News
ടൂറിനിലെ തിരുക്കച്ചയില്‍ കൊടിയ മര്‍ദ്ദനങ്ങളാല്‍ കൊല്ലപ്പെട്ട മനുഷ്യ രക്തം: ശാസ്ത്രീയ പരീക്ഷണങ്ങളില്‍ നിന്നും പുതിയ കണ്ടെത്തല്‍
സ്വന്തം ലേഖകന്‍ 12-07-2017 - Wednesday
പാദുവ: യേശുവിന്റെ മൃതദേഹം പൊതിഞ്ഞിരുന്ന തിരുക്കച്ച എന്ന് കാലാകാലങ്ങളായി വിശ്വസിക്കപ്പെട്ട് വരുന്ന ടൂറിനിലെ തിരുക്കച്ചയില്‍ കൊടിയ മര്‍ദ്ദനങ്ങളാല്‍ കൊല്ലപ്പെട്ട മനുഷ്യ രക്തത്തിന്റെ അംശങ്ങളുണ്ടെന്ന് കണ്ടെത്തി. പാദുവാ യൂണിവേഴ്സിറ്റിയുടെയും സിഎന്‍ആര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മേല്‍നോട്ടത്തില്‍ വിവിധ സ്ഥാപനങ്ങള്‍ നടത്തിയ ശാസ്ത്രീയ പരീക്ഷണത്തിലെ കണ്ടെത്തലുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ഇലക്ട്രോണ്‍ മൈക്രോസ്കോപ്പി രംഗത്തെ പുതിയ സാങ്കേതിക വിദ്യയായ അറ്റോമിക് റെസലൂഷന്‍ ട്രാന്‍സ്മിഷന്‍ ഇലക്ട്രോണ്‍ മൈക്രോസ്കോപ്പി , വൈഡ് ആംഗിള്‍ എക്സ്റെ തുടങ്ങിയവ ഉയോഗിച്ചു നടത്തിയ വിശകലനത്തില്‍, മനുഷ്യശരീരത്തിലെ മാംസപേശികളിൽ കാണപ്പെടുന്ന ക്രിയാറ്റിനിന്‍, അയേണ്‍ സൂക്ഷ്മകണങ്ങളായ ഫെറിട്ടിന്‍ എന്നിവയുടെ അംശങ്ങളാണ് തിരുകച്ചയില്‍ കണ്ടെത്തിയിരിക്കുന്നത്. സാധാരണഗതിയില്‍ കടുത്ത ആഘാതങ്ങള്‍ക്ക് വിധേയമാകുന്ന മനുഷ്യശരീരത്തിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്.
തിരുക്കച്ചയില്‍ പതിഞ്ഞിട്ടുള്ള പ്രതിരൂപത്തിന്റെ കാല്‍പ്പാദത്തിന്റെ ഭാഗത്തു നിന്നുമെടുത്തിട്ടുള്ള തുണിനാരുകളാണ് പരീക്ഷണത്തിനായി ഉപയോഗിച്ചത്. ട്രീസ്റ്റിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫീസിനാ ഡെയി മറ്റീരിയാലി, ബാരിയിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രിസ്റ്റാല്ലോഗ്രാഫി എന്നീ സ്ഥാപനങ്ങളുടേയും പാദുവാ യൂണിവേഴ്സിറ്റി ഇന്‍ഡസ്ട്രിയല്‍ എഞ്ചിനീയറിംഗ് വിഭാഗത്തിന്റേയും സംയുക്ത മേല്‍നോട്ടത്തിലാണ് പരീക്ഷണങ്ങള്‍ നടന്നത്. തങ്ങളുടെ പരീക്ഷണങ്ങളില്‍ നിന്നും കച്ചയുടെ നാരുകളില്‍ ക്രിയാറ്റിനിന്റെ സൂക്ഷ്മ-അംശങ്ങളും, ജൈവ ഫെറിട്ടിന്‍ അംശങ്ങളും അടങ്ങിയിട്ടുണ്ടെന്ന് പരീക്ഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എല്‍വിയോ കാര്‍ലിനോ വ്യക്തമാക്കി.
Must Read: തിരുക്കച്ച വ്യാജമാണന്ന് തെളിയിക്കാൻ ഗവേഷണ സംഘത്തിൽ ചേർന്നു; ഇന്ന്, ക്രിസ്തുവിന്റെ ശരീരം പൊതിഞ്ഞ തിരുക്കച്ച സത്യമാണന്ന് ലോകത്തോട് വിളിച്ചു പറയുന്നു ഈ ശാസ്ത്രജ്ഞൻ
ടൂറിനിലെ കച്ചയുടെ പ്രതിരൂപത്തിലെ സൂക്ഷ്മകണങ്ങളുടെ പ്രത്യേക ഘടന, വലിപ്പം, പതിഞ്ഞിരിക്കുന്ന രീതി എന്നിവ വെച്ച് നോക്കുമ്പോള്‍ അതാരും വരച്ചു ചേര്‍ത്തതല്ല എന്ന് വ്യക്തമാണെന്ന് പാദുവാ യൂണിവേഴ്സിറ്റിയിലെ പ്രൊഫസ്സറായ ജിയൂലിയോ ഫാന്റി പറഞ്ഞു. ഇതിനുമുന്‍പും നടത്തിയിട്ടുള്ള പല പരീക്ഷണങ്ങളിലും തിരുകച്ചയുടെ ആധികാരികത സാധൂകരിക്കപ്പെട്ടിട്ടുണ്ട്.
ലോകമെമ്പാടുമുള്ള ദശലക്ഷകണക്കിന് ക്രിസ്ത്യാനികള്‍ യേശുക്രിസ്തുവിന്റെ കുരിശുമരണത്തിന്റേയും, ഉത്ഥാനത്തിന്റേയും തെളിവായി പരിഗണിച്ചുവരുന്നതാണ് ഇറ്റലിയിലെ ടൂറിനിലെ സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ദേവാലയത്തില്‍ സൂക്ഷിച്ചിരിക്കുന്ന 14.5 അടി നീളവും 3.5 അടി വീതിയുമുള്ള തിരുക്കച്ച.
You May Like: യേശുവിന്റെ കുരിശുമരണം ശാസ്ത്രീയമായി തെളിയിച്ചുകൊണ്ട് പുതിയ പരിശോധനാ ഫലങ്ങളുമായി മൂര്‍സിയ യൂണിവേഴ്സിറ്റി
പുതിയ ശാസ്ത്രീയ പരീക്ഷണ ഫലങ്ങളും, ക്രൂരമായ പീഡനങ്ങള്‍ക്കിരയായ വ്യക്തികളുടെ വൈദ്യശാസ്ത്ര പരിശോധനാഫലങ്ങളും വെച്ച് നടത്തിയ ശാസ്ത്രീയ വിശകലനങ്ങളില്‍ നിന്നും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് പുതിയ കണ്ടെത്തലെന്ന് ഗവേഷണവുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. ‘ന്യൂ ബയോളജിക്കല്‍ എവിഡന്‍സ് ഫ്രം അറ്റോമിക് റെസലൂഷന്‍ സ്റ്റഡീസ് ഓണ്‍ ദി ടൂറിന്‍ ഷ്രൌഡ്’ എന്ന തലക്കെട്ടില്‍ ‘പ്ലോസ്-വണ്‍’ എന്ന അമേരിക്കന്‍ ജേര്‍ണലിലാണ് ഈ പുതിയ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.