News - 2025
ഇറാഖിൽ ക്രൈസ്തവ ദേവാലയങ്ങളുടെ പുനരുദ്ധാരണം ആവശ്യപ്പെട്ട് വിശ്വാസികള്‍
സ്വന്തം ലേഖകന്‍ 25-05-2017 - Thursday
ബാഗ്ദാദ്: ഐ.എസ് അധീനതയിലായിരുന്ന നിനവേ പ്രവശ്യയിൽ ക്രൈസ്തവ ദേവാലയങ്ങള്‍ നിലനിന്നിരിന്ന സ്ഥലങ്ങള്‍ പുനരുദ്ധരിക്കണമെന്ന ആവശ്യവുമായി പ്രദേശത്തെ ക്രൈസ്തവര്‍. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ ഭീഷണിയെ തുടർന്ന് 2014 മുതൽ താമസ സ്ഥലങ്ങളും കൃഷിഭൂമിയുപേക്ഷിച്ച് പലായനം ചെയ്തതിന് ശേഷം അടുത്തിടെ മടങ്ങിയെത്തിയ ക്രൈസ്തവരാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. അതേ സമയം നിനവേയിലേ തീവ്രവാദികളുടെ മടങ്ങി വരവിനെക്കുറിച്ച് ക്രൈസ്തവ മതനേതാക്കൾ ആശങ്ക പ്രകടിപ്പിച്ചു യു.എൻ സംഘടനയുടെ സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
പുരാതനമായ നാലാം നൂറ്റാണ്ടിലെ മാർ ബഹനാം ആശ്രമം നേരത്തെ കീഴടക്കിയ ഐഎസ് 2015-ൽ ആശ്രമം ബോംബാക്രമണത്തിനിരയാക്കിയിരിന്നു. ആയിരത്തി അറുനൂറ് വർഷങ്ങൾ പഴക്കമുള്ള മാർ മത്തായി ആശ്രമവും പുനരുദ്ധരിക്കണമെന്ന ആവശ്യം വിശ്വാസികള്‍ക്കിടയില്‍ ഉയരുന്നതായി 'അല്‍- മോണിട്ടര്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. അതേ സമയം ഐ.എസ് ആക്രമണത്തിൽ തകർന്ന ദേവാലയങ്ങളുടേയും ആശ്രമങ്ങളുടേയും പുനരുദ്ധാരണം നടത്താന്‍ ധാരണയായിട്ടുണ്ടെന്നാണ് സൂചന.
മാർ ബഹനാം അശ്രമത്തിന്റെയും മറ്റു ദേവാലയങ്ങളുടേയും ചുമരുകളിലെ അനാവശ്യ എഴുത്തുകൾ മായ്ക്കാനും ക്രൈസ്തവ തടവുകാരെ പാർപ്പിച്ച മുറികളുടെ അറ്റകുറ്റപണികളും വി.കുരിശിന്റെ പുന:സ്ഥാപനവും നടന്നു വരുന്നതായി ഇറാഖ് പാർലമെന്റ് പ്രതിനിധിയും ക്രൈസ്തവ വിശ്വാസിയുമായ യോനാദം ഖന്ന അറിയിച്ചു. ആരാധനാലയങ്ങളുടെ വീണ്ടെടുപ്പിനും തീർത്ഥാടന കേന്ദ്രങ്ങളായി ഉയർത്തുന്നതിനുമായി ഗവൺമെന്റിന്റെ സാമ്പത്തിക സഹായം ഉറപ്പുവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആശ്രമങ്ങളുടെ പ്രവർത്തനങ്ങൾക്ക് സഹായ സന്നദ്ധതയുമായി യുനെസ്കോ പോലെയുള്ള അന്തർദേശീയ സംഘടനകൾ മുന്നോട്ട് വരുന്നുണ്ടെന്നു നിനവേ പുരാവസ്തു വകുപ്പ് ഡയറക്ടർ, ഫാലേഹ് അൽ-ഷമമാരി അറിയിച്ചു. പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി കമ്മിറ്റികൾ രൂപീകരിച്ചുവെന്നും, ക്രൈസ്തവരുടെ മടങ്ങിവരവിനായി അവർക്ക് ആത്മവിശ്വാസം നൽകുകയാണ് ആദ്യപടിയെന്ന് ക്രിസ്ത്യൻ വഖഫ് ഫൗഡേഷൻ ഡയറക്ടർ ഹാനി കാസ്റ്റോ പറഞ്ഞു.