News - 2025

ലോകരക്ഷയ്ക്കായി പോളണ്ടില്‍ പത്തുലക്ഷത്തോളം വിശ്വാസികള്‍ പങ്കെടുക്കുന്ന ജപമാലയത്നം

സ്വന്തം ലേഖകന്‍ 27-09-2017 - Wednesday

വാര്‍സോ: പോളണ്ടിന്റെ രണ്ടായിരം മൈലുകളോളമുള്ള സമുദ്ര-കര അതിര്‍ത്തിയില്‍ കൂട്ട ജപമാല യജ്ഞത്തിനായി രാജ്യം ഒരുങ്ങുന്നു. ‘പാപത്തില്‍ നിന്നും ലോകത്തെ രക്ഷിക്കുക’ എന്ന നിയോഗത്തിന് വേണ്ടി ഒക്ടോബര്‍ 7ന് പോളണ്ടിന്റെ അതിര്‍ത്തിയിലെ നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളില്‍ ഒരു മണിക്കൂര്‍ കൂട്ടജപമാലയ്ക്കാണ് പദ്ധതിയിട്ടിരിക്കുന്നത്. വാഴ്സോ കേന്ദ്രമായുള്ള പോളണ്ടിലെ മെത്രാന്‍ സമിതിയാണ് ഇതുസംബന്ധിച്ച തീരുമാനം പുറത്തുവിട്ടത്. ഏതാണ്ട് പത്തുലക്ഷത്തോളം കത്തോലിക്കര്‍ ജപമാലയത്നത്തില്‍ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്.

1571-ലെ ലെപാന്റോ നാവിക യുദ്ധത്തില്‍ ഇസ്ലാമിക സൈന്യത്തില്‍ നിന്നും ക്രിസ്ത്യാനികള്‍ രക്ഷപ്പെട്ടതിന്റെ വാര്‍ഷികാനുസ്മരണവും, ഫാത്തിമായില്‍ പരിശുദ്ധ കന്യകാമാതാവിന്റെ പ്രത്യക്ഷീകരണങ്ങളുടെ നൂറാംവാര്‍ഷികാഘോഷങ്ങളുടെ സമാപനത്തിന്റെ ഭാഗമായിട്ടുകൂടിയാണ് ജപമാല യത്നം ക്രമീകരിച്ചിരിക്കുന്നത്. പ്രായമായവരും പുരോഹിതരും സന്യാസികള്‍ ഉള്‍പ്പെടെ രാജ്യത്തെ മുഴുവന്‍ വിശ്വാസികളുടെയും സഹകരണം പോളണ്ടിലെ മെത്രാന്‍ സമിതി അഭ്യര്‍ത്ഥിച്ചു.

22 രൂപതകളില്‍ നിന്നുമായി 319-ഓളം ദേവാലയങ്ങളായിരിക്കും ജപമാല യത്നം നടത്തുക. മാതാവിന്റെ അമലോത്ഭവ ഹൃദയത്തിനു നേര്‍ക്ക് നടത്തിയ എല്ലാ നിന്ദകള്‍ക്കും ക്ഷമ യാചിക്കുവാനും, പോളണ്ടിനേയും ലോകത്തേയും രക്ഷിക്കുവാന്‍ മാതാവിന്റെ മാധ്യസ്ഥം യാചിക്കുവാനുമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന്‍ മെത്രാന്‍ സമിതിയുടെ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ജപമാലയത്നത്തിനായി അതിര്‍ത്തികളില്‍ എത്തുവാന്‍ കഴിയാത്ത കുടുംബങ്ങള്‍ക്ക് തങ്ങളുടെ ഭവനങ്ങളിലും, രോഗികള്‍ക്ക് ആശുപത്രികളിലും, ഇടവക സമൂഹങ്ങള്‍ക്ക് തങ്ങളുടെ ദേവാലയത്തിലുമായി ജപമാലയില്‍ പങ്കെടുക്കാമെന്ന് മെത്രാന്‍ സമിതി അറിയിച്ചിട്ടുണ്ട്. ജര്‍മ്മനി, ഉക്രൈന്‍, റഷ്യ ഉള്‍പ്പെടെയുള്ള 8 രാജ്യങ്ങളുമായാണ് പോളണ്ട് അതിര്‍ത്തി പങ്കിടുന്നത്.

More Archives >>

Page 1 of 227