News - 2025
ചൈനയിലെ ക്രൈസ്തവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ അഭ്യര്‍ത്ഥനയുമായി കര്‍ദിനാള്‍ സെന്‍
സ്വന്തം ലേഖകന്‍ 26-05-2017 - Friday
ബെയ്ജിങ്ങ്: ചൈനയിലെ ക്രൈസ്തവർ നേരിടുന്ന പീഡനങ്ങൾ അനവധിയാണെന്നും രാജ്യത്തെ വിശ്വാസികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും കർദിനാൾ ജോസഫ് സെൻ. സി.എൻ.എയ്ക്കു അനുവദിച്ച അഭിമുഖത്തിലാണ് ഹോങ്കോങ്ങ് എമിരറ്റസ് ബിഷപ്പിന്റെ അഭ്യര്‍ത്ഥന. പരിശുദ്ധ കന്യകാ മാതാവിന്റെ തിരുന്നാൾ ദിനത്തില്‍ തീക്ഷണതയോടെ പ്രാർത്ഥനാനിരതരാവുക എന്നത് നമ്മുടെ കടമയും ദൗത്യവുമാണെന്നും അദ്ദേഹം പറഞ്ഞു.
ക്രൈസ്തവരുടെ സഹായമായ മാതാവിന്റെ തിരുന്നാളിനു മുന്‍പാണ് കർദിനാൾ സെൻ ഇക്കാര്യം സൂചിപ്പിച്ചത്. സഭാ ചരിത്രത്തിൽ ക്രൈസ്തവരുടെ സഹായത്തിനായി പരിശുദ്ധ അമ്മ എന്നും സന്നദ്ധയാണ്. ജപമാല പ്രാർത്ഥനയിലൂടെ പരിശുദ്ധ അമ്മയുടെ ശക്തി നമ്മുക്ക് ലഭിക്കുന്നു. പ്രാർത്ഥനയാണ് മാതാവ് നമ്മോട് ആവശ്യപ്പെടുന്നതെന്ന് ഫാത്തിമായിലെ പ്രത്യക്ഷീകരണത്തിന്റെ ഈ ശതാബ്ദി വേളയിൽ നാം ഓർമ്മിക്കണം. സഭാ സ്വാതന്ത്ര്യം അനുവദിക്കാത്ത സ്ഥലങ്ങളിലെ സഭയെയും ജനങ്ങളെയും പ്രതി പരിശുദ്ധ അമ്മയ്ക്ക് ഉത്കണ്ഠയുണ്ട്.
ചൈനയിലെ സഭയുടെ പ്രവർത്തനങ്ങൾ ദൈവഹിതമനുസരിച്ച് ആയിരിക്കുവാൻ പരിശുദ്ധ അമ്മയുടെ സഹായം തേടാം. വിശ്വാസികളുടെ നിലനില്പിനും സമൂഹത്തിന്റെ ഒത്തൊരുമയ്ക്കും ധീരതയോടെ വിശ്വാസത്തിന് സാക്ഷികളാകാനും പ്രാർത്ഥനയിലും സ്നേഹത്തിലും ആഴപ്പെടാനും കർദിനാൾ സെൻ അഭ്യർത്ഥിച്ചു.
2007 ൽ ബനഡിക്റ്റ് പതിനാറാമൻ പാപ്പ എഴുതിയ കത്തിലൂടെയാണ് ക്രിസ്ത്യാനികളുടെ സഹായമായ മാതാവിന്റെ തിരുനാള്‍ ദിവസത്തില്‍ ( മെയ് 24) ചൈനയിലെ ക്രൈസ്തവര്‍ക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുന്ന ദിനമായി ആചരിക്കുവാന്‍ തുടങ്ങിയത്.