News - 2025

എത്യോപ്യന്‍ സഭയും മലങ്കര ഓര്‍ത്തഡോക്‌സ് സഭയും തമ്മിലുളള ബന്ധം മെച്ചപ്പെടുത്താന്‍ ധാരണ

സ്വന്തം ലേഖകന്‍ 27-09-2017 - Wednesday

ആഡീസ് അബാബ: എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് സഭയും മലങ്കര ഓര്‍ത്തഡോക്‌സ് സഭയും തമ്മിലുളള ബന്ധം മെച്ചപ്പെടുത്താനും സംയുക്ത സംരംഭങ്ങള്‍ ആരംഭിക്കാനും ഉഭയകക്ഷി ഉടമ്പടിയില്‍ ഒപ്പ് വെക്കുവാന്‍ ധാരണ. സ്ലീബാ പെരുന്നാളിനു മുഖ്യ അതിഥിയായി എത്തിയ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാക്ക് ആഡീസ് അബാബയിലെ ഹോളി ട്രിനിറ്റി കത്തീഡ്രലില്‍ ഒരുക്കിയ സ്വീകരണ സമ്മേളനത്തിലെ ആമുഖപ്രസംഗത്തിലാണ് ഇത്യോപ്യന്‍ പാത്രിയര്‍ക്കീസ് ആബൂനാ മത്ഥിയാസ് ഇക്കാര്യം വ്യക്തമാക്കിയത്. ഇരുസഭകളിലെയും സുന്നഹദോസുകള്‍ ചര്‍ച്ച ചെയ്ത് അംഗീകരിച്ചതാണ് ഉടമ്പടി.

ഇന്നലെ കാതോലിക്കാ ബാവായും എത്യോപ്യന്‍ പാത്രിയര്‍ക്കീസും ഫെഡറല്‍ ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് എത്യോപ്യയുടെ പ്രസിഡന്റ് മുലാതു തെഷോമേയുമായി കൂടിക്കാഴ്ച്ച നടത്തി. മലങ്കര ഓര്‍ത്തഡോക്‌സ് സഭയും എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുമായുളള ബന്ധം മെച്ചപ്പെടുത്തുന്നതിനായി എല്ലാ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു. കൂടിക്കാഴ്ച്ചയ്ക്കുശേഷം ഇരുവരും പാത്രിയര്‍ക്കേറ്റ് അരമനയിലേക്കു മടങ്ങി.

നേരത്തെ ആഡീസ് അബാബ വിമാനത്താവളത്തില്‍ സുന്നഹദോസ് സെക്രട്ടറി ആര്‍ച്ച് ബിഷപ് ആബൂന സേവേറിയോസിന്റെയും സഭാ ഭാരവാഹികളുടെയും നേതൃത്വത്തിലുളള സംഘമാണു കാതോലിക്കാ ബാവായെയും സംഘത്തെയും സ്വീകരിച്ചത്. ചര്‍ച്ച് ഡവലപ്പ്‌മെന്റ് കമ്മീഷന്‍ ചെയര്‍മാന്‍ ആബൂനാ സാമുവേല്‍, സൗത്ത് ഒമോ ഭദ്രാസന മെത്രാപ്പോലീത്ത ആബൂന ഫിലിപ്പോസ് തുടങ്ങിയവരും ഇരുപതില്‍പരം ആര്‍ച്ച് ബിഷപ്പുമാരും സ്വീകരണചടങ്ങില്‍ പങ്കെടുത്തു.

More Archives >>

Page 1 of 227