News - 2025
ബിഷപ്പ് ആഞ്ചലോ ഡി ഡൊണാറ്റിസ് റോമിന്റെ പുതിയ വികാരി
സ്വന്തം ലേഖകന്‍ 27-05-2017 - Saturday
വത്തിക്കാന്‍: ഇറ്റലിയിലെ കാസറാനോ സ്വദേശിയും 63കാരനുമായ ബിഷപ്പ് ആഞ്ചലോ ഡി ഡൊണാറ്റിസിനെ റോമിന്റെ പുതിയ വികാരിയായി ഫ്രാന്‍സിസ് പാപ്പാ നിയമിച്ചു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് വത്തിക്കാന്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്. റോം രൂപതയുടെ ഭരണപരവും, പൗരോഹിത്യപരവുമായ കാര്യങ്ങള്‍ ഇനി പുതിയ വികാരിയുടെ ചുമതലയാണ്. ഇതിനോടകം തന്നെ ഫ്രാന്‍സിസ് പാപ്പാ ഇദ്ദേഹത്തെ ആര്‍ച്ച് ബിഷപ്പാക്കി ഉയര്‍ത്തിയിട്ടുണ്ടെന്നും വത്തിക്കാന്‍ അറിയിച്ചു.
റോമിലെ ഔദ്യോഗിക മെത്രാന്‍ പാപ്പാ ആയതിനാല്‍, റോമിലും ചുറ്റുപാടും സേവനം ചെയ്യുന്ന കര്‍ദ്ദിനാള്‍മാര്‍, മെത്രാന്‍മാര്‍, പുരോഹിതര്‍ എന്നിവരുമായി കൂടിയാലോചിച്ചതിന് ശേഷമാണ് കര്‍ദ്ദിനാള്‍ വികാരിയെ തിരഞ്ഞെടുത്തു രൂപതയുടെ ആത്മീയകാര്യങ്ങളുടെ ഉത്തരവാദിത്വം ഏല്‍പ്പിക്കുന്നത്. എല്ലാ രൂപതകള്‍ക്കും ഏറ്റവും ചുരുങ്ങിയത് ഒന്നോ അതില്‍ കൂടുതലോ വികാര്‍ ജനറല്‍മാര്‍ ഉണ്ടായിരിക്കണമെന്നാണ് സഭാ നിയമം അനുശാസിക്കുന്നത്. എന്നാല്‍ പാപ്പായുടെ ജോലിഭാരം നിമിത്തം റോമിലെ വികാറിന് കൂടുതല്‍ ഉത്തരവാദിത്വങ്ങളാണുള്ളത്.
2008-മുതല്‍ കര്‍ദ്ദിനാള്‍ അഗോസ്റ്റിനോ വല്ലിനി വഹിച്ചിരുന്ന പദവിയിലേക്കാണ് ആര്‍ച്ച് ബിഷപ്പ് ആഞ്ചലോ ഡി ഡൊണാറ്റിസ് ഉയര്‍ത്തപ്പെട്ടിരിക്കുന്നത്. 1954-ല്‍ ജനിച്ച ഇദ്ദേഹം റോമന്‍ രൂപതയിലെ വൈദികന്‍, മതാധ്യാപകന്‍, ആത്മീയ നിയന്താവ് എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്. 2015-ല്‍ ഫ്രാന്‍സിസ് പാപ്പാ റോമിലെ ഓക്സിലറി മെത്രാനായി ഇദ്ദേഹത്തെ ഉയര്‍ത്തുകയായിരുന്നു. തത്വശാസ്ത്രം, ദൈവശാസ്ത്രം, ധാര്‍മ്മിക ദൈവശാസ്ത്രം എന്നിവയില്‍ ബിരുദം നേടിയിട്ടുള്ള ആളാണ് റോമിന്റെ പുതിയ വികാരി.
ഫ്രാന്‍സിസ് പാപ്പാ, മാര്‍പാപ്പാ പദവിയിലെത്തിയതിനു ശേഷം അദ്ദേഹത്തിന്റെ ആദ്യത്തെ നോമ്പ്കാല ധ്യാനത്തിന് നേതൃത്വം നല്‍കിയത് ആഞ്ചലോ ഡി ഡൊണാറ്റിസ് ആയിരുന്നു. ജീവിതവും വാക്കുകളും വഴി ദൈവത്തിന്റെ കാരുണ്യം പ്രഘോഷിക്കുക എന്നതാണ് തന്റെ ദൗത്യമെന്ന് സെന്റ് ജോണ്‍ ലാറ്റെറന്‍ ദേവാലയത്തില്‍ സന്നിഹിതരായിരുന്ന പുരോഹിതരോട് പ്രഖ്യാപനത്തിനു ശേഷം ആര്‍ച്ച് ബിഷപ്പ് ഡൊണാറ്റിസ് പറഞ്ഞു.