News - 2025

കുടുംബത്തകര്‍ച്ച കുട്ടികളെ കുറ്റവാളിസംഘങ്ങളില്‍ എത്തിക്കുന്നുവെന്ന് ഇംഗ്ലണ്ടിലെ ക്രിസ്ത്യന്‍ സംഘടന

സ്വന്തം ലേഖകന്‍ 05-07-2017 - Wednesday

ലണ്ടന്‍: ഇംഗ്ലണ്ടിലെ ഏതാണ്ട് 46,000 ത്തോളം യുവാക്കള്‍ കുറ്റവാളി സംഘങ്ങളില്‍ എത്തിയതിന്റെ ഭാഗിക കാരണം കുടുംബബന്ധങ്ങളിലെ തകര്‍ച്ചയാണെന്ന് ക്രിസ്ത്യന്‍ ചാരിറ്റി സംഘടനയായ ‘വേഡ്‌ ഫോര്‍ വെപ്പണ്‍സ്’. കുറ്റകരമായ സാഹചര്യങ്ങളില്‍ ജീവിക്കുന്നവരെ നന്മയുടെ പാതയിലേക്ക് നയിക്കുവാന്‍ പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയാണ് ‘വേഡ്‌ ഫോര്‍ വെപ്പണ്‍സ്’.

ഇംഗ്ലണ്ടില്‍ ഏതാണ്ട് 5 ലക്ഷത്തോളം കുട്ടികള്‍ കുറ്റവാളി സംഘങ്ങളില്‍ എത്തപ്പെടുവാനുള്ള സാധ്യതയുണ്ടെന്നും അവര്‍ക്ക്‌ സര്‍ക്കാരിന്റെ സഹായം ആവശ്യമുണ്ടെന്നുമുള്ള റിപ്പോര്‍ട്ട് ഈ അടുത്തകാലത്ത്‌ ചില്‍ഡ്രന്‍സ് കമ്മീഷണര്‍ പുറത്തുവിട്ടിരുന്നു. ഏതാണ്ട് 1200-ഓളം യുവാക്കള്‍ വിവിധതരത്തിലുള്ള ആധുനിക അടിമത്വത്തിനും, 119,000-ഓളം കുട്ടികള്‍ ഭവനരഹിതരായി തെരുവില്‍ കഴിയുന്നുണ്ടെന്നും ചില്‍ഡ്രന്‍സ് കമ്മീഷണര്‍ പുറത്ത്‌വിട്ട കണക്കില്‍ സൂചിപ്പിക്കുന്നുണ്ട്. ഇവര്‍ ഗാങ്ങ് സംസ്കാരത്തിന്റെ ഭാഗമാകുന്നതിനുള്ള സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കുടുംബത്തകര്‍ച്ചയാണ് ഇതിന്റെ പ്രധാന കാരണമായി വേഡ്‌ ഫോര്‍ വെപ്പണ്‍സിലെ പ്രധാന അംഗമായ മൈക്കേല്‍ സ്മിത്ത്‌ ചൂണ്ടികാണിക്കുന്നത്. തെരുവിലെ കുറ്റവാളി സംഘങ്ങള്‍ തങ്ങള്‍ക്ക്‌ കൂടുതല്‍ സുരക്ഷിതത്വവും സ്നേഹവും, സഹാനുഭൂതിയും, സൌഹൃദവും തരുമെന്ന തെറ്റിദ്ധാരണക്ക് ശിഥിലമായ കുടുംബങ്ങളിലെ കുട്ടികള്‍ അടിമകളാകുകയാണ്.

കഴിഞ്ഞകാലങ്ങളില്‍ കുട്ടികള്‍ക്ക്‌ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ വരുമ്പോള്‍ അവര്‍ അയല്‍ക്കാരേയോ, സുഹൃത്തുക്കളേയോ, തങ്ങളുടെ കുടുംബത്തിലെ മറ്റാരെങ്കിലേയുമോ സഹായത്തിനും, മാര്‍ഗ്ഗനിര്‍ദ്ദേശത്തിനുമായി ആശ്രയിച്ചിരിന്നു. അവര്‍ ഒരു സമൂഹമായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ ശിഥിലമായ കുടുംബങ്ങളിലെ കുട്ടികളുടെ അവസ്ഥ ഇതല്ലെന്ന് മൈക്കേല്‍ സ്മിത്ത്‌ കൂട്ടിച്ചേര്‍ത്തു. മുന്‍ പോലീസ്‌ കോണ്‍സ്റ്റബിളായ മൈക്കേല്‍ സ്മിത്ത്‌ ‘മെംബര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ബ്രിട്ടീഷ്‌ എമ്പൈര്‍’ അവാര്‍ഡ്‌ ജേതാവാണ്.

More Archives >>

Page 1 of 195