News - 2025
ഭാരതസഭയുടെ ഐക്യത്തെ പ്രകീര്‍ത്തിച്ച് ഫ്രാന്‍സിസ് പാപ്പ
സ്വന്തം ലേഖകന്‍ 11-10-2017 - Wednesday
വത്തിക്കാന്‍ സിറ്റി: ക്രിസ്തു ശിഷ്യനായ വിശുദ്ധ തോമാശ്ലീഹായാല്‍ സ്ഥാപിതമായ ഇന്ത്യയിലെ സഭയ്ക്ക് വിശ്വാസാനുഷ്ഠാനങ്ങള്‍ക്ക് വ്യത്യസ്ത റീത്തുകള്‍ ലഭിച്ചിരിക്കുന്നു എന്നതുതന്നെ അതിന്റെ ശക്തിയും മനോഹാരിതയുമാണെന്നു ഫ്രാന്‍സിസ് പാപ്പ. നാനാത്വത്തില്‍ ഏകത്വമെന്ന പൗരസ്ത്യ സഭയുടെ അടിസ്ഥാന ലക്ഷണം പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും വിശ്വാസ തീക്ഷ്ണതയുടെയും പിന്തുടര്‍ച്ചയായി പാലിക്കപ്പെട്ടു പോകുന്നതിനുള്ള ഉത്തരവാദിത്വത്തെ ഓര്‍മിപ്പിച്ചുകൊണ്ട് ഇന്ത്യയിലെ കത്തോലിക്കാ സഭാമേലധ്യക്ഷന്മാരെ അഭിസംബോധനചെയ്തുകൊണ്ടാണ് മാര്‍പാപ്പയുടെ സന്ദേശം.
വ്യത്യസ്ഥ സംസ്ക്കാരങ്ങളുടെ കൂടിച്ചേരലുള്ള കത്തോലിക്ക സഭയുടെ മനോഹാരിത ലോകത്തിനു മുന്നില്‍ തുറന്നുകാട്ടേണ്ടത് ആവശ്യമാണ്. ക്രിസ്തു ശിഷ്യനായ വിശുദ്ധ തോമാശ്ലീഹായാല്‍ സ്ഥാപിതമായ ഇന്ത്യയിലെ സഭയ്ക്ക് വിശ്വാസാനുഷ്ഠാനങ്ങള്‍ക്ക് വ്യത്യസ്ത റീത്തുകള്‍ ലഭിച്ചിരിക്കുന്നു എന്നതുതന്നെ അതിന്റെ ശക്തിയും മനോഹാരിതയുമാണ്. പരസ്പരപൂരകമായി നിലകൊണ്ട് സഹായഹസ്തം പ്രദാനംചെയ്ത് വളരുന്ന വിശ്വാസി സമൂഹങ്ങളെ ഈ ശൈലിയില്‍ കൂടുതല്‍ ആഴത്തില്‍ സേവിക്കേണ്ടിയിരിക്കുന്നു.
പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്ന ദൈവീക ത്രീത്വരഹസ്യംപോലെ വ്യത്യസ്ത സംസ്‌കാരവും പിന്തുടര്‍ച്ചയും രീതികളും സ്വന്തമായിരിക്കുമ്പോള്‍ത്തന്നെ സഭാവിശ്വാസത്തിലും പ്രേഷിതത്വത്തിലും ഉരുത്തിരിയുന്ന ഐക്യമാണ് വളര്‍ച്ചയുടെയും സഹവര്‍ത്തിത്വത്തിന്റെയും ലക്ഷണം. ഈ സൗഹാര്‍ദാന്തരീക്ഷം കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിക്കുന്ന ഭാരതീയ സഭാ മേലധ്യക്ഷന്മാര്‍ വിശ്വാസികളുടെ ആത്മീയാവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ പ്രതിജ്ഞാബദ്ധരും നിസ്വാര്‍ഥ സേവകരുമായി കൂടുതല്‍ കര്‍മനിരതരായിത്തീരുവാന്‍ ദൈവാനുഗ്രഹം നേര്‍ന്നുകൊണ്ടാണ് പാപ്പ തന്റെ സന്ദേശം ഉപസംഹരിച്ചത്.
ദീര്‍ഘകാലത്തെ കാത്തിരിപ്പിനും പ്രാര്‍ത്ഥനകള്‍ക്കും ശേഷമാണ്, ഇന്നലെ സീറോ മലബാര്‍ സഭയ്ക്കു രണ്ടു പുതിയ രൂപതകള്‍ അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് ഫ്രാന്‍സിസ് പാപ്പ പുറപ്പെടുവിച്ചത്. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭയായി ഉയര്‍ത്തപ്പെട്ടതിന്റെ രജത ജൂബിലിയുടെയും, വത്തിക്കാനില്‍ പൗരസ്ത്യ തിരുസംഘം സ്ഥാപിതമായതിന്റെ ശതാബ്ദിയുടെയും മുഹൂര്‍ത്തത്തിലാണു പ്രഖ്യാപനം. പുതിയ പ്രഖ്യാപനത്തോടെ ഇന്ത്യയൊട്ടാകെ സീറോ മലബാര്‍ സഭയ്ക്കും മേജര്‍ ആര്‍ച്ച് ബിഷപ്പിനും ശുശ്രൂഷകള്‍ നല്‍കാന്‍ സാധിക്കും.