News - 2025

‘ദേവാലയങ്ങളില്‍ പ്രാര്‍ത്ഥിക്കുന്നത് കണ്ടാല്‍ കൊന്നുകളയും’: തീവ്രവാദികളുടെ ഭീഷണിയുടെ നിഴലില്‍ മാലിയിലെ ക്രൈസ്തവര്‍

സ്വന്തം ലേഖകന്‍ 09-10-2017 - Monday

ബമാകോ: പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ മാലിയിലെ ക്രൈസ്തവ വിശ്വാസികള്‍ക്കെതിരെ കടുത്ത ഭീഷണിയുമായി ഇസ്ലാമിക തീവ്രവാദികള്‍. ദേവാലയങ്ങളില്‍ ക്രിസ്ത്യാനികളെ കണ്ടാല്‍ കൊന്നുകളയുമെന്നാണ് ഇസ്ളാമിക തീവ്രവാദികള്‍ ക്രൈസ്തവര്‍ക്ക് നേരെ ഭീഷണി മുഴക്കിയിരിക്കുന്നത്. മാലിയന്‍ ബിഷപ്സ് കോണ്‍ഫറന്‍സിന്റെ സെക്രട്ടറി ജനറലായ മോണ്‍സിഞ്ഞോര്‍ എഡ്മണ്ട് ഡെമ്പേലെയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്.

കഴിഞ്ഞ സെപ്റ്റംബര്‍ മാസാവസാനം തലസ്ഥാനമായ ബമാകോക്കിന്റെ വടക്കുഭാഗത്തുള്ള ഡോബാരായിലെ ദേവാലയം ആക്രമണത്തിനിരയായിരുന്നു. അവിടെ ഉണ്ടായിരുന്ന കുരിശുരൂപങ്ങള്‍ എറിഞ്ഞു കളഞ്ഞ ഇസ്ലാമികവാദികള്‍ പരിശുദ്ധ കന്യകാമാതാവിന്റെ രൂപവും തകര്‍ത്തിരിന്നു. ഇതിനുപുറമേ സെപ്റ്റംബര്‍ അവസാനവാരം ബോഡ്വാളിനടുത്തുള്ള കത്തോലിക്കാ ദേവാലയം ആയുധധാരികള്‍ ആക്രമിച്ച് ദേവാലയത്തിനകത്തുണ്ടായിരുന്ന വിശ്വാസികളെ ഭയപ്പെടുത്തി തുരുത്തിയോടിച്ചിരിന്നു. ദേവാലയത്തില്‍ കണ്ടാല്‍ കൊന്നുകളയുമെന്നാണ് അവര്‍ ഭീഷണി മുഴക്കിയത്.

ദേവാലയങ്ങളും കപ്പേളകളും തീവ്രവാദികളുടെ ലക്ഷ്യകേന്ദ്രങ്ങളായിരിക്കുകയാണ്. അതേസമയം ഏത് തീവ്രവാദി സംഘടനയാണ് ഈ ആക്രമണങ്ങളുടേയും, ഭീഷണിയുടെ പിറകില്ലെന്നും എന്താണ് അവരുടെ ലക്ഷ്യമെന്നും ഇതുവരെ മനസ്സിലായിട്ടില്ലെന്നും മോണ്‍സിഞ്ഞോര്‍ ഡെമ്പേലെ പറഞ്ഞു. മുന്‍കാലങ്ങളില്‍ ആക്രമണം രൂക്ഷമായപ്പോള്‍ സര്‍ക്കാര്‍ ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ സുരക്ഷാ സൈനികരെ ഏര്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു. എന്നാല്‍ പുതിയ ആക്രമണങ്ങളുടേയും ഭീഷണിയുടേയും പശ്ചാത്തലത്തില്‍ ഇതുവരെ യാതൊരുവിധ സുരക്ഷാ നടപടികളും സര്‍ക്കാറിന്റെ ഭാഗത്ത്‌ നിന്നുമുണ്ടായിട്ടില്ല.

2015-ല്‍ പ്രസിഡന്റ് ഇബ്രാഹിം ബൌബാക്കാറിന്റെ നേതൃത്വത്തിലുള്ള മാലി സര്‍ക്കാര്‍, റിബല്‍ പോരാളികളുമായി ഉണ്ടാക്കിയ സമാധാന കരാര്‍ പ്രാബല്യത്തില്‍ വരുത്തുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഈ പുതിയ സംഭവ വികാസങ്ങള്‍. ഈ സമാധാന കരാറനുസരിച്ച് തീവ്രവാദികള്‍ മാലി സര്‍ക്കാര്‍ സൈന്യത്തിന്റെ ഭാഗമായി തീരേണ്ടതാണ്. പുതിയ ഭീഷണികളുടെ പശ്ചാത്തലത്തില്‍ ആശങ്കാകുലരായ ഇടവക ജനങ്ങള്‍ സര്‍ക്കാറും, യുഎന്‍ സൈന്യവും സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഓരോദിവസവും തള്ളിനീക്കുന്നത്.

More Archives >>

Page 1 of 232