News - 2025
കൊളംബിയയില്‍ കത്തോലിക്കാ വൈദികന്‍ ജന്മദിനത്തില്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍ 31-07-2017 - Monday
അന്റ്യോക്യ, കൊളംബിയ: വടക്ക് പടിഞ്ഞാറന്‍ കൊളംബിയയിലെ കത്തോലിക്കാ വൈദികന്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടു. ഫാദര്‍ ഡിയോമര്‍ എലിവര്‍ ചാവരിയ പെരെസാണ് കൊല്ല ചെയ്യപ്പെട്ടത്. ജൂലൈ 27-ന് ഫാദര്‍ ഡിയോമറിന്റെ 31-മത്തെ ജന്മദിനത്തിലാണ് വൈദികനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സാന്താ റോസാ ഡെ ഒസോസ് രൂപതാദ്ധ്യക്ഷന്‍ ജോര്‍ജെ ആല്‍ബര്‍ട്ടോ ഒസ്സാ സോട്ടോ വാര്‍ത്തയെ സ്ഥിരീകരിച്ചിട്ടുണ്ട്. വൈദികന്റെ ആകസ്മികമായ വേര്‍പ്പാടില്‍ കൊളംബിയന്‍ സഭ ദുഃഖം രേഖപ്പെടുത്തി.
ഫാദര്‍ ഡിയോമര്‍ എലിവര്‍ ചാവരിയ പെരെസിന്റെ വിയോഗത്തില്‍ അഗാധമായ വേദനയുണ്ടെന്നു കൊളംബിയന്‍ മെത്രാന്‍ സമിതിക്കുവേണ്ടി ഒസ്സാ സോട്ടോ മെത്രാന്‍ പ്രസ്താവനയില്‍ പറഞ്ഞു. കൊലപാതകികളുടെ മാനസാന്തരത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും, ജനങ്ങളുടെ ജീവിതത്തിനും, അന്തസ്സിനും മോശം വരുത്തുന്ന രീതിയിലുള്ള എല്ലാതരത്തിലുള്ള അക്രമങ്ങളേയും നിന്ദ്യമാണെന്നും പ്രസ്താവനയിലുണ്ട്.
1986-ല്‍ അന്റ്യോക്യ മുനിസിപ്പാലിറ്റിയിലെ ഗോമെസ് പ്ലാറ്റായിലാണ് ഫാദര്‍ ചാവരിയ പെരെസ് ജനിച്ചത്. രൂപതാ സെമിനാരിയിലെ ദൈവശാസ്ത്ര പഠനത്തിനു ശേഷം 2012 മാര്‍ച്ച് 19-നാണ് അദ്ദേഹം പൗരോഹിത്യപട്ടം സ്വീകരിച്ചത്. വെഗാച്ചി, ഇടുനാന്ഗോ എന്നീ മുനിസിപ്പാലിറ്റികളിലും അദ്ദേഹം സേവനം ചെയ്തു.
പ്യൂയര്‍ട്ടോ വാള്‍ഡിവിയ ഗ്രാമത്തിലെ റൌഡാല്‍, സാന്‍ പെഡ്രോ ഡെ ലോസ് മിലാഗ്രോസ് എന്നീ ഇടവകകളില്‍ സേവനം ചെയ്തുവരികയെയാണ് മരണം. അതേസമയം കൊലപാതകികളെക്കുറിച്ച് ഇതുവരെ യാതൊരു സൂചനയും ലഭിച്ചിട്ടില്ലെന്നും, അന്വേഷണം നടക്കുന്നുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. കത്തോലിക്ക ഭൂരിപക്ഷ രാജ്യമാണ് കൊളംബിയ.