News - 2025
ലക്ഷക്കണക്കിന് അംഗങ്ങളുള്ള ഇരുപതിലധികം കത്തോലിക്കാ പേജുകള്‍ ഫേസ്ബുക്ക് ബ്ളോക്ക് ചെയ്തു
സ്വന്തം ലേഖകന്‍ 19-07-2017 - Wednesday
ഡെന്‍വെര്‍: ഏറ്റവും വലിയ ഓണ്‍ലൈന്‍ സാമൂഹ്യ മാധ്യമശൃഖലയായ ഫേസ്ബുക്ക് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറുകള്‍ക്കുള്ളില്‍ ഇരുപതില്‍പരം കത്തോലിക്കാ പേജുകള്‍ ബ്ലോക്ക് ചെയ്തു. പ്രത്യേകിച്ചു കാരണങ്ങള്‍ ഒന്നും കൂടാതെയാണ് പേജുകള്‍ ബ്ളോക്ക് ചെയ്തതെന്നാണ് വിവരം. അതേ സമയം ഫേസ്ബുക്കിന്റെ ഭാഗത്തുനിന്നും യാതൊരു വിശദീകരണവും ലഭിച്ചിട്ടില്ല. ദശലക്ഷകണക്കിന് പേര്‍ പിന്തുടരുന്ന പേജുകളാണ് ഇവയില്‍ പലതും.
നിലവിലുള്ള റിപ്പോര്ട്ട് പ്രകാരം 25 പേജുകളില്‍ 21 എണ്ണം ബ്രസീലില്‍ നിന്നുള്ളവയാണ്. നാലെണ്ണം ഇംഗ്ലീഷ് ഭാഷയിലുള്ളതാണ്, അമേരിക്കയിലും, ആഫ്രിക്കയിലുമുള്ളവരാണ് ഇവയുടെ അഡ്മിനിസ്ട്രേട്ടര്‍മാര്‍. നൂറു പേര്‍ മുതല്‍ അറുപത് ലക്ഷത്തോളം ആളുകള്‍ പിന്തുടര്‍ച്ചക്കാരുള്ള പേജുകളാണിവ. എന്നാല്‍ പിന്തുടര്‍ച്ചക്കാരുടെ എണ്ണത്തില്‍ കുറവുള്ള കത്തോലിക്കാ പേജുകള്‍ ഇപ്പോഴും ഫേസ്ബുക്കില്‍ സജീവമാണെന്ന വസ്തുതയും നിലനില്‍ക്കുന്നുണ്ട്.
ഫേസ്ബുക്ക് പക്ഷപാതപരമായി തങ്ങളെ സെന്‍സര്‍ ചെയ്യുന്നുണ്ടോ എന്ന സംശയം തങ്ങള്‍ക്കുണ്ടെന്ന് ബ്ലോക്ക് ചെയ്യപ്പെട്ട പേജുകളുടെ അഡ്മിനിസ്ട്രേട്ടര്‍മാരില്‍ ഒരാള്‍ പറഞ്ഞു. 2016-ലും ഇതിനു സമാനമായൊരു വിവാദം ഫേസ്ബുക്കിനു നേരെ ഉയര്‍ന്നിരുന്നു. തങ്ങള്‍ നിഷ്പക്ഷമായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്ന വിശദീകരണമാണ് ഫേസ്ബുക്ക് സിഇഓ മാര്‍ക്ക് സക്കര്‍ബര്‍ഗ് അന്ന്‍ നല്‍കിയത്.