News - 2025

ദശാബ്ദങ്ങള്‍ക്ക് ശേഷം സിറിയന്‍ പാര്‍ലമെന്റിനെ നിയന്ത്രിക്കുവാന്‍ ക്രൈസ്തവ വിശ്വാസി

സ്വന്തം ലേഖകന്‍ 29-09-2017 - Friday

ഡമാസ്ക്കസ്: മുസ്ലീം ഭൂരിപക്ഷ രാജ്യമായ സിറിയയില്‍ ദശാബ്ദങ്ങള്‍ക്ക് ശേഷം പാര്‍ലമെന്റിലെ സ്പീക്കറായി ക്രൈസ്തവ വിശ്വാസി തിരഞ്ഞെടുക്കപ്പെട്ടു. സിറിയന്‍ ഓര്‍ത്തഡോക്സ് സഭാംഗവും 58കാരനുമായ ഹമ്മൂദേ സാബ്ബായാണ് സിറിയന്‍ പാര്‍ലമെന്റിന്റെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത്. സെപ്റ്റംബര്‍ 28 വ്യാഴാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ 252-ല്‍ 193 വോട്ട് നേടിയാണ്‌ സാബ്ബാ തന്റെ വിജയം ഉറപ്പിച്ചത്. നിയമ ബിരുദധാരിയായ ഇദ്ദേഹം വടക്ക്-കിഴക്കന്‍ സിറിയയിലെ ഹസാക്കേ പ്രവിശ്യ സ്വദേശിയാണ്. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസ്സദിന്റെ ബാത്ത് പാര്‍ട്ടിയിലെ അംഗം കൂടിയാണ് ഹമ്മൂദേ സാബ്ബാ.

ദശാബ്ദങ്ങള്‍ക്ക് ശേഷമാണ് സിറിയന്‍ പാര്‍ലമെന്റിന്റെ നിയന്ത്രണം ഒരു ക്രിസ്ത്യാനിയുടെ കൈകളില്‍ എത്തുന്നത്. ഫാരെസ് അല്‍ ഖൂരിയായിരുന്നു ഇതിനു മുന്‍പ് സിറിയന്‍ പാര്‍ലമെന്റിലെ സ്പീക്കറായിട്ടുള്ള ക്രിസ്ത്യാനി. 1920-1940 കാലഘട്ടത്തില്‍ ആണ് അദ്ദേഹം സേവനം ചെയ്തത്. പുതിയ തിരഞ്ഞെടുപ്പ് ഫലത്തോടെ ഏറെ പ്രതീക്ഷയോടെയാണ് സിറിയയിലെ ക്രൈസ്തവ സമൂഹം കാണുന്നത്. 2011-ല്‍ സിറിയന്‍ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം ക്രിസ്ത്യാനികളുടെ എണ്ണം പകുതിയായി കുറഞ്ഞെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ ചൂണ്ടികാണിക്കുന്നത്.

ആഭ്യന്തര യുദ്ധം ആരംഭിക്കുന്നതിന് മുന്‍പ് സിറിയയിലെ ക്രൈസ്തവ ജനസംഖ്യ 5 ശതമാനമായിരുന്നു. സിറിയന്‍ ഭരണകൂടം തങ്ങള്‍ മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും രാജ്യത്തെ ക്രൈസ്തവ വിശ്വാസികള്‍ തുടര്‍ച്ചയായി ഇസ്ളാമിക തീവ്രവാദികളുടെ ആക്രമണങ്ങള്‍ക്കിരയാകുന്നുണ്ട്. ഇതിനോടകം തന്നെ ഐ‌എസ് തീവ്രവാദികള്‍ നിരവധി ക്രിസ്ത്യാനികളെ തട്ടിക്കൊണ്ടുപോവുകയും, ദേവാലയങ്ങള്‍ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

More Archives >>

Page 1 of 228