News - 2025
പശ്ചിമേഷ്യന്‍ ക്രൈസ്തവരുടെ 2000 വര്‍ഷത്തെ ചരിത്രം വെളിപ്പെടുത്തുന്ന എക്സിബിഷന് തുടക്കം
സ്വന്തം ലേഖകന്‍ 27-09-2017 - Wednesday
പാരീസ്: പശ്ചിമേഷ്യയിലെ ക്രൈസ്തവ സമൂഹങ്ങളുടെ 2000 വര്‍ഷത്തെ ചരിത്രം വെളിപ്പെടുത്തുന്ന പ്രദര്‍ശനത്തിന് ഇക്കഴിഞ്ഞ തിങ്കളാഴ്ച പാരീസില്‍ തുടക്കമായി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണും, ലെബനോന്‍ പ്രസിഡന്റായ മിക്കേല്‍ അവോനും ചേര്‍ന്നാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവ സമൂഹങ്ങള്‍ കഴിഞ്ഞ രണ്ടായിരം വര്‍ഷങ്ങള്‍ക്കിടയില്‍ നേരിട്ട കഷ്ടതകളുടേയും, ഭീഷണികളുടേയും നേര്‍ക്കാഴ്ചയായിരിക്കും എക്സിബിഷന്‍. പശ്ചിമേഷ്യയിലെ കോപ്റ്റിക്, കത്തോലിക്ക, മാരോണൈറ്റ്, സിറിയന്‍, ഓര്‍ത്തഡോക്സ് തുടങ്ങിയ ക്രിസ്ത്യന്‍ സമൂഹങ്ങളുടെ ചരിത്രത്തേയും സംസ്കാരത്തേയും പ്രതിനിധീകരിക്കുന്നതായിരിക്കും ഈ പ്രദര്‍ശനം.
പാശ്ചാത്യ മ്യൂസിയങ്ങളില്‍ നിന്നുമുള്ള പ്രദര്‍ശന വസ്തുക്കളും, പശ്ചിമേഷ്യയില്‍ നിന്നും കൊണ്ടുവന്നിട്ടുള്ള വസ്തുക്കളും പ്രദര്‍ശനത്തിലുണ്ടായിരിക്കും. ഇവയില്‍ പലതും ഇതിനുമുന്‍പ് യൂറോപ്പില്‍ പ്രദര്‍ശിപ്പിച്ചിട്ടില്ല. പ്രദര്‍ശനം ചരിത്രത്തിലെ നാഴികകല്ലായിരിക്കുമെന്നാണ് പരിപാടിയുടെ സംഘാടകരായ അറബ് വേള്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് (IMA) അവകാശപ്പെടുന്നത്. പാരീസ് ആസ്ഥാനമായ ക്രിസ്ത്യന്‍ ചാരിറ്റി സംഘടനയായ ഐ 'ഓയൂറെ ഡി' ഓറിയന്‍റിന്റെ സഹകരണത്തോടെയാണ് ഐഎംഎ ഈ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.
ഈജിപ്ത്, ജോര്‍ദ്ദാന്‍, ഇറാഖ്, ലെബനോന്‍, സിറിയ, ഇസ്രായേല്‍, പലസ്തീന്‍ തുടങ്ങിയ രാജ്യങ്ങളിലെ ക്രൈസ്തവരുടെ സംസ്കാര വൈവിധ്യം, പൈതൃകം, നീണ്ട ചരിത്രം എന്നിവ ഇന്നത്തെ പശ്ചിമേഷ്യയെ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഈ വസ്തുത ഒരിക്കല്‍ കൂടി വെളിപ്പെടുത്തുന്നതായിരിക്കും എക്സിബിഷനെന്നു സംഘാടകര്‍ പറഞ്ഞു.
പുരാതന കയ്യെഴുത്ത് പ്രതികള്‍, ചുമര്‍ചിത്രങ്ങള്‍, ആരാധനാ വസ്തുക്കള്‍, ശവക്കല്ലറകള്‍, ചുണ്ണാമ്പു കല്ലുകളില്‍ കൊത്തിയിട്ടുള്ള സുവിശേഷ വാക്യങ്ങള്‍ തുടങ്ങിയവയാണ് പ്രദര്‍ശനത്തിന്റെ മുഖ്യ ആകര്‍ഷണം. കന്യകാമറിയത്തിന്റേയും ഉണ്ണിയേശുവിന്റേയും പതിമൂന്നാം നൂറ്റാണ്ടിലെ ലെബനന്‍ ചുമര്‍ചിത്രം, വിരളമായ സിറിയക്ക് ഓര്‍ത്തഡോക്സ് കയ്യെഴുത്ത് പ്രതികള്‍ തുടങ്ങിയവ യൂറോപ്പില്‍ ആദ്യമായിട്ടാണ് പ്രദര്‍ശിപ്പിക്കുന്നതെന്നതും ഈ എക്സിബിഷന്റെ ഒരു സവിശേഷതയാണ്.
ആദ്യകാല ദേവാലയങ്ങളുടെ സ്ഥാപനം, ഇസ്ളാമിക ആക്രമണം, കത്തോലിക്കാ പ്രൊട്ടസ്റ്റന്റ് മിഷനുകളുടെ ആവിര്‍ഭാവം, അറേബ്യന്‍ നവോത്ഥാനത്തിന് ക്രിസ്ത്യാനികള്‍ നല്‍കിയ സംഭാവന, ഇരുപത്- ഇരുപത്തിയൊന്ന് നൂറ്റാണ്ടുകളിലെ രാഷ്ട്രീയ സാംസ്കാരിക പുരോഗതിയുടെ സ്വാധീനം തുടങ്ങിയവയിലേക്ക് വെളിച്ചം വീശുന്നതായിരിക്കും പ്രദര്‍ശനം. പശ്ചിമേഷ്യയിലെ ക്രിസ്ത്യാനികള്‍ക്ക് വേണ്ടിയുള്ള ഇത്ര വലിയ ഒരു എക്സിബിഷന്‍ ഇതിന് മുന്‍പ് ഉണ്ടായിട്ടില്ലെന്നാണ് ഐഎംഎയുടെ പ്രസിഡന്റും മുന്‍ ഫ്രഞ്ച് സാംസ്കാരിക മന്ത്രിയുമായ ജാക്ക് ലാങ്ങ് പറയുന്നത്. അടുത്ത വര്‍ഷം ജനുവരി 14 വരെ പ്രദര്‍ശനം തുടരും.