News - 2025

ആത്മീയ അനുഭവമില്ലാത്ത റഷ്യയെക്കുറിച്ച് ചിന്തിക്കുവാന്‍ കഴിയില്ല: പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിന്‍

സ്വന്തം ലേഖകന്‍ 28-05-2017 - Sunday

മോസ്കോ: റഷ്യന്‍ സഭ നല്‍കുന്ന ആത്മീയ അനുഭവമില്ലാത്ത റഷ്യയെക്കുറിച്ച് ചിന്തിക്കുവാന്‍ കഴിയില്ലെന്ന് വ്ലാഡിമിര്‍ പുടിന്‍. ഇക്കഴിഞ്ഞ വെള്ളിയാഴ്ച റഷ്യയിലെ സ്രെന്റന്‍സ്കി ആശ്രമത്തില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന പുതിയ കത്തീഡ്രലിന്റെ സമര്‍പ്പണ ചടങ്ങിനിടക്കുള്ള പ്രസംഗത്തിലാണ് റഷ്യന്‍ പ്രസിഡന്റ് ഇപ്രകാരം പറഞ്ഞത്. പുതിയ ദേവാലയത്തിന്റെ സമര്‍പ്പണ ചടങ്ങിനു ശേഷം നടന്ന വിശുദ്ധ കുര്‍ബാനയിലും അദ്ദേഹം പങ്കെടുത്തു.

അജപാലകപരമായ വാക്കുകളിലൂടെ, തലമുറതലമുറയായി പകര്‍ന്നുവരുന്ന റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ ആത്മീയവും, ചരിത്രപരവുമായ അനുഭവങ്ങള്‍ ഒഴിവാക്കികൊണ്ട് നമ്മുടെ റഷ്യയെക്കുറിച്ച് ചിന്തിക്കുവാന്‍ തന്നെ കഴിയുകയില്ല. പുതിയ ദേവാലയം ആത്മീയതയുടെയും ജ്ഞാനത്തിന്റെയും പ്രവര്‍ത്തനങ്ങളുടെ തിളക്കമുള്ള കേന്ദ്രമായിതീരും. നന്മ, പരസ്പര ബഹുമാനം, സമാധാനം എന്നീ ഗുണങ്ങള്‍ നമ്മുടെ സമൂഹത്തിലേക്ക് പകര്‍ന്നു നല്‍കുവാന്‍ പുതിയ ദേവാലയത്തിനു കഴിയുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു.

റഷ്യയുടെ തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്താണ് പുതിയ കത്തീഡ്രല്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. ക്രിസ്തുവിന്റെ ഉത്ഥാനത്തിനും, റഷ്യയിലെ പുതിയ രക്തസാക്ഷികള്‍ക്കുമായാണ് പുതിയ ദേവാലയം സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. പുതുതായി തുറന്ന ദേവാലയത്തിന് വ്ലാഡിമിര്‍ പുടിന്‍ വിശുദ്ധ സ്നാപക യോഹന്നാന്റെ പതിനെട്ടാം നൂറ്റാണ്ടിലെ ഒരു രൂപം സമ്മാനിച്ചു. പുതിയ ദേവാലയത്തിന്റെ അള്‍ത്താരയില്‍ തന്നെയാണ് രൂപം പ്രതിഷ്ടിച്ചിരിക്കുന്നത്.

മോസ്കോയിലെ നിരവധി ദേവാലയങ്ങളുടെ പുനരുദ്ധാരണത്തിനു രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് മോസ്കോയിലെ മേയറായ സെര്‍ജി സോബ്യാനിന്‍ പറഞ്ഞു. റഷ്യയുടെ ആത്മീയവും, സാംസ്കാരികവുമായ പൈതൃകം തിരികെകൊണ്ട് വരുമെന്ന് അദ്ദേഹം പറഞ്ഞു. പ്രദേശത്തെ ജനങ്ങള്‍ നല്‍കിയ സംഭാവനകള്‍ ഉപയോഗിച്ച് സ്രെന്റന്‍സ്കി ആശ്രമ വളപ്പില്‍ മൂന്ന് വര്‍ഷത്തോളമെടുത്താണ് പുതിയ കത്തീഡ്രല്‍ പണികഴിപ്പിച്ചിരിക്കുന്നത്.

More Archives >>

Page 1 of 180