന്‍റെ ദര്‍ശനം ഉണ്ടായതിന്റെ നൂറാം വാർഷികദിനത്തിലാണ് ഇടയബാലകര്‍ മധ്യസ്ഥരായി തീര്‍ന്നത്. 1917 മേയ് 13ന് ആയിരുന്നു കന്യകാമറിയത്തിന്റെ ആദ്യദർശനം. അന്നു ഫ്രാൻസിസ്കോയ്ക്ക് ഒൻപതും ജസീന്തയ്ക്ക് ഏഴും വയസ്സായിരുന്നു. തുടർന്ന് ഒക്ടോബർ വരെയുള്ള കാലത്തിനിടെ ആറുതവണകൂടി കന്യകാമറിയത്തിന്റെ ദർശനം ഇവർക്കു ലഭിച്ചു. രണ്ടുവർഷത്തിനുശേഷം അസുഖബാധിതരായി ഇരുവരും മരിച്ചെങ്കിലും ഫാത്തിമയിലെ മാതാവിന്റെ ദർശനസ്ഥലം സഭയുടെ പേരുകേട്ട മരിയ തീർഥാടനകേന്ദ്രങ്ങളിലൊന്നായി മാറി.
പ്രാദേശിക സമയം രാവിലെ പത്തിനു ചടങ്ങുകൾ ആരംഭിച്ചു. വിശുദ്ധ പ്രഖ്യാപനച്ചടങ്ങിൽ പങ്കെടുക്കാൻ ദിവസങ്ങൾക്കു മുൻപേ ഫാത്തിമയിലേക്കു തീർഥാടകരുടെ ഒഴുക്കു തുടങ്ങിയിരുന്നു. ചടങ്ങിനു സാക്ഷികളാവാൻ മെച്ചപ്പെട്ട സ്ഥലം കിട്ടാൻ മിക്കവരും സമ്മേളന സ്ഥലത്തുതന്നെയാണു രാത്രി കഴിച്ചുകൂട്ടിയത്. പതിനായിരക്കണക്കിനുപേർ സമീപത്തെ തെരുവുകളിൽ ബിഗ് സ്ക്രീനിലും ചടങ്ങുകൾക്കു സാക്ഷികളായി. വിശുദ്ധപദ പ്രഖ്യാപനത്തിന് മുന്നോടിയായി ബസിലിക്കയുടെ ചുമരിൽ ജസീന്തയുടെയും ഫ്രാൻസിസ്കോയുടെയും ഛായാചിത്രങ്ങൾ പതിച്ചിരുന്നു.
ഫാത്തിമയിലെ ഇടയക്കുട്ടികളെ വിശുദ്ധരായി പ്രഖ്യാപിക്കുന്നതിനുള്ള അദ്ഭുതം ബ്രസീലിൽനിന്ന് ലൂക്കാസ് ബാപ്റ്റിസ്റ്റ എന്ന അഞ്ചുവയസ്സുകാരന്റെ തലച്ചോറിലെ മാരക മുറിവ് സൗഖ്യമായതാണ്, വൈദ്യശാസ്ത്രത്തിനു തെളിയിക്കാൻ പറ്റാത്ത അദ്ഭുതമായി വത്തിക്കാൻ തിരുസംഘം അംഗീകരിച്ചത്. 2013ൽ ബ്രസീലിലെ വീട്ടിൽ അനിയത്തിക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ 21 അടി താഴ്ചയിലേക്കു വീണ ലൂക്കാസ് ബാപ്റ്റിസ്റ്റയുടെ തലച്ചോറിന്റെ ഒരു ഭാഗം നഷ്ടപ്പെട്ടെന്നായിരുന്നു ഡോക്ടർമാരുടെ കണ്ടെത്തൽ.
തുടർന്നു ഫാത്തിമയിലെ ഇടയക്കുട്ടികളോടു പ്രാർഥിച്ചതുവഴി വൈദ്യശാസ്ത്രത്തെ തന്നെ അമ്പരപ്പിച്ചുകൊണ്ടു ലക്കാസ് ബാപ്റ്റിസ്യ്ക്കു സൌഖ്യം ലഭിച്ചതായി മാതാപിതാക്കൾ സാക്ഷ്യപ്പെടുത്തുകയായിരിന്നു. പിന്നീട് സൗഖ്യാനുഭവം നാമകരണത്തിനു വേണ്ടിയുള്ള വത്തിക്കാൻ തിരുസംഘം പഠനത്തിന് വിധേയമാക്കി.
ഇക്കഴിഞ്ഞ മാര്‍ച്ച് 23-ന് ഫ്രാന്‍സിസ് പാപ്പാ നാമകരണ തിരുസംഘത്തിന്റെ പ്രിഫെക്ടായ കര്‍ദ്ദിനാള്‍ ആഞ്ചലോ അമാട്ടോയുമായി കൂടിക്കാഴ്ച നടത്തിയിരിന്നു. ഈ കൂടിക്കാഴ്ചക്കിടക്കാണ് ഇടയബാലകരെ വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തുന്ന പ്രഖ്യാപനത്തില്‍ പാപ്പാ ഒപ്പുവെച്ചത്. 2000-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായാണ് ഫ്രാന്‍സിസ്കോയെയും ജാസിന്താ മാര്‍ട്ടോയെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത്.
ദൈവമാതാവിന്റെ ദര്‍ശനം ലഭിച്ച മൂന്നുപേരില്‍ മൂന്നാമത്തെ ആളായിരുന്ന ലൂസിയ സാന്തോസാണ് ഏറ്റവും അധികം നാള്‍ ജീവിച്ചിരുന്നത്. കര്‍മ്മലീത്ത സന്യാസിനിയായിരുന്നു ലൂസിയ 2005-ലാണ് മരണപ്പെട്ടത്. മരണത്തിനു ശേഷം 5 വര്‍ഷം കാത്തിരിക്കണമെന്ന നടപടിക്രമം ഒഴിവാക്കി 2008-ല്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പാ ലൂസിയയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള നാമകരണ നടപടികള്‍ക്ക് തുടക്കം കുറിക്കുകയായിരുന്നു. ലൂസിയായെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിനു വേണ്ടിയുള്ള നാമകരണ നടപടികള്‍ അടുത്തിടെയാണ് ആരംഭിച്ചത്. ഇതിനിടെയാണ് ഫ്രാന്‍സിസ്കോയും ജസിന്താ മാര്‍ത്തോയെയും വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയത്.