News - 2025
ഫാത്തിമ ദര്‍ശനത്തെ ആസ്പദമാക്കി ഹോളിവുഡ് സിനിമ ഒരുങ്ങുന്നു
സ്വന്തം ലേഖകന്‍ 20-05-2017 - Saturday
പാരീസ്: ഫാത്തിമയിൽ ഇടയക്കുട്ടികൾക്ക് പരിശുദ്ധ കന്യകാമറിയത്തിന്റെ ദിവ്യദർശനം ലഭിച്ച സംഭവത്തെ ആസ്പദമാക്കി ഹോളിവുഡ് സിനിമ ഒരുങ്ങുന്നു. ആർക് ലൈറ്റ് ഫിലിംസിന്റെ ബാനറില്‍ യുഎസ് സംവിധായകനും നിര്‍മ്മാതാവുമായ ഗാരി ഹാമിൽട്ടന്റെ തയാറാക്കുന്ന സിനിമയുടെ പേരും ‘ഫാത്തിമ’ എന്ന് തന്നെയാണ്. കാൻ ചലച്ചിത്രമേളയിൽ ഗാരി ഹാമിൽട്ടൻ ആണ് ചലച്ചിത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ പ്രഖ്യാപിച്ചത്.
വിഖ്യാത അമേരിക്കൻ നടൻ ഹാർവി കെയ്റ്റെൽ, ബ്രസീലിയൻ നടി സോണിയ ബ്രാഗ തുടങ്ങിയ പ്രമുഖർ അഭിനയിക്കും. ഇറ്റാലിയൻ സംവിധായകൻ മാർക്കോ പൊന്റെകോർവോയാണ് സിനിമ സംവിധാനം ചെയ്യുന്നത്. നൂറു വർഷം മുമ്പു നടന്ന സംഭവവും അതു നൽകുന്ന സന്ദേശവും ഇതേത്തുടർന്ന് ലോകത്തുണ്ടായ സംഭവവികാസങ്ങളും തനിമ ചോരാതെ തന്നെ ആവിഷ്കരിക്കുമെന്ന് ഗാരി ഹാമിൽട്ടൻ വ്യക്തമാക്കി.
ചലച്ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങൾ ആരംഭിച്ചതായും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്. 1952-ല്‍ ദി മിറാക്കിള്‍ ഓഫ് ഔര്‍ ലേഡി ഓഫ് ഫാത്തിമ എന്ന ചലച്ചിത്രം പുറത്തിറങ്ങിയിരിന്നു. ജോണ്‍ ബ്രാമാണ് ഈ ചലച്ചിത്രം സംവിധാനം ചെയ്തത്.
ഫാത്തിമയിൽ പരിശുദ്ധ കന്യകാ മറിയത്തിന്റെ ദർശനം ലഭിച്ച ജസീന്തയെയും ഫ്രാൻസിസ്കോയെയും കഴിഞ്ഞ ശനിയാഴ്ചയാണ് മാർപാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചത്. ദൈവമാതാവിന്റെ ദര്‍ശനം ലഭിച്ച മൂന്നുപേരില്‍ മൂന്നാമത്തെ ആളായിരുന്ന ലൂസിയയുടെ നാമകരണ നടപടികള്‍ അടുത്തിടെയാണ് ആരംഭിച്ചത്. കര്‍മ്മലീത്ത സന്യാസിനിയായിരുന്നു ലൂസിയ 2005-ലാണ് മരണപ്പെട്ടത്.