News - 2025
ക്രൈസ്തവര്‍ക്ക് നേരെയുള്ള അക്രമങ്ങളെ അപലപിച്ചു ഇസ്രായേല്‍ പ്രസിഡന്റ്
സ്വന്തം ലേഖകന്‍ 20-05-2017 - Saturday
ജെറുസലേം: ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ മനുഷ്യവംശത്തിനും മേല്‍ വീണ കറയാണെന്നു ഇസ്രായേല്‍ പ്രസിഡന്‍റ് റൂവന്‍ റിവ്ലിന്‍. ക്രിസ്ത്യന്‍ സഭാ നേതാക്കളുമായി ജെറുസലേമില്‍ നടത്തിയ കൂടിക്കാഴ്ചക്കിടയിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. മധ്യ-പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളില്‍, പ്രത്യേകിച്ച് സിറിയയിലും ഈജിപ്തിലും ക്രിസ്ത്യാനികള്‍ക്ക് എതിരെ നടക്കുന്ന കൂട്ടക്കൊലകളെ അദ്ദേഹം അപലപിച്ചു.
കൂടികാഴ്ച്ചയ്ക്കിടെ ക്രൈസ്തവ വിശ്വാസികള്‍ക്ക് തങ്ങളുടെ രാജ്യത്തിന്റെ പിന്തുണ അദ്ദേഹം ഉറപ്പ് നല്‍കി. നമ്മള്‍ എല്ലാവരും സിറിയയില്‍ നടന്ന സംഭവങ്ങള്‍ കണ്ടതാണല്ലോ; ഇസ്രായേലി ആശുപത്രികളില്‍ ചികിത്സക്കായി എത്തിയ മുറിവേറ്റവരില്‍ ചിലരെ ഞാന്‍ സന്ദര്‍ശിക്കുകയുണ്ടായി. അവിടേയും, മുഴുവന്‍ രാജ്യത്തുമായി ക്രിസ്ത്യന്‍ സമൂഹത്തിനു നേരെ സംഭവിച്ചുകൊണ്ടിരിക്കുന്നത് - മുഴുവന്‍ മനുഷ്യവംശത്തിനും മേലുള്ള കറയാണ്.
ഇവിടെയുള്ള ഞങ്ങളുടെ ക്രിസ്ത്യന്‍ സഹോദരന്‍മാരോട് ഞാന്‍ പറയുന്നു, ഈ വിഷമാവസ്ഥയില്‍ ഞങ്ങളുടെ ചിന്തകളും പ്രാര്‍ത്ഥനകളും എപ്പോഴും നിങ്ങളോടൊപ്പം ഉണ്ടായിരിക്കും. ഭയത്തോട് കൂടി പ്രാര്‍ത്ഥിക്കുന്നതിന്റെ ബുദ്ധിമുട്ടും, തീവ്രവാദം വഴി ഏറ്റുവാങ്ങേണ്ടി വരുന്ന സഹനങ്ങളെപ്പറ്റിയും മറ്റാരേക്കാളും നന്നായി ഞങ്ങള്‍ക്കറിയാം. ക്രിസ്ത്യാനികളുടെ ആരാധനാസ്വാതന്ത്ര്യത്തെ സംരക്ഷിക്കുവാനും, ക്രിസ്ത്യാനികളുടെ പുണ്യസ്ഥലങ്ങളുടെ സംരക്ഷണത്തിനും ഇസ്രായേല്‍ പ്രതിജ്ഞാബദ്ധമാണെന്ന ഉറപ്പും അദ്ദേഹം നല്‍കുകയുണ്ടായി.
ക്രിസ്ത്യാനികളും യഹൂദരും സഹോദരന്‍മാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റൂവന്‍ റിവ്ലിന്റെ വാക്കുകള്‍ യഹൂദ- ക്രിസ്ത്യന്‍ ബന്ധത്തില്‍ കൂടുതല്‍ ഊഷ്മളത പകരും എന്നാണ് വിലയിരുത്തപ്പെടുന്നത്. ക്രൈസ്തവരോട് കാണിച്ച ഐക്യദാര്‍ഢ്യത്തിനും പിന്തുണക്കും സഭാ നേതാക്കള്‍ പ്രസിഡന്‍റിനോട് നന്ദി രേഖപ്പെടുത്തി.