News - 2025
രാജ്യത്തെ ക്രിസ്തുവിനു വേണ്ടി നേടുക: നൈജീരിയന്‍ കർദ്ദിനാൾ ജോൺ ഒനായികൻ
സ്വന്തം ലേഖകന്‍ 02-08-2017 - Wednesday
ഒകോജ: വിശ്വാസ തീക്ഷ്ണതയോടെ രാജ്യത്തെ ക്രിസ്തുവിനായി നേടണമെന്ന ആഹ്വാനവുമായി നൈജീരിയായിലെ അബൂജ ആർച്ച് ബിഷപ്പ് കർദിനാൾ ജോൺ ഒനായികൻ. രാജ്യത്തെ ക്രൈസ്തവ വിശ്വാസികള്‍ക്ക് നല്‍കിയ സന്ദേശത്തിലാണ് കര്‍ദിനാളിന്റെ ആഹ്വാനം. സുവിശേഷവത്ക്കരണ പ്രവർത്തനങ്ങൾ രാജ്യത്തു ഊർജിതപ്പെടുത്തണമെന്നും അങ്ങനെ ജീവിക്കുന്ന ദൈവത്തിന്റെ സുവിശേഷം ലോകത്തിന്റെ അതിർത്തികൾ വരെയും പ്രഘോഷിക്കപ്പെടണമെന്നും അദ്ദേഹം തന്റെ സന്ദേശത്തിൽ പറഞ്ഞു.
യേശുവിനെ പ്രഘോഷിക്കുന്നതിന്റെ ഫലമായി ക്രൈസ്തവ വിശ്വാസത്തിലേക്ക് സ്വമനസ്സാലേ കടന്നു വരുന്നവരെ സ്വീകരിക്കുകയെന്നതാണ് നൈജീരിയന്‍ കത്തോലിക്കരുടെ ദൗത്യം. ദൈവത്തിൽ നിന്നും നമുക്ക് ലഭിച്ചിരിക്കുന്ന കല്പനയാണിത്. നൈജീരിയ സമാധാനപൂർണമായ സുവിശേഷ വേലയിലൂടെ ക്രിസ്തുവിന് സാക്ഷ്യം നല്കുന്ന രാജ്യമാകണം. അഹിംസ, നീതി, സ്വാതന്ത്ര്യം തുടങ്ങിയ മാർഗ്ഗത്തിലൂടെ നാം ഈ ലക്ഷ്യത്തിൽ എത്തിച്ചേരണം. രാജ്യത്തു സമാധാനം നിലനിർത്താനുള്ള ഉത്തരവാദിത്വം ഓരോ പൗരനുമുണ്ടെന്ന് കർദിനാൾ ഒനായികൻ ഓർമ്മിപ്പിച്ചു.
സത്യം, നീതി, സ്നേഹം എന്നിവയിലൂന്നിയ ജീവിത മാതൃകയാണ് ക്രൈസ്തവർ സമൂഹത്തിന് നല്കേണ്ടത്. സുവിശേഷവത്ക്കരണം ഒരിക്കലും സംഖ്യകളിൽ അധിഷ്ഠിതമല്ല. നിങ്ങൾ എത്ര പേരെ നേടി എന്നല്ല, മറിച്ച് നിങ്ങൾ എത്ര പേരുടെ മുൻപിൽ സുവിശേഷത്തിന് സാക്ഷ്യം വഹിച്ചു എന്ന ചോദ്യമാണ് പ്രസക്തം. ജനസംഖ്യയിലെ ക്രൈസ്തവ സാന്നിദ്ധ്യം വർദ്ധിപ്പിക്കുക എന്നതിനേക്കാൾ തങ്ങളെ തന്നെ രൂപാന്തരപ്പെടുത്തുന്നതിനായി വ്യക്തികൾ തങ്ങളെത്തന്നെ ദൈവത്തിനു വിട്ടു കൊടുക്കണമെന്നും കർദിനാൾ ഒനായികൻ ആഹ്വാനം ചെയ്തു.
വളർച്ചയുടെ പാതയില്‍ മുന്നേറുന്ന നൈജീരിയയിലെ സഭയില്‍ ഇരുപത്തിനാല് മില്യണ്‍ കത്തോലിക്ക വിശ്വാസികളാണുള്ളത്. സഭയിലേക്ക് പുതിയതായി കടന്നു വരുന്നവരുടേയും സന്യസ്തരുടേയും എണ്ണത്തിൽ വർദ്ധനവുണ്ടെന്നതും ശ്രദ്ധേയമാണ്. 2009 മുതൽ ഐഎസ് അനുകൂല ബോക്കോഹറാം തീവ്രവാദികൾ രാജ്യത്തെ ആയിരക്കണക്കിന് ക്രൈസ്തവരെ വധിച്ചിരിന്നു. ആയിരകണക്കിന് ക്രൈസ്തവരാണ് ഇക്കാലയളവില്‍ രാജ്യത്തു നിന്ന്‍ പലായനം ചെയ്തത്.