News - 2025
വത്തിക്കാനിലെ ഇന്ത്യന്‍ സ്ഥാനപതിയായി സിബി ജോര്‍ജ്ജ്
സ്വന്തം ലേഖകന്‍ 22-10-2017 - Sunday
ന്യൂഡൽഹി: സ്വിറ്റ്സർലൻഡിലെ ഇന്ത്യൻ സ്ഥാനപതിയായി നിയമിക്കപ്പെട്ട സിബി ജോര്‍ജ്ജ് വൈകാതെ വത്തിക്കാനിലേക്കുള്ള സ്ഥാനപതിയാകും. കോട്ടയം പാലാ സ്വദേശിയാണ് അദ്ദേഹം. ഇന്ത്യയുടെ സ്വിറ്റ്സർലൻഡിലെ സ്ഥാനപതി തന്നെ വത്തിക്കാനിലെ സ്ഥാനപതിയും ആകുന്നതാണു കീഴ്‌വഴക്കം. രണ്ടും സ്വതന്ത്ര ചുമതലകൾ തന്നെയാണ്. ഒരു വിദേശരാജ്യം ഇറ്റലിയിലേക്കും വത്തിക്കാനിലേക്കും ഒരേ വ്യക്തിയെ ഒരേസമയം അംബാസഡറായി നിയമിക്കരുതെന്നാണു ചട്ടം. ഇത് 1929ലെ ഇറ്റലി – വത്തിക്കാൻ കരാറിന്റെ ഭാഗമാണ്.
രാഷ്ട്രം എന്ന നിലയിൽ വത്തിക്കാന്റെ വ്യതിരിക്തത നിലനിർത്താൻ വേണ്ടിയാണിത്. എൺപതിലേറെ രാജ്യങ്ങൾക്കു വത്തിക്കാനിലേക്കു മാത്രമായി സ്ഥാനപതി ഉണ്ട്. ഇവയുടെയെല്ലാം എംബസികൾ പ്രവർത്തിക്കുന്നത് ഇറ്റലി തലസ്ഥാനമായ റോമിൽ തന്നെയാണ്. ഇതേസമയം, വത്തിക്കാനു മാത്രമായി അംബാസഡറെ നിയോഗിക്കാത്ത രാജ്യങ്ങൾ ഇറ്റലി ഒഴികെയുള്ള ഒരു യൂറോപ്യൻ രാജ്യത്തേക്കുള്ള അംബാസഡറെ വത്തിക്കാനിലേക്കും നിയോഗിക്കുകയാണു ചെയ്യുക.
ഇന്ത്യയുൾപ്പെടെ എട്ടു രാജ്യങ്ങൾ സ്വിറ്റ്സർലൻഡിലെ സ്ഥാനപതിയെയാണ് വത്തിക്കാനിലേക്കു കൂടി നിയോഗിക്കുന്നത്. പുതിയ ദൗത്യം ലഭിച്ച സിബി ജോര്‍ജ്ജ് 1993 ബാച്ചില്‍ ഐഎഫ്‌എസ് നേടിയതാണ്. ഈജിപ്ത്, ഖത്തർ, പാക്കിസ്ഥാൻ, യുഎസ്, ഇറാൻ, സൗദി എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു. സൗദിയിലും ഇറാനിലും ഡപ്യൂട്ടി ചീഫ് ഓഫ് മിഷൻ ആയിരുന്നു. പാലാ പൊടിമറ്റത്തിൽ കുടുംബാംഗമാണ്. ഐഎഫ്എസിലെ മികവിനുള്ള എസ്.കെ.സിങ് പുരസ്കാരം അദ്ദേഹം നേടിയിട്ടുണ്ട്.