News - 2025
ഫാത്തിമ സന്ദേശം ഒരു നൂറ്റാണ്ടിന് ശേഷം ഇന്നും പ്രസക്തം: യുഎന്നിലെ വത്തിക്കാന്‍ നിരീക്ഷകന്‍
സ്വന്തം ലേഖകന്‍ 09-09-2017 - Saturday
ന്യൂയോര്‍ക്ക്: രക്തച്ചൊരിച്ചിലിന്‍റെ ആക്രോശമുയര്‍ന്ന മഹായുദ്ധകാലത്ത് ലഭിച്ച ഫാത്തിമ സന്ദേശം ഒരു നൂറ്റാണ്ടിന് ശേഷം ഇന്നും പ്രസക്തമാണെന്ന് ഐക്യരാഷ്ട്രസഭയിലെ വത്തിക്കാന്‍റെ സ്ഥിരം നിരീക്ഷകനായ ആര്‍ച്ചുബിഷപ്പ് ബെര്‍ണര്‍ദീത്തോ ഔസ്സ. 'സമാധാന സംസ്ക്കാരം' എന്ന വിഷയത്തെ ആധാരമാക്കി ന്യൂയോര്‍ക്കില്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ ഉന്നതതലഫോറത്തില്‍, സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോര്‍ച്ചുഗലിലെ ഫാത്തിമയിലുണ്ടായ, പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണത്തിന്‍റെ ശതാബ്ദി ആചരിക്കുന്ന ഈവേള, പരിശുദ്ധ സിംഹാസനത്തെ സംബന്ധിച്ചിടത്തോളം, കുട്ടികളും സമാധാനത്തിന്‍റെ സംസ്ക്കാരവും എന്ന വിഷയത്തെക്കുറിച്ചു സംസാരിക്കുന്നതിന് ഏറ്റവും ഉചിതമായ സമയമാണ്. രക്തച്ചൊരിച്ചിലിന്‍റെ ആക്രോശമുയര്‍ന്ന മഹായുദ്ധകാലത്ത്, ഫാത്തിമ സന്ദേശം സമാധാനത്തിനുവേണ്ടിയുള്ള ഒന്നായിരുന്നു. ആ സന്ദേശം ഭരമേല്‍പ്പിച്ചതു കുട്ടികളെയായിരുന്നു. ഈ സന്ദേശം ഒരു നൂറ്റാണ്ടിനു ശേഷവും പ്രസക്തമാണ്.
ക്ഷമയുടെയും അനുരഞ്ജനത്തിന്‍റെയും ഒരു സംസ്ക്കാരം പുഷ്ടിപ്പെടുത്തുക വഴി സമാധാനസംസ്ക്കാരത്തിന് അടിത്തറയേകാന്‍ കഴിയും. പഴയ മുറിവുകളില്‍ നിന്ന് ഇന്നും നാളെയും വീണ്ടും രക്തമൊലിക്കാതിരിക്കാനുള്ള ഒരു തെരഞ്ഞെടുപ്പു നടത്തുന്നതിനുള്ള ധൈര്യം നമുക്കാവശ്യമാണ്. നിരായുധീകരണത്തിനായുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നത് പരമപ്രധാനമാണ്. ഐക്യരാഷ്ട്രസംഘടന ഒരു ഭരണകാര്യസംഘടന എന്നതിനെക്കാള്‍ ഒരു ലോകരാഷ്ട്രങ്ങളുടെ കുടുംബമെന്ന നിലയിലുള്ള ഒരു ധാര്‍മികകേന്ദ്രമായി മാറണം എന്ന ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ വാക്കുകള്‍ അനുസ്മരിപ്പിച്ചുകൊണ്ടാണ് ആര്‍ച്ചുബിഷപ്പ് തന്‍റെ പ്രഭാഷണം അവസാനിപ്പിച്ചത്.