News - 2025
മതചിഹ്നങ്ങളും വചനങ്ങളും ദുരുപയോഗം ചെയ്യല്‍: അന്വേഷണത്തിന് നിര്‍ദേശം
സ്വന്തം ലേഖകന്‍ 13-07-2017 - Thursday
തിരുവനന്തപുരം: വിശുദ്ധഗ്രന്ഥങ്ങളിലെ വചനങ്ങളും മതചിഹ്നങ്ങളും ആലേഖനം ചെയ്ത പാദരക്ഷകൾ ഓണ്‍ലൈനായി വിൽക്കുന്നുവെന്ന ആരോപണത്തെ കുറിച്ച് അന്വേഷണം നടത്താൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നടപടിയെടുത്തു. ഇതിന്റെ ഭാഗമായി സൈബർ ക്രൈം സെല്ലിൽ പ്രവർത്തിക്കുന്ന ഉയർന്ന ഉദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷണം നടത്താൻ കമ്മീഷൻ ഡിജിപിക്കു നിർദേശം നൽകി.
"കെയ്ഫ്പ്രസ്’ ഐറ്റമായാണ് പാദരക്ഷകൾ വിൽക്കുന്നതെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു. യുഎസ് ഡോളറിലാണ് വില രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിനുപിന്നിൽ അന്താരാഷ്ട്ര ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന കാര്യവും അന്വേഷിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
പാദരക്ഷകളിൽ ദൈവങ്ങളുടെ ചിത്രങ്ങളും ദൈവസൂക്തങ്ങളും ഉപയോഗിക്കുന്നത് രാജ്യത്തെ സമാധാനവും സാഹോദര്യവും തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് സംശയിക്കുന്നതായി കമ്മീഷൻ നിരീക്ഷിച്ചു. സംഭവം ഗുരുതരമായ മനുഷ്യാവകാശ വിഷയമാണെന്നും ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ബഹുരാഷ്ട്ര കമ്പനിയാണ് വിപണനത്തിനു പിന്നിലെന്ന് ആരോപണമുണ്ട്.