News - 2025
ഇസ്ളാമിക തീവ്രവാദികള്‍ തകര്‍ത്ത സിറിയൻ ദേവാലയം പുന:പ്രതിഷ്ഠിച്ചു
സ്വന്തം ലേഖകന്‍ 22-09-2017 - Friday
ഡമാസ്ക്കസ്: സിറിയന്‍ നഗരമായ മാലോലയില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികളാൽ ആക്രമിക്കപ്പെട്ട വിശുദ്ധ തെക്കലയുടെ നാമധേയത്തിലുള്ള ദേവാലയം പുനര്‍നിര്‍മ്മാണം നടത്തി പ്രതിഷ്ഠിച്ചു. മലോലയിലെ വിശ്വാസികൾ ഗവൺമെന്റ് സഹായത്തോടെയാണ് ദേവാലയം വീണ്ടും പടുത്തുയർത്തിയത്. പ്രദേശത്ത് തുടരുന്ന വിശ്വാസികളുടെ എണ്ണം കുറവാണെങ്കിലും ആയിരങ്ങള്‍ സ്വദേശത്തേക്ക് മടങ്ങിവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വടക്ക് കിഴക്കന്‍ ഡമാസ്ക്കസില്‍ നിന്ന്‍ 65 കിലോമീറ്റര്‍ മാറി സമുദ്രനിരപ്പില്‍ നിന്ന്‍ 1600 മീറ്റര്‍ ഉയരത്തിലാണ് ദേവാലയം സ്ഥിതിചെയ്യുന്നത്.
സിറിയയിലെ പ്രസിദ്ധമായ ഈ ആശ്രമ ദേവാലയം സന്ദര്‍ശിക്കുവാന്‍ ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള തീര്‍ത്ഥാടകര്‍ ഇവിടെ എത്തുമായിരിന്നു. പിന്നീട് ഐഎസ്, അല്‍നൂസ്ര തീവ്രവാദികള്‍ ദേവാലയം ആക്രമിച്ച് പിടിച്ചെടുക്കുകയായിരിന്നു. കൈയ്യേറ്റത്തിന് ശേഷം ദേവാലയം നശിപ്പിച്ച ഇസ്ളാമിക തീവ്രവാദികള്‍ വിലയേറിയ വസ്തുക്കള്‍ എല്ലാം സ്വന്തമാക്കിയിരിന്നു. പുരാതന കൈയെഴുത്തുപ്രതികളും വിശുദ്ധ കുരിശും ദേവാലയലങ്കാരങ്ങളും നഷ്ടപ്പെട്ടവയിൽ ഉൾപ്പെട്ടിരിന്നു. ഇതിനിടെ പ്രദേശവാസികളായ ക്രൈസ്തവര്‍ പലായനം ചെയ്തിരിന്നു.
നീണ്ട പോരാട്ടത്തിന് ഒടുവില്‍ സിറിയന്‍ സൈനികരുടെ നേതൃത്വത്തില്‍ ദേവാലയം പിടിച്ചെടുക്കുകയായിരിന്നു. പിന്നീട് പ്രദേശവാസികള്‍ മുന്‍ഗണന എടുത്തു ദേവാലയം പുനര്‍നിര്‍മ്മിക്കുകയായിരിന്നു. ഐ.എസ് ആക്രമണങ്ങളെ തുടർന്ന് നഷ്ടമായ മതസൗഹാർദം വീണ്ടെടുക്കുകയാണ് അടുത്ത ലക്ഷ്യമെന്ന് സിറിയൻ വൈദികൻ ഫാ. മറ്റാനിയോസ് ഹദാദ് അഭിപ്രായപ്പെട്ടു. സമാധാനം പുനഃസ്ഥാപിക്കുന്നതോടെ തീർത്ഥാടകർ വിശുദ്ധ സ്ഥലങ്ങൾ സന്ദർശിക്കാന്‍ മടങ്ങിവരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പങ്കുവെച്ചു.