News - 2025
വിവാഹത്തേയും, കുടുംബത്തേയും കുറിച്ചുള്ള പഠനങ്ങള്‍ക്കായി പുതിയ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്
സ്വന്തം ലേഖകന്‍ 20-09-2017 - Wednesday
വത്തിക്കാന്‍ സിറ്റി: വിവാഹത്തേയും, കുടുംബത്തേയും കുറിച്ചുള്ള പഠനങ്ങള്‍ക്കായി ഫ്രാന്‍സിസ് പാപ്പ പുതിയ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ‘മോട്ടുപ്രൊപ്രിയോ’യിലൂടെയാണ് പാപ്പ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പൊന്തിഫിക്കല്‍ ലാറ്ററന്‍ യൂണിവേഴ്സിറ്റിയുടെ ഭാഗമായിട്ടായിരിക്കും പുതിയ ഇന്‍സ്റ്റിറ്റ്യൂട്ടും പ്രവര്‍ത്തിക്കുക.
1980-ലെ മെത്രാന്‍മാരുടെ സിനഡിന്റെ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി 1981-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ സ്ഥാപിച്ച ‘ജോണ്‍ പോള്‍ II പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മാര്യേജ് ആന്‍ഡ് ഫാമിലി സയന്‍സസ്’ എന്ന പഴയ ഇന്‍സ്റ്റിറ്റ്യൂട്ടിനു പകരമായിരിക്കും പുതിയ ഇന്‍സ്റ്റിറ്റ്യൂട്ട്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ സ്ഥാപിച്ച ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ യഥാര്‍ത്ഥ ലക്ഷ്യത്തെ സംരക്ഷിക്കുകയും നിലനിര്‍ത്തുകയുമാണ് തന്റെ ഉദ്ദേശമെന്ന് ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു.
കുടുംബങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യുവാന്‍ 2014-15 വര്‍ഷങ്ങളില്‍ വിളിച്ചുകൂട്ടിയ സിനഡിനെ തുടര്‍ന്ന്‍ ഫ്രാന്‍സിസ് പാപ്പാ പുറത്തിറക്കിയ പ്രബോധന രേഖയായ ‘അമോരിസ് ലെത്തീസ്യ’യില്‍ പറഞ്ഞിരിസൂചിപ്പിക്കുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിലയിരുത്തപ്പെടുന്നത്. വിവാഹത്തേയും, കുടുംബത്തേയും കുറിച്ചുള്ള സഭാ പ്രബോധനങ്ങള്‍ വിശ്വാസികളിലേക്കെത്തിക്കുക എന്നതായിരിക്കും പുതിയ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ലക്ഷ്യമെന്ന്‍ വത്തിക്കാന്‍ വ്യക്തമാക്കി.
കുടുംബത്തേക്കുറിച്ചുള്ള അടുത്തകാലത്ത് നടന്ന സിനഡുകള്‍ വഴി, ക്രൈസ്തവ സമൂഹം ഉണര്‍ന്നുപ്രവര്‍ത്തിക്കേണ്ടതായ ചില അജപാലകപരമായ വെല്ലുവിളികളെക്കുറിച്ചുള്ള അവബോധം ലഭിച്ചുവെന്ന് ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു. കുടുംബ ജീവിതത്തിലെ നിഴലിനേയും വെളിച്ചത്തേയും കുറിച്ചുള്ള ഒരന്വോഷണമായിരിക്കും പുതിയ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടെന്ന്‍ വത്തിക്കാന്‍ വ്യക്തമാക്കി. വിവാഹത്തേയും, കുടുംബത്തേയും കുറിച്ചുള്ള പഠനത്തില്‍ ഡിപ്ലോമ, ലൈസന്‍സ് അല്ലെങ്കില്‍ ഡോക്ടറേറ്റ് എന്നിവയും പുതിയ ഇന്‍സ്റ്റിറ്റ്യൂട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്.