News - 2025
കര്‍ദ്ദിനാള്‍ വെലാസിയോ ദി പാവോലിസ് അന്തരിച്ചു
സ്വന്തം ലേഖകന്‍ 10-09-2017 - Sunday
വത്തിക്കാന്‍: കാനന്‍ നിയമ പണ്ഡിതനും വത്തിക്കാന്‍ സാമ്പത്തികകാര്യ വിഭാഗത്തിന്റെ മുന്‍തലവനുമായിരിന്ന കര്‍ദ്ദിനാള്‍ വെലാസിയോ ദി പാവോലിസ് ദിവംഗതനായി. 82 ാം ജന്മദിനത്തിന് പത്തു ദിവസങ്ങള്‍ ബാക്കി നില്‍ക്കേ ശനിയാഴ്ച റോമിലായായിരിന്നു മരണം. മൃതസംസ്ക്കാരത്തെ പറ്റിയുള്ള വിവരങ്ങള്‍ ഇതുവരെ പ്രസിദ്ധപ്പെടുത്തിയിട്ടില്ല. 200 ല്‍ അധികം പുസ്തകങ്ങളുടെ രചയിതാവാണ് കര്‍ദ്ദിനാള്‍ വെലാസിയോ. വത്തിക്കാന്‍ നാമകരണ തിരുസംഘത്തിലെ അംഗമായും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്.
1935-ല്‍ ഇറ്റലിയിലാണ് വെലാസിയോ ദി പാവോലിസ് ജനിച്ചത്. റോമില്‍ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം ലാ സപിയേന്‍സ യൂണിവേഴ്സിറ്റിയില്‍ നിന്നു നിയമത്തില്‍ ബിരുദം നേടി. തുടര്‍ന്നു പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നു തിയോളജിയില്‍ ലൈസെന്‍ഷ്യേറ്റും വിശുദ്ധ തോമസ് അക്വീനാസ് യൂണിവേഴ്സിറ്റിയില്‍ നിന്നും കാനന്‍ നിയമത്തില്‍ ഡോക്ടററ്റും കരസ്ഥമാക്കി. 2003-ല്‍ സിഗ്നറൂര സുപ്രീം ടൈബ്യൂണലിന്റെ സെക്രട്ടറിയായി നിയമിക്കപ്പെട്ടു.
2004- ഫെബ്രുവരി 21നു വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയാണ് തെലെപ്പെട്ട രൂപതയുടെ അധ്യക്ഷനായി അദ്ദേഹത്തെ നിയമിച്ചത്. 2008 ഏപ്രിലില്‍ വത്തിക്കാന്‍ സാമ്പത്തികകാര്യ വിഭാഗത്തിന്റെ ഉത്തരവാദിത്വം എമിരിറ്റസ് ബനഡിക്റ്റ് പാപ്പ അദ്ദേഹത്തെ ഏല്‍പ്പിച്ചു. 2010-ല്‍ ആണ് അദ്ദേഹം കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നത്. 2011-ല്‍ വത്തിക്കാന്‍ നാമകരണ തിരുസംഘത്തിലെ അംഗമായി നിയമിക്കപ്പെട്ടു. 2015-ല്‍ എണ്‍പതു വയസ്സായപ്പോഴാണ് അദ്ദേഹം ഈ പദവിയില്‍ നിന്നു വിരമിച്ചത്.