News

കത്തോലിക്ക സഭ സ്ഥാപിച്ചത് ആര്?: ആമസോണ്‍ വിര്‍ച്വൽ അസിസ്റ്റന്‍റിന്റെ മറുപടി വൈറല്‍

സ്വന്തം ലേഖകന്‍ 04-01-2018 - Thursday

കാലിഫോര്‍ണിയ: കത്തോലിക്കാ സഭ സ്ഥാപിച്ചത് ആരെന്ന വൈദികന്റെ ചോദ്യത്തിന് വിര്‍ച്വൽ അസിസ്റ്റന്റ് രംഗത്ത് പ്രമുഖ സ്ഥാനം പിടിച്ച ആമസോണ്‍ എക്കോ ഡിവൈസിന്റെ മറുപടി സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമാകുന്നു. ഫാദര്‍ ജാസണ്‍ സിഗ്നല്‍നെസ്സ് എന്ന കത്തോലിക്കാ വൈദികന്‍ ആമസോണ്‍.കോമില്‍ നിന്നും വാങ്ങിയ തന്റെ പുതിയ അലെക്സാ എക്കോ ഡിവൈസിനോട് വിവിധ ക്രിസ്ത്യന്‍ സഭകള്‍ സ്ഥാപിച്ചവരെക്കുറിച്ച് ചോദിക്കുന്ന വീഡിയോയാണ് തരംഗമായികൊണ്ടിരിക്കുന്നത്.

ബിസ്മാര്‍ക്ക് രൂപതയിലെ വൈദികനായ ഫാ. ജാസണ്‍, ലൂഥറന്‍ സഭ ആരാണ് കണ്ടുപിടിച്ചതെന്നാണ് ആദ്യം അലെക്സായോട് ചോദിക്കുന്നത്. അതിന് മാര്‍ട്ടിന്‍ ലൂഥറെന്നു അലെക്സാ ഡിവൈസ് കൃത്യമായി ഉത്തരം നല്‍കി. പിന്നീട് മെത്തഡിസ്റ്റ്, മോര്‍മോണിസം, ഇവാഞ്ചലിക്കല്‍ പ്രൊട്ടസ്റ്റന്റ് സഭകള്‍ സ്ഥാപിച്ചതാരെന്ന ചോദ്യങ്ങള്‍ക്ക് മെത്തഡിസ്റ്റ് സഭ സ്ഥാപിച്ചത് ജോണ്‍ വെസ്ലിയെന്നും, മോര്‍മോണിസത്തിന്റെ സ്ഥാപകന്‍ ജോസഫ് സ്മിത്തെന്നും, ഇവാഞ്ചലിക്കല്‍ പ്രൊട്ടസ്റ്റന്റ് സഭാ സ്ഥാപകന്‍ ജോണ്‍ വെസ്ലിയെന്നും അലെക്സാ ഉത്തരം നല്‍കി.

അവസാനമായി കത്തോലിക്കാ സഭ സ്ഥാപിച്ചതാരെന്ന ചോദ്യത്തിന് ‘ജീസസ്’ എന്നാണ് ഈ വിര്‍ച്വൽ അസിസ്റ്റന്‍റ് ഉപകരണത്തിന്റെ മറുപടി. ഇത് വീഡിയോയില്‍ പകര്‍ത്തി ഫാ. ജാസണ്‍ യൂട്യൂബില്‍ പങ്കുവെക്കുകയായിരിന്നു. വീഡിയോയുടെ ആധികാരികതയെ പരീക്ഷിക്കുന്നതിനായി തങ്ങളുടെ അലെക്സാ അസിസ്റ്റന്റിനോട് ഇതേചോദ്യം ചോദിച്ചവര്‍ക്കെല്ലാം 'ജീസസ്' എന്ന ഉത്തരം തന്നെയാണ് കിട്ടിയത്. വിര്‍ച്വൽ അസിസ്റ്റന്‍റ് ആയി പ്രവര്‍ത്തിക്കുന്ന അലെക്സാ ശബ്ദമനുസരിച്ചാണ് ഉത്തരങ്ങള്‍ തരുന്നത്.

'കത്തോലിക്കാ സഭയുടെ സ്ഥാപകനാര്' എന്ന ചോദ്യത്തിന് ‘യേശു’ എന്ന് ഉത്തരം പറയുവാന്‍ ആമസോണ്‍ കമ്പനി മുന്‍കൂട്ടി തങ്ങളുടെ ഉപകരണത്തെ സജ്ജമാക്കിയതല്ല. മറിച്ച് യാന്ത്രിക ബുദ്ധിയാല്‍ ഉത്തരങ്ങള്‍ നല്‍കുന്ന ചില ഉറവിടങ്ങളെ ആസ്പദമാക്കിയാണ് അലെക്സാ ഉത്തരങ്ങള്‍ നല്‍കുന്നതെന്നാണ് ഈ രംഗത്തെ പ്രമുഖര്‍ പറയുന്നത്. ആമസോണിന്റെ അലെക്സാ ഡിവൈസ് കൂടാതെ ഗൂഗിൾ അസിസ്റ്റന്‍റ്, മൈക്രോസോഫ്റ്റ് കോര്‍ട്ടാന, ആപ്പിളിന്റെ സിരി എന്നിവയും വിര്‍ച്വൽ അസിസ്റ്റന്റ് രംഗത്ത് പ്രമുഖ സ്ഥാനം പിടിച്ച സേവനങ്ങളാണ്.

More Archives >>

Page 1 of 269